കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം; 96 ലക്ഷം രൂപ വരുമാനം
text_fieldsകോട്ടയം: കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ആഡംബരക്കപ്പൽ യാത്രക്ക് പ്രിയമേറുന്നു. ‘നെഫർറ്റിറ്റി’ ആഡംബരക്കപ്പലിൽ ഇതുവരെ കോട്ടയത്തുനിന്ന് യാത്ര ചെയ്തത് 11,799 പേർ. ആകെ 298 ട്രിപ്പുകൾ നടത്തി. 96 ലക്ഷം രൂപക്കടുത്ത് വരുമാനം നേടി. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി സഹകരിച്ച് 2021 നവംബറിലാണ് ‘നെഫർറ്റിറ്റി’ യാത്ര തുടങ്ങിയത്.
അന്നുമുതൽ 2023 ഒക്ടോബർ വരെയുള്ള കണക്കാണിത്. 2021 നവംബർ മുതൽ 2022 ഒക്ടോബർ വരെ 95 ട്രിപ്പുകൾ നടത്തി. 3834 പേർ യാത്ര ചെയ്തു. 2022 നവംബർ മുതൽ 2023 ഒക്ടോബർ വരെ 203 ട്രിപ്പുകൾ നടത്തി. യാത്രക്കാർ 7885. ജില്ലയിലെ എല്ലാ ഡിപ്പോകളും കപ്പൽയാത്ര സംഘിപ്പിച്ചിരുന്നു. വേനലവധിക്കാലത്ത് എല്ലാ ദിവസങ്ങളിലും യാത്ര ഉണ്ടാവും. അല്ലാത്ത സമയങ്ങളിൽ ശനിയും ഞായറും മാത്രം.
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസിൽ യാത്രക്കാരെ ബോൾഗാട്ടിയിലെത്തിക്കും. തുടർന്ന് അഞ്ചുമണിക്കൂർ അറബിക്കടലിൽ കറങ്ങാം. അതുകഴിഞ്ഞ് തിരികെ ബസിൽ മടങ്ങും. ചുരുങ്ങിയ ചെലവിലും സുരക്ഷിതമായും കടൽക്കാഴ്ചകൾ കണ്ടു മടങ്ങാനുള്ള സുവർണവസരമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. മാർച്ചിലാണ് ടൂറിസം സീസൺ ആരംഭിക്കുന്നത്. ആദ്യയാത്ര പാലാ ഡിപ്പോയിൽനിന്ന് മാർച്ച് ഒമ്പതിന് തുടങ്ങും. ടിക്കറ്റ് നിരക്ക് ഓരോ ഡിപ്പോക്കും വ്യത്യസ്തമായിരിക്കും.
മൂന്നു നിലകളിൽ നെഫർറ്റിറ്റി
കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലാണ് മൂന്നു നിലകളിലുള്ള നെഫർറ്റിറ്റി. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് കപ്പലിന്റെ ഉടമ. 2018 ലാണ് നെഫർറ്റിറ്റി ആദ്യ കടൽയാത്ര നടത്തിയത്. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള മിനി ക്രൂയിസ് ഷിപ്പിൽ 200 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഭക്ഷണത്തിനുപുറമെ സംഗീതവിരുന്നും കുട്ടികൾക്കുള്ള വിനോദകേന്ദ്രങ്ങളും കപ്പലിലുണ്ട്.
വനിതദിനത്തിൽ വണ്ടർലായിലേക്ക്
വനിതദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ഇളവുകളോടെ വനിതകൾക്കു മാത്രമായി വണ്ടർലായിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാലാ ഡിപ്പോകളിൽനിന്നാണ് യാത്ര പുറപ്പെടുന്നത്. രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെ വണ്ടർലായിൽ ചെലവഴിക്കാം. അന്ന് വണ്ടർലായിൽ വനിതകൾക്കും പത്തുവയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും മാത്രമേ പ്രവേശനമുള്ളൂ. ഫോൺ: ജില്ല കോഡിനേറ്റർ- 94472 23212
കോട്ടയം- 80782 48210
ചങ്ങനാശ്ശേരി- 75101 12360
പാലാ- 89215 31106
വൈക്കം- 99959 87321.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.