കോട്ടയം റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശന കവാടം ഉടൻ തുറക്കും; പുതിയ മേൽപാലവും സജ്ജം
text_fieldsകോട്ടയം: റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം നവംബർ ആദ്യം തുറക്കും. ഇതിനൊപ്പം സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള പുതിയ മേൽപാലവും തുറന്നുനൽകും. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രണ്ടാം പ്രവേശന കവാടത്തിലെ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ നിർമാണം രണ്ടാഴ്ചക്കകം പൂർത്തിയാക്കാനും ധാരണയായി.
റെയിൽവേ സ്റ്റേഷനിലെ ഷെൽട്ടർ കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടുമെന്നും യോഗ ശേഷം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. രണ്ടാം കവാടത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഒഴത്തിൽ ലെയിൻ റോഡിനരികിൽ താമസിക്കുന്നവർക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാൻ കഴിയുന്നത് സംബന്ധിച്ച തന്റെ നിർദേശം യോഗത്തിൽ റെയിൽവേ ഡിവിഷനൽ മാനേജർ ഡോ. മനീഷ് തപൽയാൽ അംഗീകരിച്ചതായും എം.പി പറഞ്ഞു.
എല്ലാ പ്ലാറ്റ്ഫോമിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനൊപ്പം മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറി സജ്ജീകരിക്കും. എറണാകുളം-ബംഗളൂരു ഇൻറർസിറ്റി, എറണാകുളം-കാരക്കൽ, എറണാകുളം-മഡ്ഗാവ്, എറണാകുളം-പുണെ, എറണാകുളം-ലോക്മാന്യ തിലക്, എറണാകുളം-പാലക്കാട് മെമ്മു എന്നീ ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടാനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിക്കും. കോട്ടയത്തുനിന്ന് പാലക്കാട്-കോയമ്പത്തൂർ വഴി ഈറോഡിലേക്ക് പുതിയ ടെയിൻ തുടങ്ങുന്നതും ബോർഡിന്റെ പരിഗണനക്കായി നൽകും.
ചിങ്ങവനത്ത് പുതിയ പ്ലാറ്റ്ഫോം നിർമിക്കാൻ സാധ്യതാപഠനം നടത്താനും യോഗം തീരുമാനിച്ചു. കുമാരനല്ലൂർ റെയിൽവേ ലെവൽ ക്രോസിങ്ങിൽ ആളുകൾക്ക് കയറി ഇറങ്ങാവുന്ന വിധത്തിൽ പുതിയ കാൽനട മേൽപാലം നിർമിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കും. രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുമ്പോൾ ഒരു മീറ്റർ വീതിയിൽ നടപ്പാത ഒരുക്കും.
ഏറ്റുമാനൂർ സ്റ്റേഷനിൽ പുതിയ ലിഫ്റ്റ്, ഒന്ന്, രണ്ട്, മൂന്ന് ഫ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലം എന്നിവ സ്ഥാപിക്കും. വഞ്ചിനാട് എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, കായംകുളം-എറണാകുളം മെമ്മു എന്നിവക്ക് ഏറ്റുമാനൂരിൽ സ്റ്റോപ് പരിഗണിക്കും. കുറപ്പന്തറയിൽ എറണാകുളം ഭാഗത്തേക്ക് പ്ലാറ്റ്ഫോം നീട്ടും. റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണ തടസ്സങ്ങളും നീക്കാൻ ധാരണയായി. റെയിൽവേ ഗേറ്റിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകും. വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം-എറണാകുളം മെമ്മു, എറണാകുളം കായംകുളം പാസഞ്ചർ എന്നിവക്ക് സ്റ്റോപ് അനുവദിക്കുന്നത് പരിഗണിക്കും.
വൈക്കം റോഡ് സ്റ്റേഷൻ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. പാർക്കിങ് സ്ഥലം സംബന്ധിച്ച തർക്കം പരിഹരിക്കാൻ റെയിൽവേ, റവന്യൂ എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും. എല്ലാ പ്ലാറ്റ് ഫോമുകളെയും ഉൾപ്പെടുത്തി മേൽപാലം നിർമിക്കും. കാഞ്ഞിരമറ്റം സ്റ്റേഷൻ കെട്ടിടത്തിന്റെ കേടുപാടുകൾ ഇല്ലാതാക്കി ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കും.
പ്ലാറ്റ്ഫോം ഉയർത്തുന്നതിനോടൊപ്പം പുതിയ ഷെൽട്ടർ നിർമിക്കും. കുടിവെള്ളം, ശുചിമുറി എന്നിവ സഞ്ചമാക്കും. മുടങ്ങിപ്പോയ ഒലിയപുറം അടിപ്പാത നിർമാണം പൂർത്തിയാക്കും. ടൂറിസം പാർക്ക് നിർമിക്കാൻ എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിന് അനുമതി നൽകാനും തീരുമാനമായി.
റെയിൽവേ ഡിവിഷനൽ മാനേജർ ഡോ. മനീഷ് തപൽയാലിന് പുറമെ എം.എൽ.എമാരായ മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, റെയിൽവേ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ വൈ. സെൽവിൻ, ഡിവിഷനൽ എൻജിനീയർ എം. മാരിയപ്പൻ, പി.ആർ.ഒ ഷെബി, സ്റ്റേഷൻ മാനേജർ പി.വി. വിജയകുമാർ, ഇലക്ടിക്കൽ എൻജിനീയർ കെ.എൻ. ശ്രീരാജ് അസി. എൻജിനീയർ പി.വി. വിനയൻ, സെക്ഷൻ എൻജിനീയർ അനഘ നായർ, എ.കെ. ജോസഫ്, മുനിസിപ്പൽ കൗൺസിലർമാരായ സിൻസി പാറേൽ, മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. യോഗത്തിനുശേഷം എം.പി, ഡി.ആർ.എം എന്നിവരുടെ നേതൃത്വത്തിൽ നിർമാണ ജോലികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.