കോട്ടയം നഗരസഭ; ജനുവരി മുതൽ വസ്തുനികുതി ഓൺലൈനായി അടക്കാം
text_fieldsഏപ്രിൽ ഒന്നു മുതൽ എല്ലാ പണമിടപാടുകളും ഓൺലൈനാവും
കോട്ടയം: മുനിസിപ്പാലിറ്റിയിൽ ഡിജിറ്റൽവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വസ്തുനികുതി അടക്കാൻ ജനുവരി അഞ്ചുമുതൽ ഓൺലൈനിൽ സംവിധാനമൊരുക്കും. ഇതുസംബന്ധിച്ച ധനകാര്യ സമിതിയുടെ ശിപാർശ കൗൺസിൽ അംഗീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ മുനിസിപ്പാലിറ്റിയിലെ എല്ലാ പണമിടപാടുകളും ഓൺലൈനിലാവും. കോട്ടയം അടക്കം മൂന്നോ നാലോ മുനിസിപ്പാലിറ്റികൾ മാത്രമാണ് നികുതി അടക്കാൻ ഓൺലൈൻ സൗകര്യം ഒരുക്കാത്തത്.
ജീവനക്കാരുടെ കുറവും സെക്രട്ടറി ഇല്ലാത്തതുമാണ് ഇതിനു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ വസ്തുനികുതി നോട്ടീസ് നൽകൽ ചില വാർഡുകളിൽ പൂർത്തീകരിക്കാനുണ്ട്.
ഡിസംബർ 31നകം ഇത് പൂർത്തീകരിക്കാൻ റവന്യൂ ഓഫിസറെ ചുമതലപ്പെടുത്തി. ഡിജിറ്റൽവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാവില്ലെന്നും വരുമാനം മെച്ചപ്പെടുത്താൻ 2019 നവംബർ ഏഴിന് മുമ്പുള്ള അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞു. നിലാവ് പദ്ധതി അവസാനിപ്പിക്കണമെന്നും വൈസ് ചെയർമാൻ ആവശ്യപ്പെട്ടു. തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനെച്ചൊല്ലി കൗൺസിലർമാർ വ്യാപക പരാതി ഉന്നയിച്ചു. ക്രിസ്മസ് കാലത്ത് ആദ്യമായാണ് തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാത്ത അവസ്ഥയെന്ന് കൗൺസിലർ ജാൻസി ജേക്കബ് പറഞ്ഞു.
തെരുവുവിളക്കുകളുടെ പരിപാലനത്തിന് കഴിഞ്ഞ മൂന്നുവർഷവും കരാർ നൽകിയത് ടെൻഡർ വിളിച്ചല്ലെന്നും കരാർ പുതുക്കിനൽകുകയായിരുന്നുവെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർക്കുപകരം ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ അറിയിച്ചു.
കരാറുകാരന് മൂന്നുവർഷത്തെ തുക നൽകാനുണ്ട്. 14 ലക്ഷത്തിന്റെ പദ്ധതിയിൽ ഏഴുലക്ഷം രൂപയേ നൽകിയിട്ടുള്ളൂ. ബാക്കി തുക നീക്കിയിരിപ്പുണ്ടായിട്ടും നൽകിയിട്ടില്ല. അസി. എക്സിക്യൂട്ടിവ് എൻജിനീയർ അവധിയിലായതിനാലാണ് ബിൽ മാറിനൽകാൻ വൈകുന്നതെന്ന് പറഞ്ഞതിനെയും കൗൺസിലർമാർ ചോദ്യംചെയ്തു.
ചർച്ചകൾക്കൊടുവിൽ തിങ്കളാഴ്ച ബിൽ അനുവദിക്കാൻ തീരുമാനമായി. വൈസ് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. അഡ്വ. ഷീജ അനിൽ, എൻ. സരസമ്മാൾ, കെ. ശങ്കരൻ, ഡോ. പി.ആർ. സോന, സന്തോഷ്കുമാർ, റീബ വർക്കി, വിനു ആർ.മോഹൻ, ടി.സി. റോയി തുടങ്ങിയവർ
സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.