കോട്ടയം റെയിൽവേ സ്റ്റേഷൻ; രണ്ടാം കവാടം യാത്രക്കാർക്ക് എളുപ്പമാർഗം
text_fieldsകോട്ടയം: റെയിൽവേ സ്റ്റേഷനിൽ നാഗമ്പടം ഗുഡ്സ്ഷെഡ് ഭാഗത്തെ രണ്ടാം കവാടം തുറക്കുന്നതോടെ ട്രെയിൻ യാത്രക്കാർക്ക് ലഭ്യമാകുന്നത് വിപുലമായ സൗകര്യം.
ഏറ്റുമാനൂർ ഭാഗത്തുനിന്നുവരുന്ന യാത്രക്കാർക്ക് നഗരത്തിലെ തിരക്കിൽ പ്രവേശിക്കാതെ നേരിട്ട് നാഗമ്പടം മേൽപാലത്തിനു സമീപത്തുകൂടി രണ്ടാം കവാടത്തിലേക്കു കടക്കാം. നേരത്തേ ചുറ്റിവളഞ്ഞ് റെയിൽവേ സ്റ്റേഷന്റെ മുന്നിലെത്തിയാൽ മാത്രമേ അകത്ത് കടക്കാനാവുമായിരുന്നുള്ളൂ.
കെ.കെ. റോഡുവഴി വരുന്നവർക്കും രണ്ടാം കവാടം എളുപ്പമാർഗമാവും. രണ്ടാം കവാടത്തിൽനിന്ന് ടിക്കറ്റെടുത്ത് നേരെ നടപ്പാതയിലൂടെ ആവശ്യമുള്ള പ്ലാറ്റ്ഫോമിലെത്താം. അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് രണ്ടാം കവാടത്തിൽനിന്ന് നടപ്പാതയുണ്ട്. മൂന്നുനിലയുള്ള കെട്ടിടമാണ് രണ്ടാം കവാടം. ടിക്കറ്റ് കൗണ്ടർ, യാത്രക്കാർക്ക് വിശ്രമമുറി, ശുചിമുറി, ഉദ്യോഗസ്ഥർക്കുള്ള വിശ്രമസ്ഥലം, എസ്കലേറ്റർ, ലിഫ്റ്റ് എന്നിവയാണ് കെട്ടിടത്തിലുണ്ടാകുക. പ്രധാന കവാടത്തിൽനിന്ന് താഴേക്കിറങ്ങിയാണ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുക. പാർക്കിങ് ഏരിയ സജ്ജമായിട്ടില്ല. ശബരിമല സീസണു മുമ്പ് രണ്ടാം കവാടം തുറക്കുന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാവും. 12നാണ് രണ്ടാംകവാടം ഉദ്ഘാടനം. ഇതോടൊപ്പം
രണ്ടാം പ്രവേശന കവാടത്തിൽനിന്നു തുടങ്ങുന്ന നടപ്പാലം റെയിൽവേ സ്റ്റേഷന്റെ മുൻ വശത്തെ റോഡിലേക്ക് നീട്ടുന്നത് പരിഗണിക്കും. റെയിൽവേ സ്റ്റേഷന് പുതിയ പ്രവേശന കവാടം നിർമിക്കുകയും സൈൻ ബോർഡ് സ്ഥാപിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.