കോട്ടയം റെയിൽവേ സ്റ്റേഷൻ; രണ്ടാം കവാടം നവംബറിൽ തുറക്കും
text_fieldsകോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം നവംബറിൽ തുറന്നുനൽകാൻ ധാരണ. ശബരിമല സീസൺ കൂടി കണക്കിലെടുത്താണ് തീരുമാനം. ആദ്യഘട്ടത്തിൽ താൽക്കാലിക ടിക്കറ്റ് കൗണ്ടറും ഇവിടെ തുടങ്ങും. റെയിൽവേ ഉദ്യോഗസ്ഥരുമായി ഫ്രാൻസിസ് ജോർജ് എം.പി നടത്തിയ ചർച്ചയിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണവും അദ്ദേഹം വിലയിരുത്തി. സന്ദർശനത്തിനിടെ സ്റ്റേഷന്റെ മുൻഭാഗത്തെ റോഡ് എത്രയും വേഗം ടാർ ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.പി നിർദേശം നൽകി.
കോച്ചുകളുടെ പൊസിഷൻ യാത്രക്കാർക്ക് അറിയുന്നതിനുവേണ്ടി എൽ.ഇ.ഡി സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും പുതിയതായി തുടങ്ങുന്ന ഫുഡ് ഓവർ ബ്രിഡ്ജിൽ എസ്കലേറ്റർ, ലിഫ്റ്റ് എന്നീ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികലാംഗരായ യാത്രക്കാർക്കും വീൽ ചെയർ ഉപയോഗിക്കുന്നവർക്കും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയുള്ള റാമ്പിന്റെ നിർമാണം രണ്ടുമാസത്തിനകം പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കോട്ടയം അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ ഡിവിഷനൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് സെപ്റ്റംബർ ആദ്യം കോട്ടയത്ത് യോഗം ചേരുമെന്ന് സന്ദർശനത്തിനുശേഷം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
കോട്ടയത്തുനിന്ന് ഈറോഡുവരെ ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയിൻ തുടങ്ങണമെന്നാവശ്യം റെയിൽവേ മന്ത്രാലത്തിന് മുന്നിൽവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ മലബാർ എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ നിർത്തുക എന്നീ ആവശ്യങ്ങളും അധികാരികളുടെ മുന്നിൽ കൊണ്ടുവരുമെന്ന് എം.പി പറഞ്ഞു.
കോട്ടയം റെയിൽവേ സ്റ്റേഷൻ മാനേജർ വിജയകുമാർ, ഇലക്ട്രിക്കൽ എൻജിനീയർ ശ്രീരാജ്, അസി. ഡിവിഷനൽ എൻജിനീയർ വിനയൻ, സെക്ഷൻ എൻജിനീയർ അനഘ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.