കായികസ്വപ്നങ്ങളുടെ തീരാദുഃഖമായി കോട്ടയം സ്പോർട്സ് കോളജ്
text_fieldsകോട്ടയം: ജില്ലയുടെ കായികസ്വപ്നങ്ങൾക്ക് തടസ്സമായി ഇനിയും യാഥാർഥ്യമാവാതെ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്. ചിങ്ങവനത്ത് ഇൻസ്റ്റിറ്റ്യൂട്ടിനായി എടുത്ത സ്ഥലത്ത് ഇപ്പോഴും ബോർഡ് മാത്രമായി അവശേഷിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന കായിക വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായാണ് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് വരുന്നതെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത്.
പ്രവർത്തനം നിലച്ച ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന്റെ 11.50 ഏക്കറാണ് കായിക വകുപ്പിന്റെ കൈവശമുള്ളത്. ഇവിടെയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സയൻസസ് ആൻഡ് അപ്ലൈഡ് റിസർച്ച് (ഐസ് പാർക്ക്) തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് പദ്ധതി കൊണ്ടുവന്നത്. 2016ൽ ഉദ്ഘാടനസമയത്ത് സ്ഥാപിച്ച ബോർഡ് മാത്രമാണ് ഇവിടെ നിലവിൽ അവശേഷിക്കുന്നത്. യാഥാർഥ്യമായാൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടുമായിരുന്ന പദ്ധതിയാണ് എട്ടുവർഷമായി മുടങ്ങിക്കിടക്കുന്നത്.
പാഴായ വാഗ്ദാനങ്ങൾ
പരിശീലനത്തിനുള്ള ഗ്രൗണ്ടുകൾ, സ്പോർട്സ് ഉപകരണങ്ങൾ, ഹോസ്റ്റൽ സൗകര്യം, കായിക താരങ്ങൾക്കായി ഹോസ്പിറ്റൽ തുടങ്ങിയവ നിർമിക്കാനായിരുന്നു പദ്ധതി. തുടക്കത്തിൽ 250ഓളം കായികതാരങ്ങൾക്ക് പ്രയോജനപ്പെടുമെന്നായിരുന്നു പദ്ധതിയിലെ അവകാശവാദം. ആറു വിഷയങ്ങളിൽ കോഴ്സുകൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ലോകത്തെ മികച്ച കായിക സർവകലാശാലകളുമായി അഫിലിയേഷൻ നടത്തി പ്രവർത്തനം മികവുറ്റതാക്കുമെന്ന് പ്രഖ്യാപിച്ച സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടുവർഷം പിന്നിടുമ്പോഴും തുടർപ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. നാഗമ്പടം നെഹ്റു സ്റ്റേഡിയമാണ് കോട്ടയത്തെ കായിക പരിശീലനത്തിന്റെ മറ്റൊരു പ്രധാനകേന്ദ്രം. എന്നാൽ, ഒറ്റമഴയിൽ കുളമാകുന്ന സ്റ്റേഡിയം വിശ്വസിച്ച് പരിശീലനവുമായി കായികതാരങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.