ഇട്ടാവട്ടം കോട്ടയം പട്ടണം
text_fieldsവികസന സ്വപ്നങ്ങളെ നോക്കുകുത്തിയാക്കി നഗരത്തിലെമ്പാടും പാതിവഴിയിൽ നിലച്ച നിർമിതികൾ കാണാം. ആകാശപ്പാത, കോടിമത ഇരട്ടപ്പാത തുടങ്ങിയവ ഇതിൽ ചിലതുമാത്രം
കോട്ടയം: പേരിലും പെരുമയിലും സമ്പന്നയായ അക്ഷരനഗരി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. ചരിത്രമുറങ്ങുന്ന കോട്ടയം പട്ടണം വാഗ്ദാനങ്ങൾകൊണ്ട് സമ്പന്നമെങ്കിലും നടപ്പാക്കുന്നതിൽ പിന്നാക്കമാണ്.
സാധാരണക്കാരന്റെ അടിസ്ഥാനസൗകര്യങ്ങളിൽ പോലും അധികൃതർക്കു താൽപര്യമില്ല. കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുന്ന ചുങ്കം പാലം, നാഗമ്പടം പാലം തുടങ്ങിയ മേഖലകൾ ഇപ്പോഴും ഇരുട്ടിലാണ്. വിവിധ കാരണങ്ങളാൽ വളിവിളക്കുകൾ പ്രകാശിപ്പിക്കുന്ന നടപടികൾ തഴയപ്പെടുകയാണ്. നഗരം ഇരുട്ടിൽ മുങ്ങുമ്പോൾ തിരുനക്കര മൈതാനം, നാഗമ്പടം സ്വകാര്യ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലും സ്ഥിതി വിഭിന്നമല്ല. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കാൻ ആയിരത്തോളം യാത്രക്കാരാണ് വന്നുപോകുന്നത്. പ്രായമായവർക്ക് ഉൾപ്പെടെ ഇരിക്കാൻ മതിയായ ഇരിപ്പിടങ്ങളില്ല. ചെറുകിട കച്ചവടത്തിന് തട്ട് സ്ഥാപിച്ചിരിക്കുന്നതിനാൽ യാത്രക്കാർ ഏറെ അസൗകര്യം നേരിടുകയാണ്. ഇനി വരുന്നവർക്ക് ശങ്ക തീർക്കണമെങ്കിലോ... ഏതെങ്കിലും ഹോട്ടൽ തന്നെ ശരണം. നഗരത്തിൽ വഴിയിടം പോലുള്ള കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം പൂട്ടുവീണ അവസ്ഥയിലാണ്.
നഗരത്തെ കുറിച്ചറിയാത്ത ഒരാൾ എത്തിയാൽ കഴുത്തറുക്കുന്ന രീതിയിൽ ചാർജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാരാണ് നഗരത്തിൽ. മിക്ക ഓട്ടോകളും മീറ്റർ പ്രവർത്തിക്കാതെയാണ് സവാരി നടത്തുന്നത്. ഓരോരുത്തരും ഈടാക്കുന്നത് വിവിധ ചാർജുകളാണ്. നഗരത്തിൽ തിരക്ക് കൂടിയ പ്രദേശങ്ങളിൽ യാചകരുടെയും അന്തർസംസ്ഥാന തൊഴിലാളികളുടെയും ബാഹുല്യമാണ്. നാഗമ്പടം, തിരുനക്കര പ്രൈവറ്റ് ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ യാചകസംഘം തമ്പടിക്കുന്നുണ്ട്. അന്തർസംസ്ഥാന തൊഴിലാളി സംഘങ്ങളുടെ തർക്കവും കൈയേറ്റവും സാധാരണക്കാർക്ക് തലവേദനയാണ്. ഇതിനെതിരെ അധികാരികൾ കണ്ണടച്ച മട്ടാണ്.
നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമാണ്. അതിനാൽ തോന്നുംപടിയാണ് ഡ്രൈവിങ്. ബേക്കർ ജങ്ഷനിൽ ദിവസേന കടന്നുപോകുന്നത് പതിനായിരത്തോളം വാഹനങ്ങളാണ്. ഇവിടെ രണ്ട് വശത്തേക്കുമുള്ള സിഗ്നൽ ലൈറ്റുകൾ വർഷങ്ങളായി നോക്കുകുത്തിയാണ്. ജീവനക്കാരുടെ അഭാവത്തിൽ ബുദ്ധിമുട്ടുന്ന പൊലീസ് നേരിട്ടാണ് ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്നത്. വൺവേ സംവിധാനമുള്ള റോഡുകളിൽ ഷോട്ട്കട്ട് പിടിക്കുന്ന വിദ്വാന്മാരുമുണ്ട്. തിരുനക്കര ജങ്ഷനിൽ സിഗ്നൽ സംവിധാനമില്ലാത്തതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്നത്. നടപ്പാതകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ജീവൻ കൈയിൽപിടിച്ചാണ് റോഡിനരികിലൂടെ കാൽനടക്കാരുടെ സഞ്ചാരം. സീബ്രാലൈനുകൾ മിക്കയിടങ്ങളിലും മാഞ്ഞ മട്ടാണ്. ഏതൊരു നഗരത്തിന്റെയും വികസനത്തിന്റെ മുഖ്യഅടയാളം വീതികൂടിയ റോഡുകളാണ്. ദിവസേന നിരവധി ആംബുലൻസുകൾ കടന്നുപോകുന്ന റോഡാണ് ചാലുകുന്ന്-മെഡിക്കൽ കോളജ് റോഡ്. വഴിയിൽ ഗതാഗതതടസ്സം ഉണ്ടായാൽ വാഹനം വഴിയിൽ കുടുങ്ങും. ഈരയിൽക്കടവ് ബൈപാസിന്റെ തുടക്കത്തിലെ അനധികൃത പാർക്കിങ്ങും വാഹനങ്ങളുടെ അമിതവേഗപ്പാച്ചിലും ഗതാഗതം ദുഷ്കരമാക്കുന്നു. നിയമലംഘനങ്ങൾ അധികമായി അരങ്ങേറുന്ന ഈ പ്രദേശത്താണ് എ.ഐ കാമറകളുടെ ആവശ്യകത കൂടുതൽ വേണ്ടിവരുന്നത്. ബൈപാസിൽ എത്തിയാൽ വാഹനങ്ങളുടെ വേഗപ്പാച്ചിലും ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനവും അപകടത്തിന് ഇടയാക്കുന്നു. വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനായി തിരുനക്കര മൈതാനത്തെ പാർക്കിങ് ഗ്രൗണ്ട്, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, മാർക്കറ്റിലെ അനുപമ തിയറ്ററിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടുമാണുള്ളത്. പൊതുപരിപാടികൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ തിരുനക്കര മൈതാനവും പഴയ പൊലീസ് സ്റ്റേഷൻ മൈതാനവും അടച്ചിടുകയാണ് പതിവ്. ഇതും വലിയ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. നഗരത്തിലെ ട്രാഫിക് സംവിധാനം പൊതുവെ പരാജയമാണ്.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.