തട്ടിപ്പിൽ നഗരസഭക്ക് വൻവീഴ്ച; ഓഡിറ്റിങ്ങിലും കണ്ടുപിടിക്കാൻ കഴിയാത്തതിൽ ദുരൂഹത
text_fieldsകോട്ടയം: കോട്ടയം നഗരസഭയുടെ പെൻഷൻ വിതരണത്തിൽ തിരിമറി നടത്തി മൂന്നുകോടിയിലധികം രൂപ ജീവനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന സംശയത്തില്‍ പൊലീസ്. ജൂനിയർ ക്ലർക്കായി 44 മാസം മാത്രം ജോലി ചെയ്തയാള്‍ക്ക് തനിയെ ഇത്രയും തുക മാറ്റാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. മൂന്നു കോടി തട്ടിയെടുത്തെന്ന് കാട്ടി ക്ലര്‍ക്കായിരുന്ന കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസിനെതിരെ നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഇയാളുടെ ഭാര്യ വിദേശത്തായതിനാൽ അേങ്ങാട്ട് കടക്കാൻ സാധ്യതയുള്ളതിനാൽ പാസ്പോർട്ട് മരവിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
നഗരസഭയുടെ സ്വന്തം ഫണ്ടില്‍നിന്ന് മൂന്നുകോടിയോളം നഷ്ടപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അറിയാത്തതാണ് സംശയങ്ങൾക്ക് ഇടയാകുന്നുണ്ട്. വലിയ തുകയുടെ കുറവ് സംഭവിച്ചിട്ടും അക്കൗണ്ട്സ് വിഭാഗത്തിന് സംശയം തോന്നിയില്ലേയെന്ന ചോദ്യവും ബാക്കി. പലതവണയായി അഞ്ചു ലക്ഷം വരെയുള്ള തുകയാണ് വകമാറ്റിയത്. ഓഡിറ്റിലും ഇത് കണ്ടുപിടിക്കപ്പെടാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ ഫയലുകൾ ഓഡിറ്റ് വിഭാഗത്തിന് കൈമാറാതെ ഒളിപ്പിച്ചതാകാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പ് വരെ ഇത്രയും വലിയ തുകയുടെ തട്ടിപ്പ് എങ്ങനെ തുടരാൻ കഴിയുമെന്ന ചോദ്യങ്ങളും ശക്തമാണ്. നഗരസഭയിൽ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് തട്ടിപ്പ്. 2020 മാര്‍ച്ചില്‍ കോട്ടയത്തെത്തിയ അഖില്‍ കഴിഞ്ഞ നവംബര്‍വരെ കോട്ടയം നഗരസഭയിലുണ്ടായിരുന്നു. പിന്നീട് വൈക്കത്തേക്ക് മാറിയ അഖില്‍, ജൂനിയറായ ഉദ്യോഗസ്ഥരെ സഹായിക്കാനെന്ന പേരിലെത്തിയും തട്ടിപ്പ് നടത്തി. ഇത്തരത്തിൽ പുറത്തുനിന്നെത്തി ലക്ഷങ്ങൾക്ക് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടും സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടില്ല.
കണ്ടെത്തിയ മൂന്നുകോടിയെക്കാൾ കൂടുതൽ തുക നഷ്ടമായെന്നും ചൂണ്ടിക്കാട്ടിക്കപ്പെടുന്നു. പെൻഷൻ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അഖിൽ സി. വർഗീസിന്റെ മേശയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 21 ഡിമാൻഡ് ഡ്രാഫ്റ്റുകൾ കണ്ടെത്തി. കരാറുകാർ ബോണ്ടായി നൽകിയിരുന്ന തുകയാണിത്. ഇങ്ങനെ ലഭിച്ച തുക ഇയാൾ സ്വന്തം നിലയിൽ മാറിയെടുത്തോയെന്നാണ് സംശയം. നഗരസഭ അക്കൗണ്ട്സ് വിഭാഗവും വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, മേലുദ്യോഗസ്ഥരോ ഭരണസമിതിയോ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്ന ആരോപണവുമായി പ്രതിപക്ഷപവും ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്. വിഷയം പുറത്തുവന്നതിനു പിന്നാലെ ഭരണകക്ഷിയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്. ചെയർപേഴ്സനെതിരെ തിരിച്ചുവിടാനുള്ള നീക്കവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.