പ്രഖ്യാപനത്തിന് 13 വർഷത്തെ പഴക്കം; കോട്ടയം എന്ന് ടെർമിനൽ റെയിൽവേ സ്റ്റേഷനാകും
text_fieldsകോട്ടയം: ടെർമിനൽ അനുവദിച്ചുള്ള പ്രഖ്യാപനത്തിന് 13 വർഷത്തെ പഴക്കമുണ്ടെങ്കിലും കോട്ടയം ഇപ്പോഴും പഴയ സ്റ്റേഷൻ തന്നെ.
2011ൽ അന്നത്തെ റെയിൽവേ മന്ത്രി മമത ബാനർജിയാണ് ബജറ്റിൽ കോട്ടയത്തിന് പുതിയ കോച്ചിങ് (പാസഞ്ചർ) ടെർമിനൽ പ്രഖ്യാപിച്ചത്. ഇരട്ടപ്പാത പൂർത്തിയായിട്ടും ടെർമിനൽ യാഥാർഥ്യമായില്ല.
ടെർമിനലിനു ആവശ്യമായ പ്ലാറ്റ്ഫോം നിർമിച്ചിട്ടും പുതിയ ട്രെയിൻ അനുവദിക്കുകയോ എറണാകുളത്തുനിന്ന് ഏതാനും ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ, ഈ കാലയളവിൽ കോട്ടയത്തെക്കാൾ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വളരെ പിന്നിലുള്ള പുനലൂർ സ്റ്റേഷനിൽനിന്നുപോലും പല ട്രെയിനുകളും പുതിയതായി തുടങ്ങുകയുണ്ടായി. രണ്ട് പിറ്റ്ലൈനോടു കൂടിയ ടെർമിനലാണ് കോട്ടയത്ത് അനുവദിച്ചത്. എന്നാൽ, ഒരെണ്ണംപോലും നിർമിച്ചില്ല.
2000 കിലോമീറ്റർവരെ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് നിലവിൽ പ്ലാറ്റ്ഫോം റിട്ടേൺ അടിസ്ഥാനത്തിൽ സർവിസ് നടത്താവുന്നതാണ്. ഡൽഹി മുതലായ ദൂരസ്ഥലങ്ങളിൽനിന്നുള്ള ട്രെയിനുകൾക്ക് കോട്ടയത്ത് യാത്ര അവസാനിക്കണമെങ്കിൽ അറ്റകുറ്റപ്പണിക്ക് ആവശ്യമായ പിറ്റ്ലൈൻ അനിവാര്യമാണ്. അതിനായി കോട്ടയം യാർഡിൽ സൗകര്യമില്ലെങ്കിൽ പൊളിച്ചുനീക്കിയ തുരങ്കപാതയിൽ നിർമിക്കാവുന്നതാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ഥല ലഭ്യതയുള്ള ചിങ്ങവനം സ്റ്റേഷനും പരിഗണിക്കാം. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിലുള്ള എട്ടു കിലോമീറ്ററിനുള്ളിൽ ട്രാക്കിന് ഇരുവശവും തരിശുനിലങ്ങളാണ്.
കുടിയൊഴിപ്പിക്കലില്ലാതെ ഇവിടെ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആകും. കോട്ടയത്തെ ഗുഡ്സ് ഷെഡ് ചിങ്ങവനത്തിനോ ഏറ്റുമാനൂർക്കോ മാറ്റിയാൽ ആ പ്ലാറ്റ്ഫോം കൂടി യാത്രാവണ്ടികൾക്ക് ഉപയോഗിക്കാം. കൂടുതൽ സൗകര്യവും ലഭിക്കും.
പുതിയ ട്രെയിൻ ആവശ്യപ്പെടുമ്പോൾ ടെർമിനൽ സൗകര്യത്തിന്റെ അപര്യാപ്തത മൂലം പുതിയ ട്രെയിനുകൾ അനുവദിക്കാൻ ആവില്ലെന്നാണ് റെയിൽവേ മന്ത്രി പറയുന്നത്. അതേസമയം, അനുവദിച്ച ടെർമിനൽ പദ്ധതി നടപ്പാക്കുന്നില്ല. റെയിൽവേക്ക് വരുമാനം നേടിക്കൊടുക്കുന്നതിൽ ഗണ്യമായ പങ്കുവഹിക്കുന്ന എൻ.എസ്.ജി മൂന്ന് വിഭാഗത്തിൽപെടുന്ന കോട്ടയം സ്റ്റേഷൻ 2023-24 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ദക്ഷിണ റെയിൽവേയിലെ ആകെയുള്ള 727 സ്റ്റേഷനുകളിൽ വരുമാനത്തിൽ 21 ാം സ്ഥാനത്താണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള യാത്രക്കാർ പ്രധാനമായി ആശ്രയിക്കുന്ന സ്റ്റേഷനാണ് കോട്ടയം.
രാവിലെ 9.40ന് പുറപ്പെടുന്ന ശബരി എക്സ്പ്രസിനുശേഷം തൃശൂർ ഭാഗത്തേക്കുള്ള അടുത്ത പ്രതിദിന ട്രെയിൻ ഉച്ചക്ക് രണ്ടു മണിക്കുള്ള കന്യാകുമാരി-പുണെ ജയന്തി ജനത എക്സ്പ്രസാണ്. മിക്ക ദിവസങ്ങളിലും വൈകിയെത്തുന്ന ഈ ട്രെയിനുവേണ്ടി കാത്തിരിക്കേണ്ടത് നാലര മണിക്കൂറിൽ അധികം സമയമാണ്. ഈ ട്രെയിനിലെ ആകെയുള്ള രണ്ട് ജനറൽ കോച്ചുകളാണ് ഹ്രസ്വ-മധ്യദൂര യാത്രക്കാരുടെ ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.