ആനവണ്ടീ... കേറിക്കോ...പാടിക്കോ...
text_fieldsകോട്ടയം: വമ്പൻ ഹിറ്റായി മധ്യവേനൽ അവധിക്കാലത്തെ ആനവണ്ടിയിലെ ഉല്ലാസയാത്ര. കെ.എസ്.ആർ.ടി.സിയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ -മേയ് മാസങ്ങളിൽ നടത്തിയ ഉല്ലാസയാത്രയിൽ വരുമാനമായി ലഭിച്ചത് 15,66,013 രൂപ. ജില്ലയിൽ കൂടുതൽ വരുമാനം നേടിയത് പാലാ യൂനിറ്റാണ്. ഏപ്രിലിൽ 2,95,700 രൂപയും മേയിൽ 3,17,730 രൂപയും അടക്കം 6,13,430 രൂപയാണ് പാലാ യൂനിറ്റിനു കിട്ടിയത്. കോട്ടയം യൂനിറ്റാണ് രണ്ടാം സ്ഥാനത്ത്. ഏപ്രിലിൽ 2,67,672 രൂപയും മേയിൽ 3,03,560 രൂപയുമടക്കം 5,71,232 രൂപ നേടി.
കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാലാ യൂനിറ്റുകളിൽനിന്നായി 48 യാത്രകളാണ് ക്രമീകരിച്ചത്. 2010 യാത്രക്കാർ പങ്കെടുത്തു. മൂന്നാർ, അഞ്ചുരുളി, ഗവി, മാമലക്കണ്ടം, മലക്കപ്പാറ, മൺറോതുരുത്ത് യാത്രകളാണ് കൂടുതൽ നടത്തിയത്. ഇതുകൂടാതെ കോട്ടയം, ചങ്ങനാശ്ശേരി യൂനിറ്റുകളിൽനിന്നായി കപ്പൽ യാത്രയും ഒരുക്കിയിരുന്നു. യാത്രക്കാരെ ബസുകളിൽ എറണാകുളത്തെത്തിച്ച് അവിടെ ‘നെഫെർറ്റിറ്റി’ എന്ന ഫോർസ്റ്റാർ സൗകര്യമുള്ള കപ്പലിൽ അഞ്ചു മണിക്കൂർ യാത്രയായിരുന്നു ഒരുക്കിയത്. കല്യാണ ആവശ്യങ്ങൾക്കും ബസ് വിട്ടുനൽകിയിരുന്നു. നിലവിൽ ഞായറാഴ്ചകളിലാണ് യാത്ര. സർവിസ് ബസ് ഉപയോഗിച്ചാണ് ട്രിപ്പുകൾ. ദൂരയാത്രകൾക്ക് സൂപ്പർ ഡീലക്സ്, എ.സി ലോ ഫ്ലോർ ഉപയോഗിക്കാറുണ്ട്. നിരവധി പേരാണ് കെ.എസ്.ആർ.ടി.സിയിലെ യാത്രക്കായി എത്തുന്നത്. മഴക്കാലം ആരംഭിച്ചതോടെ മൺസൂൺയാത്ര ഇഷ്ടപ്പെടുന്നവരും കൂടുതലായി എത്തും.
കെ.എസ്.ആർ.ടി.സി പാക്കേജിൽ ഉൾപ്പെടാത്ത ഉല്ലാസയാത്രകൾക്കും ട്രിപ് ക്രമീകരിച്ചു നൽകുമെന്ന് സെൻട്രൽ സോണൽ കോഓഡിനേറ്റർ ആർ. അനീഷ് പറഞ്ഞു. ആനവണ്ടിയിൽ വിനോദയാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് അതത് യൂനിറ്റുകളെ ബന്ധപ്പെടാം. ജൂൺ, ജൂലൈ മാസങ്ങളിൽ കപ്പൽ യാത്രയില്ല.
ബെല്ലടിക്കാം യാത്രക്ക്...
- സെൻട്രൽ സോണൽ കോഓഡിനേറ്റർ -9947110905
- ജില്ല കോഓഡിനേറ്റർ -9447223212
- കോട്ടയം -9188456895
- വൈക്കം -9995987321
- പാലാ - 8921531106
- ചങ്ങനാശ്ശേരി -7510112360
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.