കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ്; കേസ് വിജിലൻസിന് കൈമാറണമെന്ന് അന്വേഷണ സംഘം
text_fieldsകോട്ടയം: നഗരസഭയിൽനിന്ന് കോടികൾ തട്ടിയ പ്രതി കാണാമറയത്ത് തുടരുന്നതിനിടെ, കേസ് വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് ഡി.ജി.പിക്ക് കത്ത് നൽകി. സർക്കാർ ജീവനക്കാർ പ്രതിയായ കേസുകളുടെ
അന്വേഷണ ചുമതല വിജിലൻസിലാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് അഴിമതി നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ, വിജിലൻസിന് കേസ് കൈമാറി ഇതുവരെ ഡി.ജി.പി ഉത്തരവിറക്കിയിട്ടില്ല.
അതിനിടെ, പ്രതി രാജ്യം വിടുന്നത് തടയാൻ എല്ലാ വിമാനത്താവനങ്ങളിലും ക്രൈംബ്രാഞ്ച് മുന്നറിയിപ്പ് നോട്ടീസ് നൽകി. പാസ്പോർട്ട് മരവിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ തിരിമറി നടത്തി 2.50 കോടിയോളം രൂപയാണ് ക്ലർക്കായിരുന്ന അഖിൽ സി. വർഗീസ് തട്ടിയെടുത്തത്. സംഭവം പുറത്തുവന്ന് ഒന്നരമാസമായിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതി മൊബൈൽ ഫോണോ എ.ടി.എം കാർഡുകളോ ഉപയോഗിക്കാത്തതിൽ സൂചനകളൊന്നും ലഭിക്കുന്നില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. നേരത്തേ തമിഴ്നാട്ടിൽ ഇയാൾ എത്തിയതായി സൂചന ലഭിച്ചതിനെതുടർന്ന് അന്വേഷണസംഘം മൂന്നുദിവസം അവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിദേശത്തുള്ള ഭാര്യയുമായി ഫോണിൽ ബന്ധപ്പെടാനുള്ള സാധ്യതകൾ കണക്കിലെടുത്ത് നിരീക്ഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല.
ശാസ്ത്രീയ നിരീക്ഷണം തുടരുകയാണെന്നും വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.
അടുത്തിടെ അഖിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി. വർഗീസിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ കോട്ടയം ജില്ല പൊലീസ് മേധാവിയെയോ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെയോ അറിയിക്കണമെന്നായിരുന്നു നോട്ടീസ്.
പെന്ഷന് നല്കി വന്നിരുന്ന പി. ശ്യാമളയെന്ന കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരി മരിച്ചതിനെത്തുടര്‍ന്ന് അതേ പേരുകാരിയായ അമ്മയുടെ അക്കൗണ്ടിലേക്ക് അഖിൽ പെന്ഷന് തുക വഴിതിരിച്ചുവിടുകയായിരുന്നു. യഥാര്‍ഥ ആളുടെ മരണ വിവരം നഗരസഭ രജിസ്റ്ററില്‍ ചേര്‍ക്കാതെയായിരുന്നു അഖിലിന്റെ തട്ടിപ്പ്. കോട്ടയം വെസ്റ്റ് പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രതിക്ക് ഭരണകക്ഷിയുമായി ബന്ധമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.