അന്ന് കോട്ടയവും തേടിനടന്നു; ഒരു കുരുന്നിനെ
text_fieldsകോട്ടയം: കൊല്ലത്ത് കാണാതായ ആറുവയസ്സുകാരിയെ തേടി നാട് ഓട്ടപ്പാച്ചിൽ നടത്തുമ്പോൾ കോട്ടയംകാരുടെ ഓർമയിലും അത്തരം പരക്കംപാച്ചിലുണ്ട്. മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽനിന്ന് കാണാതായ രണ്ടു ദിവസമായ നവജാതശിശുവിനെ മണിക്കൂറുകൾക്കകം കണ്ടെത്തി മാതാവിനരികിലേക്ക് എത്തിച്ച കഥയാണത്.
ഗാന്ധിനഗർ പൊലീസിന്റെയും മെഡിക്കൽകോളജ് പരിസരത്തെ ടാക്സി ഡ്രൈവറുടെയും ജാഗ്രതയാണ് അന്ന് കുഞ്ഞിനെ കാത്തത്. 2022 ജനുവരി ആറിനാണ് പ്രസവവാർഡിൽനിന്ന് വണ്ടിപ്പെരിയാർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാതായത്. മൂന്നുമണിക്ക് നഴ്സിന്റെ വേഷത്തിലെത്തിയ യുവതി കുഞ്ഞിനെ ചികിത്സക്ക് എന്നുപറഞ്ഞാണ് കൊണ്ടുപോയത്.
കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിക്കാതായതോടെ സംശയം തോന്നി ആശുപത്രി അധികൃതരോട് ചോദിച്ചപ്പോഴാണ് അവരാരും കുഞ്ഞിനെ എടുത്തില്ലെന്ന് അറിയുന്നത്. ഇതോടെ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും പരിഭ്രാന്തരായി. വിവരമറിഞ്ഞ് പൊലീസ് ആശുപത്രി പരിസരത്ത് അന്വേഷണത്തിനിറങ്ങി. ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലും ടാക്സി സ്റ്റാൻഡുകളിലുമെത്തി വിവരം അറിയിച്ചു. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ചുരിദാർ ധരിച്ച യുവതി ആശുപത്രിയിൽനിന്ന് കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങൾ കിട്ടി. ഇതിനിടെ ആശുപത്രിക്കു സമീപത്തെ ഹോട്ടലിലെത്തിയ യുവതി റിസപ്ഷനിൽ വിളിച്ച് അമൃത ആശുപത്രിയിലേക്ക് പോകാൻ ടാക്സി വിളിച്ചുതരണമെന്നും നവജാതശിശുവിനെ കൊണ്ടുപോകാനാണെന്നും അറിയിച്ചു. ഇതുപ്രകാരം ടാക്സി ഡ്രൈവറെ വിളിച്ചപ്പോഴാണ് മെഡിക്കൽ കോളജിൽനിന്ന് കുഞ്ഞിനെ കാണാനില്ലെന്ന വിവരം റിസപ്ഷനിസ്റ്റിനോട് പറയുന്നത്.
യുവതിക്കൊപ്പം ഉള്ളതും നവജാത ശിശുവാണെന്ന് പറഞ്ഞതോടെ ഇരുവർക്കും സംശയമായി. ഉടൻ പൊലീസിനെ അറിയിച്ചു. ഗാന്ധിനഗർ പൊലീസെത്തി കുഞ്ഞിനെ തിരിച്ചറിയുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കളമശ്ശേരി സ്വദേശിനിയാണ് അറസ്റ്റിലായത്. വളർത്താൻ കൊണ്ടുപോയതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കാമുകനൊപ്പം താമസിച്ചിരുന്ന യുവതി ഗർഭിണി ആയിരുന്നു. ഗർഭം അലസിയ വിവരം കാമുകൻ അറിഞ്ഞാൽ ഉപേക്ഷിച്ചുപോകുമെന്ന് കരുതിയ യുവതി തന്റെ കുഞ്ഞാണെന്നു വരുത്തിത്തീർക്കാനാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നും പൊലീസിനോട് വെളിപ്പെടുത്തി.
ഗാന്ധിനഗർ എസ്.ഐ ആയിരുന്ന ടി.എസ്. റെനീഷ് കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ദൃശ്യം കണ്ട് അന്ന് കേരളം മുഴുവൻ കോരിത്തരിച്ചത് നിറഞ്ഞ കൈയടികൾക്കിടെയാണ് അദ്ദേഹം അമ്മക്ക് കുഞ്ഞിനെ കൈമാറിയത്. പോരാടി ജയിച്ചവൾ എന്ന അർഥത്തിൽ ‘അജയ്യ’ എന്ന് എസ്.ഐ തന്നെ കുഞ്ഞിന് പേരുമിട്ടു. ഇപ്പോൾ കിടങ്ങൂർ എസ്.എച്ച്.ഒയാണ് ഇദ്ദേഹം.
കുട്ടികളെ വാഹനത്തിൽ പിന്തുടർന്ന സംഭവം: ആശങ്ക വിടാതെ രക്ഷിതാക്കൾ
കോട്ടയം: മാങ്ങാനത്ത് കുട്ടികളെ വാഹനത്തിലെത്തിയ സംഘം പിന്തുടർന്ന സംഭവത്തിന്റെ ആശങ്കയിൽനിന്ന് മുക്തരായിട്ടില്ല രക്ഷിതാക്കൾ. ഒക്ടോബറിലാണ് വിവിധ ദിവസങ്ങളിലായി മൂന്നു കുട്ടികളെയാണ് വാഹനത്തില്‍ വന്ന സംഘം പിന്തുടര്ന്നത്. മാങ്ങാനം സ്കൂളിനു സമീപമായിരുന്നു സംഭവം. വെള്ള ഇന്നോവ കാറിലെത്തിയ സംഘം ആറാം ക്ലാസ് വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ളവരെയാണ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. മൂന്നു ദിവസങ്ങളിലായി രണ്ട് ആണ്‍കുട്ടികളോടും ഒരു പെണ്‍കുട്ടിയോടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കുട്ടികള്‍ പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തില്‍ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നതായും ഒന്നിലേറെ ദിവസങ്ങളില്‍ ഈ വാഹനം പ്രദേശത്തു ചുറ്റിക്കറങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ പഞ്ചായത്തിനെയും സ്കൂള്‍ അധികൃതരെയും നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.