ഇരട്ടപ്പാതയൊക്കെ വന്നു; പുതിയ ട്രെയിനുമില്ല, സമയ ലാഭവുമില്ല
text_fieldsകോട്ടയം: പുതിയ വണ്ടികളും ഇല്ല, സമയ ലാഭവുമില്ല. ഇരട്ടപ്പാത വന്നിട്ടും പ്ലാറ്റ്ഫോമിന്റെ എണ്ണം കൂടിയിട്ടും യാത്രക്കാർക്ക് പ്രയോജനം കിട്ടിയില്ല. ഇരട്ടപ്പാത വരുന്നതോടെ ടെർമിനൽ സ്റ്റേഷനായി മാറുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്നും കൂടുതൽ ട്രെയിനുകൾ ആരംഭിക്കുമെന്നുമൊക്കെ ആയിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. എല്ലാം അസ്ഥാനത്തായി. ഇരട്ടപ്പാതയുടെ ഫലമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമാണ് അധികം വന്നത്. തടസ്സമില്ലാതെ കോട്ടയത്തുനിന്ന് ട്രെയിൻ ആരംഭിക്കാം. എന്നാൽ, പിറ്റ്ലൈൻ ഇല്ലെന്നതാണ് റെയിൽവേ ഉയർത്തിക്കാട്ടുന്ന പ്രശ്നം. പിറ്റ്ലൈൻ ഉള്ള സ്റ്റേഷനിൽ അവസാനിക്കുന്ന വിധത്തിൽ സർവിസ് ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല.
നിലവിൽ വെള്ളം നിറക്കാനുള്ള സൗകര്യം മാത്രമാണ് കോട്ടയം സ്റ്റേഷനിലുള്ളത്. ദീർഘദൂര സർവിസുകൾ ആരംഭിക്കാനുള്ള എല്ലാ സംവിധാനങ്ങളുണ്ടായിട്ടും കോട്ടയം സ്റ്റേഷനെ പരിഗണിക്കുന്നില്ല. കോട്ടയത്തുനിന്ന് മംഗളൂരുവിലേക്കും ബംഗളൂരിലേക്കും ട്രെയിൻ ആരംഭിക്കാവുന്നതാണ്.
ഉത്സവകാലങ്ങളിൽ കൊള്ള നിരക്ക് നൽകിയാണ് സ്വകാര്യ ബസുകളിൽ ബംഗളൂരുവിൽനിന്ന് തിരിച്ചും യാത്ര ചെയ്യാറുള്ളത്. ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടണമെന്ന ആവശ്യത്തിനും ഗതി ഇതുതന്നെ. ശബരിമല സീസണിൽ മാത്രമാണ് ചില ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടിയത്. ട്രെയിനുകളുടെ വേഗം വർധിപ്പിച്ചിട്ടും സമയമാറ്റം നടപ്പാക്കിയിട്ടില്ല. നേരത്തേ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് ഓടിയെത്താൻ എടുത്തിരുന്ന സമയം തന്നെയാണ് ഇപ്പോഴും എടുക്കുന്നത്.
ക്രോസിങ്ങിനുള്ള സമയം ഒഴിവായെങ്കിലും പലപ്പോഴും നേരത്തേ ഓടിയെത്തി ഏതെങ്കിലും സ്റ്റേഷനിൽ വന്നുകിടക്കും.
വേഗം വർധിപ്പിച്ചതിനനുസരിച്ച് സമയം കുറച്ചാലേ യാത്രക്കാർക്ക് ഗുണകരമാവൂ. രാവിലത്തെ പാലരുവി വന്ദേഭാരതിനായി 20 മിനിറ്റാണ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. ഗതാഗതസൗകര്യമില്ലാത്ത ഇവിടെ ശ്വാസംമുട്ടി ഞെങ്ങിഞെരുങ്ങി കാത്തുനിൽക്കണം. ഈ പിടിച്ചിടൽ തൃപ്പൂണിത്തുറയിൽ ആയാൽ നിരവധി യാത്രക്കാർക്ക് മെട്രോ വഴി പോകാനാവും. വന്ദേഭാരതിന്റെ സമയക്രമത്തെ ബാധിക്കുകയുമില്ല. യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളാണ് ഇതൊക്കെ. സൗകര്യങ്ങളും യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിക്കുന്നതിനനുസരിച്ച് കോട്ടയത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇരട്ടപ്പാത നവീകരണ ഭാഗമായി കൂടുതല്‍ പ്ലാറ്റ്ഫോമുകള് വന്ന കോട്ടയം സ്റ്റേഷനെ ട്രെയിനുകള്‍ ആരംഭിക്കുന്ന ടെര്‍മിനല്‍ സ്റ്റേഷനായി ഉയര്‍ത്തണമെന്ന ആവശ്യം നേരത്തേയുണ്ട്. കഴിഞ്ഞ ദിവസം ഫ്രാൻസിസ് ജോർജ് എം.പി ലോക്സഭയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.