പമ്പ, എരുമേലി ബസുകൾ സർവിസ് തുടങ്ങി; കോട്ടയം റെയിൽവേ സ്റ്റേഷൻ തീർഥാടക തിരക്കിലേക്ക്
text_fieldsകോട്ടയം: മണ്ഡലകാലം തുടങ്ങിയതോടെ തീർഥാടകരുടെ തിരക്കിലമർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ. അയ്യപ്പഭക്തർക്കായി വിപുലസൗകര്യങ്ങളാണ് റെയിൽവേയും കെ.എസ്.ആർ.ടി.സിയും ഒരുക്കിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി പ്രത്യേക കൗണ്ടർ തുടങ്ങി. പമ്പയിലേക്കും എരുമേലിക്കുമായി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് അടക്കം 55 ബസാണ് കോട്ടയം പൂളിന് അനുവദിച്ചിട്ടുള്ളത്. തിരക്കിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കും.
വ്യാഴാഴ്ച വൈകീട്ട് മുതൽ ബസുകൾ പമ്പയിലേക്കും എരുമേലിക്കും സർവിസ് തുടങ്ങി. 51 സീറ്റാണ് ഫാസ്റ്റിൽ. സൂപ്പർ ഫാസ്റ്റിൽ 39 സീറ്റും. മുഴുവൻ സീറ്റിന്റെ തുക നൽകിയാൽ ബസ് ചാർട്ട് ചെയ്യാനും സൗകര്യമുണ്ട്. രണ്ടു ബസുകൾ ഏതുസമയത്തും റെയിൽവേ സ്റ്റേഷനു മുന്നിലുണ്ടാകും. ബാക്കിയുള്ളവ ഗുഡ്സ് ഷെഡ് റോഡിലാണ് നിർത്തിയിടുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങുന്നവർക്ക് അവിടെനിന്നും ബസ് സർവിസ് നടത്തുന്നുണ്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽനിന്ന് ശനിയാഴ്ച കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കും. ഇവിടങ്ങളിൽ ആപ് വഴി ഓൺലൈൻ ബുക്കിങ്ങിനും അവസരമുണ്ട്. പിൽഗ്രിം സെന്റർ, പ്രീ പെയ്ഡ് ടാക്സി കൗണ്ടർ, റെന്റ് എ ബൈക്ക് സംവിധാനങ്ങളും റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. ഏറ്റവും കൂടുതൽ ശബരിമല തീർഥാടകർ എത്തുന്നയിടമാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ.
ഇത്തവണ കണ്ണായ സ്ഥലം
റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിൽനിന്ന് ഇറങ്ങുന്നിടത്തുതന്നെയാണ് കെ.എസ്.ആർ.ടി.സിക്ക് കൗണ്ടർ നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ കവാടത്തിൽനിന്ന് നീങ്ങി പിൽഗ്രിം സെന്ററിനോടു ചേർന്ന ഒഴിഞ്ഞ ഇടമാണ് നൽകിയിരുന്നത്. മഴവെള്ളം മുഴുവൻ കൗണ്ടറിനകത്തായിരുന്നു. ഇതിൽ കെ.എസ്.ആർ.ടി.സി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ ആദ്യം രണ്ടാം കവാടത്തിലായിരുന്നു റെയിൽവേ കെ.എസ്.ആർ.ടി.സിക്ക് കൗണ്ടർ നൽകാനുദ്ദേശിച്ചത്.
തീർഥാടകരിൽ ഭൂരിഭാഗവും ഒന്നാം കവാടത്തിലൂടെ പുറത്തുകടക്കുന്നതിനാൽ രണ്ടാം കവാടത്തിലേക്ക് ആരുമെത്താനിടയില്ല. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഒന്നാം കവാടത്തിൽ തന്നെ കൗണ്ടർ അനുവദിക്കുകയായിരുന്നു.
14 സ്പെഷൽ ട്രെയിൻ
മണ്ഡലകാലത്തേക്കായി 14 സ്പെഷൽ ട്രെയിനുകളാണ് കോട്ടയം റൂട്ടിൽ റെയിൽവേ അനുവദിച്ചിട്ടുള്ളത്. ആദ്യ ട്രെയിൻ തെലങ്കാനയിലെ കാച്ചിഗുഡയിൽനിന്ന് കോട്ടയത്തെത്തി. ബംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ശബരിമല സ്പെഷൽ സർവിസ് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.