മഴ; ജില്ലയും ആശങ്കയിൽ
text_fieldsകോട്ടയം: വടക്കൻ മേഖലകളിൽ മഴ കനത്തതോടെ ജില്ലയും ആശങ്കയിൽ. പകൽ കാര്യമായ മഴ ഉണ്ടായില്ലെങ്കിലും തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ ശക്തമായ മഴ ചൊവ്വാഴ്ച രാവിലെവരെ തുടർന്നു. മലയോര മേഖലയിലെ ജനങ്ങളാണ് തുടർച്ചയായ മഴയിൽ ആശങ്കയിലായത്. തോടുകളെല്ലാം നിറഞ്ഞു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും നിലവിൽ അപകടസാധ്യതയില്ല. ചിലയിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷ സേനയെത്തി മരം മുറിച്ചുമാറ്റി എല്ലായിടത്തും ഗതാഗതം പുനഃസ്ഥാപിച്ചു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നാട്ടകം ഗെസ്റ്റ് ഹൗസിന് മുന്നിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗെസ്റ്റ് ഹൗസ് പരിസരത്തെ അക്കേഷ്യയാണ് ശക്തമായ മഴയിലും കാറ്റിലും കടപുഴകിയത്. ശാസ്ത്രിറോഡിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിലും മരം വീണു. തിങ്കളാഴ്ച രാത്രി ഞാലിയാകുഴിയിൽ വൻമരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഞാലിയാകുഴി-വാകത്താനം റോഡിൽ ഉണ്ണാമറ്റം പെട്രോൾ പമ്പിന് സമീപം മരം കടപുഴകിയത്. തിരക്കേറിയ റോഡിൽ ഈ സമയം വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻഅപകടമാണ് ഒഴിവായത്. മരംവീണ് വൈദ്യുതി പോസ്റ്റും ലൈനും പൊട്ടി വീണു. ജില്ലയിൽ നേരത്തേ ചൊവ്വാഴ്ച യെല്ലോ അലർട്ട് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. മഴ കനത്തതോടെ ഓറഞ്ച് അലർട്ടായി ഉയർത്തി. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും കലക്ടർ ജോൺ കെ. സാമുവൽ മുന്നറിയിപ്പ് നൽകി.
വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്
കോട്ടയം: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രിയാത്രയും ആഗസ്റ്റ് നാലുവരെ നിരോധിച്ചു.
ഖനന പ്രവർത്തനത്തിന് വിലക്ക്
കോട്ടയം: ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ആഗസ്റ്റ് നാലുവരെ നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.