ഇരട്ടിപ്പിക്കൽ മാത്രമല്ല, എത്തിയത്; വൻ വികസനം
text_fieldsകോട്ടയം: പാത ഇരട്ടിപ്പിക്കലിനൊപ്പം കോട്ടയത്തേക്ക് എത്തിയത് വൻ റെയിൽവേ വികസനം. ഇരട്ടിപ്പിക്കലിനൊപ്പം ആരംഭിച്ച കോട്ടയം റെയിൽവേ സ്റ്റേഷന്‍റെ നവീകരണം പൂർണമാകുമ്പോൾ സംസ്ഥാനത്തെ മികച്ച സ്റ്റേഷനുകളിലൊന്നായി ഇത് മാറും. നവീകരണത്തിന്‍റെ ഭാഗമായി രണ്ടാം കവാടത്തിന്‍റെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. എം.സി റോഡിലെ നാഗമ്പടത്തുനിന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കാനാണ് പുതിയ കവാടം. ഈ വർഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇവിടെ ടിക്കറ്റ് കൗണ്ടർ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. ഇതിനായുള്ള കെട്ടിടത്തിന്‍റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
ഏഴ് പ്ലാറ്റ്ഫോമുകളും നിലവിൽ വരും. അഞ്ച് പ്രധാന പ്ലാറ്റ്‌ഫോമും മെമു ട്രെയിനുകള്‍ക്കായുള്ള ചെറിയ പ്ലാറ്റ്‌ഫോമും ഇതിൽ ഉൾപ്പെടും. പ്രധാന അഞ്ച് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നടപ്പാലവും വരും. 20 കോടിയുടേതാണ് നവീകരണ പ്രവര്‍ത്തനങ്ങൾ.
ഇതിനൊപ്പം സമീപ സ്റ്റേഷനുകൾക്കും വികസനത്തിന്‍റെ കഥകളാണ് പറയാനുള്ളത്. കുമാരനല്ലൂരില്‍ പുതിയ പ്ലാറ്റ്‌ഫോമും സ്റ്റേഷന്‍ കെട്ടിടവും നിർമിച്ചു. ഏറ്റുമാനൂര്‍, ചിങ്ങവനം സ്റ്റേഷനുകളും നവീകരിച്ചു. നീളം കൂടിയ റെയില്‍വേ പാലവും പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി നിര്‍മിച്ചു. കൊടൂരാറിന് കുറുകെ 610 മീറ്റര്‍ നീളത്തിലാണ് ഈ പാലം. മുട്ടമ്പലത്തെ അടിപ്പാതയും ഇരട്ടപ്പാതക്കൊപ്പം കോട്ടയത്തേക്ക് എത്തിയ നേട്ടങ്ങളാണ്. 1.65 കോടി രൂപ ചെലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കായി കേരളത്തിലെ ആദ്യത്തെ ആധുനിക മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനവും കോട്ടയത്ത് പൂര്‍ത്തിയായി. സ്ഥലപരിമിതി മൂലമാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ഒരുക്കിയത്. സ്റ്റേഷനോട് ചേർന്ന് ശബരിമല തീർഥാടകർക്കായി പ്രിൽഗ്രീം സെന്‍ററും പുതുതായി നിർമിച്ചു.
അതേസമയം, കോട്ടയത്തിന്‍റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്ക യാത്രയും ഇതിനൊപ്പം ഓർമയായി. തുരങ്കങ്ങൾ ഒഴിവാക്കിയാണ് പുതുതായി പാതകൾ നിർമിച്ചിരിക്കുന്നത്. 1957ലായിരുന്നു തുരങ്കങ്ങൾ നിർമിച്ചത്.
അനുമതി 2007ൽ; കാത്തിരുന്നത് ഒന്നര പതിറ്റാണ്ട്
കോട്ടയം: കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് 2007ലാണ് റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചത്. കുറുപ്പന്തറ-ഏറ്റുമാനൂർ രണ്ടാംപാത 2019 മാർച്ചിൽ പൂർത്തിയായെങ്കിലും ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സെക്ഷനിൽ രണ്ടാം പാതക്കായി കാത്തിരിപ്പ് തുടരുകയായിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള തടസ്സങ്ങളായിരുന്നു നിർമാണത്തെ പ്രതികൂലമായി ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഒരുഘട്ടത്തിൽ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയത്. ഇതിനൊടുവിലാണ് പലതവണ സമയപരിധി നീട്ടിയതിനൊടുവിൽ ഞായറാഴ്ച ഏറ്റുമാനൂർ-ചിങ്ങവനം രണ്ടാംപാതയിൽ ചൂളംവിളി ഉയരുന്നത്.
