അമ്പരപ്പ്, ആശ്വാസം; 'ബോംബ്' നിർവീര്യം
text_fieldsകോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ. വ്യാഴാഴ്ച രാവിലെ 10 മണി... ട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാരെ പരിഭ്രാന്തരാക്കി, ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ ബോംബെന്ന് സംശയിക്കുന്ന വസ്തുവെന്ന് അനൗൺസ്മെൻറ്. ചുരുക്കം യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും എങ്ങും അങ്കലാപ്പ്.
ഇതിനിടെ അതിവേഗം ആർ.പി.എഫ് ഡോഗ് - ബോംബ് സ്ക്വാഡുകൾ സ്ഥലത്ത്. ഇവർ ബാഗ് പരിശോധിക്കുന്നതിനിടെ കൂടുതൽ പൊലീസുകാരെത്തി സമീപത്തെ യാത്രക്കാെരയെല്ലാം മാറ്റി. ഇതിനിടെ, ബാഗ് കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ കസേരയിലുണ്ടായിരുന്ന 'യാത്രക്കാരി' കുഴഞ്ഞുവീണു. ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകി മാറ്റി. പിന്നീട് ബോംബ് സ്ക്വാഡ് ബാഗ് ഒഴിഞ്ഞ പ്ലാറ്റ്ഫോം ഭാഗത്തേക്ക് വലിച്ചുമാറ്റുകയും നിർവീര്യമാക്കുകയും ചെയ്തു.
ഇതോടെ ഭീതിയൊഴിഞ്ഞ ആശ്വാസത്തിൽ യാത്രക്കാരും റെയിൽവേ ജീവനക്കാരും നിൽക്കെ, ചിരിമുഖവുമായെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ 'ബോംബ്' രഹസ്യം വെളിപ്പെടുത്തി. പൊലീസിെൻറ രക്ഷാപ്രവർത്തന പരിശീലനമായിരുന്നു നടന്നത്. സ്റ്റേഷനിൽ ബോംബ് കണ്ടെത്തിയാൽ എന്തൊക്കെ ചെയ്യണമെന്ന മോക്ഡ്രില്ലായിരുന്നു ഇത്.
രാവിലെ 10ന് ആരംഭിച്ച മോക്ഡ്രിൽ 10.45നാണ് പൂർത്തിയായത്. കുഴഞ്ഞുവീണതടക്കം നടന്നതെല്ലം പൊലീസ് നേരത്തേ തയാറാക്കിയതനുസരിച്ചായിരുന്നു. പൊലീസിനും ചുരുക്കം ചില റെയിൽവേ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു മോക്ഡ്രില്ലിനെക്കുറിച്ച് അറിവുണ്ടായിരുന്നത്. ആർ.പി.എഫിനൊപ്പം സംസ്ഥാന സർക്കാറിെൻറ റെയിൽവേ പൊലീസും പരിശീലനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.