മുഖം മിനുക്കാനൊരുങ്ങി കോട്ടയം റെയിൽവേ സ്റ്റേഷൻ
text_fieldsകോട്ടയം: വികസനത്തിൽ മുഖം മിനുക്കാനൊരുങ്ങി കോട്ടയം റെയിൽവേ സ്റ്റേഷൻ. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഒന്നാം പ്രവേശന കവാടത്തിൽനിന്നുള്ള മേൽപാലത്തിന്റെ നിർമാണം, ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നാം പ്ലാറ്റ്ഫോമിലെ ട്രാക് നവീകരണം, രണ്ടാം പ്രവേശന കവാടത്തിന്റെ നിർമാണ ജോലികൾ തുടങ്ങിയവയാണ് നിലവിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രാക് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള ട്രാക്കുകൾ നിവർത്തുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് നടക്കുന്നത്. ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, എറണാകുളം തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന ട്രാക് നവീകരണത്തിന്റെ ഭാഗമായി ബാലസ്റ്റിന്റെ മുകളിൽ സ്ലീപ്പർ വെക്കാനുള്ള പ്രവൃത്തികളാണിവിടെ നടക്കുന്നത്. നവീകരണ ജോലികൾ 30ന് അവസാനിക്കും. ഒന്നാം പ്ലാറ്റ്ഫോമിലെ പേ ആൻഡ് യൂസ് കാത്തിരിപ്പ് മുറികൾ നവീകരണ പ്രവൃത്തികൾക്ക് ശേഷം യാത്രികർക്കായി സജ്ജമാക്കും.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തിന്റെ നിർമാണ ജോലികൾ അവസാന ഘട്ടത്തിലാണ്. നാഗമ്പടം ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാവുന്ന കവാടത്തിൽനിന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് മേൽപാലവുമുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഒന്നാം പ്രവേശന കവാടത്തിന്റെ വശത്തുനിന്നുള്ള മേൽപാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്.
റെയിൽവേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമിനും ഗുഡ്സ് ലൈനിനും ശേഷമാണ് പുതിയ കവാടം നിർമിക്കുന്നത്. ഒന്നാം കവാടത്തിന്റെ മുന്നിലെ വാഹനത്തിരക്ക് കുറക്കാൻ രണ്ടാം കവാടത്തിന്റെ വരവോടെ സാധിക്കും. ടിക്കറ്റ് കൗണ്ടർ, വെയിറ്റ്ങ് റൂം അടക്കമുള്ള സൗകര്യങ്ങൾക്ക് കെട്ടിടവും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള നടപ്പാലവും ലിഫ്റ്റും ഉൾപ്പെടെയാണ് ഇവിടെ നിർമിക്കുന്നത്. 150 മുതൽ 200 വരെ വാഹനങ്ങൾക്കുള്ള പാർക്കിങ് ഗ്രൗണ്ടും ഇവിടെ ഒരുക്കുന്നുണ്ട്. രണ്ടാം കവാടത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുഡ്ഷെഡ് ഭാഗത്തിലൂടെയുള്ള ഗതാഗതം റെയിൽവേ നിരോധിച്ചിരുന്നു. 2024ഓടെ രണ്ടാം കവാടത്തിന്റെ നിർമാണം പൂത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മെയിന്റനൻസിന്റെ ഭാഗമായുള്ള എൻജിനുകളാണ് നിലവിൽ പാത ഇരട്ടിപ്പുമായി ഗതാഗതം നിർത്തിയ തുരങ്കത്തിലൂടെ കടത്തിവിടുന്നത്.
ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ച് റെയിൽവേ വികസനം
കോട്ടയം: റെയിൽവേയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ റോഡിൽ ആർ.എം.എസിന് മുന്നിലെ ബസ് സ്റ്റോപ്പും മതിലും ഇടിച്ചു. ബസ് കാത്തുനിൽക്കാൻ ഒരുക്കിയിരുന്ന കോൺക്രീറ്റ് തറ ഇടിച്ചുകളയുകയും വീതികൂട്ടി സംരക്ഷണഭിത്തി കെട്ടാൻ കുഴിയെടുക്കുകയും ചെയ്തു.
ബുധനാഴ്ച ആരംഭിച്ച പൊളിക്കൽ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതരെത്തിയാണ് ജോലികൾ നിർത്തിവെപ്പിച്ചത്. റെയിൽവേയുടെ സ്ഥലമാണിവിടം. റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം പൂർണമായി ഉപയോഗപ്പെടുത്തി ജോലികൾ നടത്തുകയാണെന്നാണ് റെയിൽവേയിൽനിന്ന് അറിയിച്ചത്. ബസ് സ്റ്റോപ്പിന് പിന്നിലെ സംരക്ഷണഭിത്തി പൊളിച്ച് വീതികൂട്ടുന്ന ജോലിയാണ് ആരംഭിച്ചത്.
നാഗമ്പടം ബസ്സ്റ്റാൻഡ് കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഏക ബസ് സ്റ്റോപ്പാണിത്. പിന്നെയുള്ളത് ലോഗോസ് ജങ്ഷനിലാണ്. ദൂരസ്ഥലങ്ങളിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ബസിൽ എത്തുന്നവരും ട്രെയിനിറങ്ങി മറ്റ് സ്ഥലങ്ങളിലേക്ക് ബസ് കയറാനുള്ളവരും ആശ്രയിക്കുന്നത് ഈ ബസ് സ്റ്റോപ്പിനെയാണ്. ഇതോടെ യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ സാധിക്കുന്ന ഷെൽട്ടറാണ് നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.