കോട്ടയം റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിൽ ഉയർത്തണം -തോമസ് ചാഴികാടൻ എം.പി
text_fieldsകോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന് ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്താൻ പദ്ധതികള്‍ ആരംഭിക്കണമെന്നും കോട്ടയം വഴി പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നിലവിലെ സമയപ്പട്ടിക പുനഃക്രമീകരിച്ച് ട്രെയിനുകളുടെ യാത്രാസമയം കുറക്കാൻ നടപടി കൈക്കൊള്ളണമെന്നും തോമസ് ചാഴികാടന് എം.പി ആവശ്യപ്പെട്ടു. റെയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പാര്‍ലമെന്റിന്റെ റെയില്‍വേ മന്ത്രാലയത്തിനായുള്ള കണ്‍സൾട്ടേറ്റിവ് കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റി അംഗം കൂടിയായ എം.പി ആവശ്യങ്ങള്‍ ഉന്നയിച്ചത്.
കായംകുളം- കോട്ടയം- എറണാകുളം പാതയില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 110- 130 കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം, റെയില്‍വേ കാറ്ററിങ് സര്‍വിസില്‍ കൂടുതല്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. ഭക്ഷണ പദാർഥങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാത ഇരട്ടിപ്പിക്കൽ പൂര്‍ത്തിയായതോടെ നിലവിൽ ഉപയോഗത്തിൽ ഇല്ലാതായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കം പൈതൃക സ്മാരകമായി സംരക്ഷിച്ച് നിലനിര്‍ത്താനും ഉപകാരപ്രദമാക്കാനുമുള്ള പദ്ധതി ആവിഷ്കരിക്കണം. കൊച്ചുവേളി, നേമം ടെര്‍മിനലുകളുടെ നിർമാണം അടിയന്തരമായി പൂര്‍ത്തിയാക്കി കോട്ടയം പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും ശബരിപാതയുടെ നിർമാണം ഉടൻ പുനരാരംഭിക്കണമെന്നും കമ്മിറ്റിയില്‍ എം.പി ആവശ്യപ്പെട്ടു.
നിലവിൽ ആഴ്ചയിലൊരിക്കൽ സ്പെഷൽ ട്രെയിനായി സര്‍വിസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയിൽ മൂന്നുദിവസം സര്‍വിസ് നടത്തണമെന്നും ആഴ്ചയില്‍ രണ്ടുദിവസം സര്‍വിസ് നടത്തുന്ന കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പ്രതിദിന സര്‍വിസ് ആക്കണമെന്നും തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കണമെന്നും ബാംഗ്ലൂര്‍ റൂട്ടിലെ തിരക്ക് പരിഗണിച്ച് പുതിയ ട്രെയിന്‍ ആരംഭിക്കണമെന്നും തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ എൽ.എച്ച്.എൻ കോച്ചുകള്‍ അനുവദിക്കണമെന്നും കോട്ടയം- എറണാകുളം, കോട്ടയം-കൊല്ലം റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വിസുകള്‍ തുടങ്ങണമെന്നും എം.പി കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.