കോട്ടയം നഗരസഭ: തൊഴിൽ നികുതിയിനത്തിൽ പിരിക്കാനുള്ളത് ലക്ഷങ്ങൾ
text_fieldsകോട്ടയം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന നഗരസഭ കിട്ടാനുള്ള തുക പിരിച്ചെടുക്കുന്നില്ല. 2021-22 സാമ്പത്തിക വർഷത്തിൽ തൊഴിൽനികുതി ഇനത്തിൽ ജനറൽ സോണിൽ എട്ടു വാർഡുകളുടെ മാത്രം സ്ഥാപന തൊഴിൽനികുതി കുടിശ്ശിക വൻതുകയാണ് -8,20,980 രൂപ. കുമാരനല്ലൂർ മേഖലയിൽ 1,96,240 രൂപയും നാട്ടകം സോണിൽ 98,620 രൂപയും തിരുവാതുക്കൽ മേഖല ഓഫിസിന് കീഴിൽ 58,920 രൂപയും കുടിശ്ശികയാണ്.
നാട്ടകം മേഖലാ കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിൽനിന്ന് തൊഴിൽനികുതി ഈടാക്കിയിട്ടില്ല. 297 പേരിൽനിന്നായി 3,30,400 രൂപയാണ് ഈടാക്കാനുള്ളത്. മറ്റു 13 സ്ഥാപനങ്ങൾ ഉദ്യോഗസ്ഥരുടെ തൊഴിൽനികുതി അടക്കാനുമുണ്ട്. നഗരസഭ പരിധിയിൽ സ്ഥാപിച്ച മൊബൈൽ ടവറുകളുടെ വസ്തു നികുതി കൃത്യമായി പിരിച്ചെടുക്കുന്നില്ല.
22 കമ്പനികളിൽനിന്നായി 33 ലക്ഷം രൂപയാണ് പിരിച്ചെടുക്കാനുള്ളത്. 2021-22 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇതു സംബന്ധിച്ച് വിശദീകരണം ചോദിച്ച് ഓഡിറ്റ് വിഭാഗം കുറിപ്പ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ തൊഴിൽനികുതി ഈടാക്കുന്നതിൽ അലംഭാവം കാണിക്കുന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭക്ക് ആശാസ്യമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
വാട്ടർചാർജ് ഇനത്തിലും വൻനഷ്ടം
മുനിസിപ്പൽ ക്വാർട്ടേഴ്സുകളിലെ 11 വാട്ടർകണക്ഷനുകളിലെ 2002 മുതലുള്ള കുടിശ്ശിക 1,10,864 രൂപ അടച്ചത് നഗരസഭയാണ്. ക്വാർട്ടേഴ്സുകൾ ഉപയോഗിച്ചിരുന്ന ജീവനക്കാർ അടക്കേണ്ടിയിരുന്ന തുകയാണിത്. ഇവരെ കണ്ടെത്തി നോട്ടീസ് നൽകി തുക ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് റവന്യൂ ഓഫിസർക്ക് 2021 ആഗസ്റ്റിൽ സെക്രട്ടറി ഉത്തരവ് നൽകിയെങ്കിലും ഈടാക്കിയിട്ടില്ല.
ജീവനക്കാരിൽനിന്ന് തുക ഈടാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ഓഡിറ്റ് അന്വേഷണത്തിനു ലഭിച്ച മറുപടി. വാട്ടർ ചാർജ് ഇനത്തിൽ നഗരസഭ 1,17,518 രൂപ അതോറിറ്റിയിൽ അടച്ചു. എന്നാലിത് കൗൺസിൽ റദ്ദാക്കാൻ തീരുമാനിച്ച കണക്ഷനുകളുടെയാണെന്ന് ഓഡിറ്റിൽ കണ്ടെത്തി. ഇത് ക്രമാനുസൃതമല്ലാത്തതിനാൽ തുക ഓഡിറ്റിൽ തടസ്സപ്പെടുത്തി. മതിയായ വിശദീകരണം ലഭിച്ചില്ലെങ്കിൽ ചെലവുതുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.