കെ.എസ്.ആർ.ടി.സി കൊറിയർ കോട്ടയത്ത് നൂറിലേക്ക്; ചങ്ങനാശ്ശേരി, പാലാ ഡിപ്പോകൾക്കും നേട്ടം
text_fieldsകോട്ടയം: വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവിസിൽ കോട്ടയം ഡിപ്പോക്ക് നേട്ടം. ഇവിടെനിന്ന് പ്രതിദിനം അയക്കുന്ന കൊറിയറുകളുടെ എണ്ണം നൂറിലേക്ക്. ഇതോടെ ഏറ്റവും കൂടുതൽ കൊറിയർ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഡിപ്പോകളിലൊന്നായി കോട്ടയം മാറി.
കോട്ടയത്തിനു പുറമെ, ചങ്ങനാശ്ശേരി, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവിസ്. ഇതിൽ എറ്റവും കൂടുതൽ വരുമാനവും കോട്ടയത്താണ്. ചങ്ങനാശ്ശേരി, പാലാ ഡിപ്പോകളാണ് തൊട്ടുപിന്നിൽ. ചങ്ങനാശ്ശേരിയിലും പാലായിലും പ്രതിദിനം അയക്കുന്ന കൊറിയറുകളുടെ എണ്ണം 50 പിന്നിട്ടു. എന്നാൽ, മറ്റിടങ്ങളിൽ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായിട്ടില്ല.
ബുക്കുകൾ, ലാബ്, ഡെന്റൽ ഉപകരണങ്ങൾ എന്നിവയാണ് കൂടുതലായി അയക്കുന്നത്. ബൈക്കുകൾ അടക്കമുള്ളവയും കോട്ടയത്തുനിന്ന് കയറ്റിവിട്ടിരുന്നു. കാസർകോട് അടക്കം കേരളത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കോട്ടയത്തുനിന്ന് കൊറിയർ അയക്കുന്നുണ്ട്. എല്ലായിടങ്ങളിൽനിന്നും ഇവിടേക്ക് സാധനങ്ങൾ എത്തുന്നുമുണ്ട്.
പാർസൽ ലഭിച്ചുകഴിഞ്ഞാൽ തൊട്ടടുത്ത ബസിൽ ഇവ അയക്കുന്നതാണ് പതിവ്. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളിലേക്കാണെങ്കിൽ തൊട്ടടുത്ത ദീർഘദൂര സർവിസിനാകും കൈമാറുക.
കോട്ടയത്ത് സ്റ്റേഷൻ മാസ്റ്റർ ഓഫിസിനോട് ചേർന്നാണ് കൊറിയർ സർവിസിനായി കൗണ്ടർ ഒരുക്കിയിരിക്കുന്നത്. ഡിപ്പോകളിൽ പാർസൽ എത്തിയാൽ വിലാസക്കാരനെ വിളിച്ചറിയിക്കും.
25 ഗ്രാം മുതൽ ഒരു കിലോവരെ പാർസൽ അയക്കാൻ 35 രൂപയാണ് ചാർജ്. ഒന്നു മുതൽ 30 കിലോവരെ 200 കിലോമീറ്റർ ദൂരം അയക്കാൻ 130 രൂപ ചെലവാകും.
400 കിലോമീറ്റർവരെ അയക്കാൻ 253 രൂപമതി. പായ്ക്ക് ചെയ്യുന്ന ഒരു ബോക്സ് 15 കി ലോയിൽ കൂടരുതെന്ന നിബന്ധനയുണ്ട്. പണം ഓൺലൈനായി അടക്കാനും സൗകര്യമുണ്ട്.
സ്വകാര്യ കൊറിയർ സർവിസുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തുകയാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ-പാർസൽ എത്തുമെന്ന പ്രഖ്യാപനത്തോടെ ജൂൺ 15നാണ് കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ് തുടക്കമിട്ടത്. ആദ്യമായി 48 ഡിപ്പോകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ അയച്ചാൽ ഒട്ടുമിക്ക ഡിപ്പോകളിലും വൈകീട്ടോടെ പാർസലെത്തുമെന്നത് ഇവർ പറയുന്നു.
ടിക്കറ്റിതര വരുമാനം എന്ന ലക്ഷ്യത്തോടെയാണ് കൊറിയർ സർവിസ് ആരംഭിച്ചത്. ഇതുവരെ ഇതിൽനിന്ന് ലഭിച്ചത് 1.80 കോടിയോളം രൂപയാണ്. ശരാശരി 1.50 ലക്ഷമാണ് പ്രതിദിന വരുമാനം. ഒരോദിവസവും ഇവർ 1000 പാർസലുകളാണ് കൈകാര്യം ചെയ്യുന്നത്.
സംസ്ഥാനത്തിന് പുറത്ത് തെങ്കാശിയിലും ഉടൻ കൗണ്ടർ തുറക്കും. ഇതിനായി തമിഴ്നാട് ട്രാൻസ്പോർട്ട് അധികൃതരുമായുള്ള ചർച്ച വിജയത്തിലെത്തി. കോട്ടയത്തുനിന്ന് തെങ്കാശിയിലേക്ക് നിരവധി സർവിസുകൾ ഉണ്ടെന്നിരിക്കെ, ഇത് ഡിപ്പോക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. നാഗർകോവിൽ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ സംസ്ഥാനത്തിനു പുറത്തുള്ള കൗണ്ടറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.