ഏറ്റവുമൊടുവിൽ 2021 ഡിസംബർ 31ന് ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു റെയിൽവേ പ്രഖ്യാപനം. എന്നാൽ, കോവിഡിൽ തട്ടി നീണ്ടു. ഇതോടെ 2022 മാർച്ച് 31ന് രണ്ടാംപാത തുറക്കുമെന്ന് വ്യക്തമാക്കിയെങ്കിലും നടന്നില്ല. ഇതാണ് മേയ് 29ലെത്തിയത്. എറണാകുളം മുതൽ കായംകുളം വരെയുള്ള രണ്ടാംപാത നിർമാണത്തിന് 2001ലാണ് തുടക്കമിട്ടത്. വിവിധ ഘട്ടങ്ങളിലായി നടന്ന ഈ പദ്ധതിയാണ് 21 വർഷത്തിനുശേഷം ഏറ്റുമാനൂർ-ചിങ്ങവനം സെക്ഷനോടെ പൂർണമാകുന്നത്. വിവിധ റീച്ചുകൾക്ക് റെയിൽവേ അനുമതി ലഭിക്കാനുണ്ടായ കാലതാമസം, ഭൂമിയേറ്റെടുക്കൽ എന്നിവയാണ് നിർമാണത്തിന് പലപ്പോഴും കടമ്പ തീർത്തത്. എന്നാൽ, പണം നിർമാണത്തിന്‍റെ ഒരുഘട്ടത്തിലും തടസ്സം സൃഷ്ടിച്ചിരുന്നില്ലെന്ന് റെയിൽവേ നിർമാണ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
വേഗം കൂടും, സമയം കുറയും
കോട്ടയം: ഇരട്ടപ്പാത എത്തുന്നതോടെ ട്രെയിനുകൾ പിടിച്ചിടുകയെന്ന യാത്രക്കാരുടെ പേടിസ്വപ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഒറ്റവരി മാത്രമായതിനാൽ 20 മുതൽ 30 മിനിറ്റ് വരെയാണ് ചില ട്രെയിനുകൾ ക്രോസിങ്ങിന് ഈ മേഖലയിൽ പിടിച്ചിട്ടിരുന്നത്.
തിരുവനന്തപുരത്തുനിന്നും അതിവേഗമെത്തി ചിങ്ങവനത്ത് ഏറെനേരം കാത്തുകിടക്കുന്നത്പതിവുസംഭവമായിരുന്നു. ദീർഘദൂര ട്രെയിനുകൾക്കായി പാസഞ്ചറുകളായിരുന്നു പലപ്പോഴും 'ബലിയാടുകൾ'. 20 മിനിറ്റ് വരെ ചിങ്ങവനത്ത് അടക്കം പാസഞ്ചറുകൾ പിടിച്ചിട്ടിരുന്നു. ഇത്തരം ദുരിതങ്ങൾക്ക് പുതിയ പാത അന്ത്യം കുറിക്കുമെന്നാണ് യാത്രക്കാരുടെ കണക്കുകൂട്ടൽ. പുതിയ പാത തുറക്കുന്നതോടെ സംസ്ഥാനത്തെ റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ടൈംടേബിളില്‍ ട്രാഫിക് അലവന്‍സ് കുറയും. ട്രെയിനുകള്‍ക്ക് സമയനിഷ്ഠ പാലിക്കാന്‍ കഴിയുമെന്നും റെയില്‍വേ അവകാശപ്പെടുന്നു. ട്രെയിനുകൾക്ക് വേഗം വര്‍ധിക്കുമെന്നും ഇവർ പറയുന്നു.
പുതിയ ട്രെയിനെന്ന ആവശ്യം ഉയരുമ്പോഴെല്ലാം ഒറ്റവരിപ്പാതയായതിനാൽ ഓടിക്കാൻ കഴിയില്ലെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. ട്രെയിനുകളുടെ വൈകിയോട്ടത്തിനും റെയിൽവേ പഴിച്ചിരുന്നത് കോട്ടയം ഭാഗത്തെ ഒറ്റവരിപ്പാതയെയായിരുന്നു. ഇതിനെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ എറണാകുളത്ത് സർവിസ് അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നീട്ടാൻ കഴിയും. ഇതിനൊപ്പം കോട്ടയത്തുനിന്ന് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ ട്രെയിൻ ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
കോട്ടയം - തിരുവനന്തപുരം, കോട്ടയം - കോഴിക്കോട് റൂട്ടുകളില്‍ മെമു സര്‍വിസുകള്‍ ആരംഭിക്കണമെന്നും ഓഫിസ് സമയം ക്രമീകരിച്ച് കൂടുതല്‍ പാസഞ്ചര്‍ സര്‍വിസുകള്‍ വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം ഏഴാകുന്നതോടെ കൂടുതല്‍ ട്രെയിന്‍ ഇവിടെ നിർത്തിയിടാനും കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.