ബസ് ഓൺ ഡിമാൻഡ് പദ്ധതി കട്ടപ്പുറത്ത്
text_fieldsകോട്ടയം: സ്ഥിരം യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച ബസ് ഓൺ ഡിമാൻഡ് പദ്ധതിക്ക് ജില്ലയിൽ ആവശ്യക്കാരില്ല. ഒരു പ്രദേശത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അവരുടെ സമയക്രമത്തിന് ബസ് സർവിസ് നടത്താനായാണ് ബസ് ഓൺ ഡിമാൻഡ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ, ജില്ലയിൽ ഇതുവരെ സർവിസ് ആവശ്യപ്പെട്ട് യാത്രക്കാർ കൂട്ടമായി രംഗെത്തത്തിയിട്ടില്ല. നേരത്തേ കോട്ടയം മെഡിക്കൽ കോളജിലേക്ക് സർവിസിനായി ചർച്ചകൾ നടന്നെങ്കിലും ടിക്കറ്റ് നിരക്കിൽ തട്ടി പാളി. സാധാരണ സർവിസിനെക്കാൾ ഉയർന്ന നിരക്കാണ് ഇതിനായി ഇടാക്കുന്നത്.
ചങ്ങനാശ്ശേരി-മെഡിക്കൽ കോളജ്, എറണാകുളം-മെഡിക്കൽ കോളജ് റൂട്ടുകളിലായിരുന്നു സർവിസിന് ആലോചന. എന്നാൽ, ഉയർന്ന ടിക്കറ്റ് നിരക്കെന്ന നിബന്ധനയുള്ളതിനാൽ ജീവനക്കാർ പിന്മാറുകയായിരുന്നു. മറ്റ് ചില ഭാഗങ്ങളിൽനിന്നും അന്വേഷണങ്ങൾ വന്നെങ്കിലും കൂട്ടമായി യാത്രക്കാരെ ലഭിക്കിെല്ലന്ന് കണ്ടതോടെ ഉപേക്ഷിച്ചു.
സർക്കാർ ജീവനക്കാർ, വിവിധ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജോലിക്കാർ തുടങ്ങിയവർക്ക് സ്കൂൾ ബസ് മാതൃകയിലാണ് സർവിസ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. തുടർന്ന് എല്ലാ ഡിപ്പോകളിലും ഇത്തരത്തിൽ സർവിസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി എം.ഡി ചീഫ് ഓഫിസർമാർക്ക് അനുമതി നൽകിയിരുന്നു. യാത്രക്കാർ ആവശ്യപ്പെടുന്നതും കലക്ഷൻ ലഭിക്കുന്നതുമായ റൂട്ടിൽ സർവിസുകൾ ആരംഭിക്കാനാണ് നിർദേശം. സർവിസ് വേണ്ടവർക്ക് അതത് ഡിപ്പോകളിൽ വിളിച്ച് അറിയിച്ച് ബുക്ക് ചെയ്യാം. എവിടെനിന്ന് കയറുമെന്നും എവിടേക്കാണ് യാത്രയെന്നും എത്ര പേരുണ്ടാകുമെന്നും മുൻകൂട്ടി അറിയിക്കണം. തിരിച്ചുള്ള യാത്രക്കും സർവിസ് നടത്തും. യാത്രക്കാരുടെ ബൈക്ക്, കാർ തുടങ്ങിയവ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ പാർക്ക് ചെയ്യാനും സംവിധാനം ഒരുക്കും. ഇതനുസരിച്ച് തുടക്കത്തിൽ കോട്ടയം ഡിപ്പോയിൽനിന്ന് തിരുവല്ല, വൈക്കം വഴി എറണാകുളം, കുമളി എന്നിവിടങ്ങളിലേക്ക് ബസ് ഓൺ ഡിമാൻഡ് സർവിസിനായിരുന്നു ആലോചന. പാലാ, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, പൊൻകുന്നം, എരുമേലി ഡിപ്പോകളും സർവിസ് ആരംഭിക്കാൻ സജ്ജമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, യാത്രക്കാർ ആവശ്യവുമായി എത്തിയില്ലെന്ന് അധികൃതർ പറയുന്നു.
യാത്രക്കാർക്ക് തുടർച്ചയായി 10, 15, 20, 25 ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റ് ഉറപ്പെന്നതും ഇതിെൻറ പ്രത്യേകതയാണ്. യാത്രക്കാരെ അവരവർക്ക് ഇറങ്ങേണ്ട ഓഫിസിനുമുന്നിൽ ഇറങ്ങാനും അവിടെനിന്നു കയറാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് അപകട സാമൂഹിക ഇൻഷുറൻസും ഉറപ്പാക്കുന്നുണ്ട്. വിവിധ ഓഫിസുകളിൽ പദ്ധതിയുടെ പ്രചാരണ ബോർഡുകളും കെ.എസ്.ആർ.ടി.സി സ്ഥാപിച്ചിരുന്നു. അതേസമയം, നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ ആദ്യഘട്ടത്തിൽ പദ്ധതി ലാഭകരമായിരുന്നെങ്കിലും പിന്നീട് യാത്രക്കാർ കുറഞ്ഞു. എന്നാൽ, പാലക്കാട് പദ്ധതിക്ക് മികച്ച പ്രതികരണമാണെന്നും സർവിസുകൾ ലാഭകരമാണെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.