‘സുഖജോലിക്കായി’ ഗ്രാമവണ്ടി സർവിസ് തകർക്കാൻ ശ്രമമെന്ന്: ബി.എം.എസ് നേതാവിനെതിരെ വിജിലൻസ് അന്വേഷണം
text_fieldsപാലാ: യാത്രക്കാരെ ഒഴിവാക്കി ഷണ്ടിങ് ഡ്യൂട്ടി ഏറ്റെടുക്കാനായി ഗ്രാമവണ്ടി സമയത്തിന് മുന്നേ ഓടിച്ച്പോയെന്ന ആക്ഷേപത്തെ തുടർന്ന് ബി.എം.എസ് ജില്ല നേതാവായ ഡ്രൈവർക്കെതിരെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. മീനച്ചിൽ പഞ്ചായത്തിലെ ഗ്രാമവണ്ടി സർവിസ് തകർക്കാൻ ശ്രമിച്ചെന്ന ആരോപണവിധേയനായ കെ.എസ്.ആർ.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ജില്ല വർക്കിങ് പ്രസിഡന്റും പാലാ ഡിപ്പോയിലെ ഡ്രൈവറുമായ ജോർജ് സെബാസ്റ്റ്യനെതിരെയാണ് അന്വേഷണം. യാത്രക്കാരെ പെരുവഴിയിലാക്കി ഷെഡ്യൂൾ സമയത്തിന് മുന്നേ ബസ് പുറപ്പെട്ട ഡ്രൈവറുടെ നടപടിക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നൂറോളം യാത്രക്കാർ ഒപ്പിട്ട് മീനച്ചിൽ പഞ്ചായത്തിന് നൽകിയ പരാതി വിജിലൻസ് വിഭാഗത്തിന് കൈമാറുകയായിരുന്നു.
വിജിലൻസ് സ്ക്വാഡ് ഐ.സി സജിത്ത് കോശിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ നേതാവിന്റെ മൊഴി രേഖപ്പെടുത്തി. ഡിപ്പോയിലെത്തി ഡ്യൂട്ടി ഹാജർ രജിസ്റ്ററും ടൈം ഷെഡ്യൂളും സംഘം പരിശോധിച്ചു. ഹാജർ രജിസ്റ്ററിൽ ഷണ്ടിങ് ഡ്യൂട്ടിക്ക് ഡ്രൈവർ ജോർജ് സെബാസ്റ്റ്യൻ മുൻകൂട്ടി രേഖപ്പെടുത്തിയ ഒപ്പ് വെട്ടിയ നിലയിലാണെന്ന് കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബർ 18നാണ് സംഭവം. രാവിലെ ഏഴിന് പാലാ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് ആറ് വരെയാണ് ഗ്രാമവണ്ടി സർവിസ് നടത്തുന്നത്. വൈകീട്ട് 5.10ന് ചാത്തൻകുളത്ത് നിന്ന് പുറപ്പെടുന്ന അവസാന സർവിസ് ആറിന് പാലായിൽ അവസാനിക്കും. എന്നാൽ പരാതിയിൽ പറയുന്ന ദിവസം 20 മിനിറ്റ് മുമ്പേ പുറപ്പെട്ട ബസ് വൈകീട്ട് 5.25ന് പാലായിൽ എത്തിയതായി പരാതിയിൽ പറയുന്നു. നേരത്തെ സർവിസ് അവസാനിപ്പിച്ച ബസ് ആറ് വരെ കിഴതടിയൂർ ബൈപ്പാസിൽ നിർത്തിയിട്ടിരിക്കയായിരുന്നത്രേ.
ആഴ്ചയിൽ പല ദിവസങ്ങളിലും അവസാന സർവിസ് ഇത്തരത്തിൽ നേരത്തെ പുറപ്പെടുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. ഇതുമൂലം യാത്രക്കാർ കൂടുതൽ പണം മുടക്കി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ബസിന്റെ ചുമതലക്കാരനായ ഐ.എൻ.ടിയുസി യൂനിയൻ അംഗമായ കണ്ടക്ടറുടെ ഒത്താശയിലാണ് സമയം ചുരുക്കലെന്നും ആക്ഷേപമുണ്ട്. ആളെത്തുംമുമ്പേ ബസ് പുറപ്പെട്ടതിനെതിരെ യാത്രക്കാർ ഡിപ്പോ അധികൃതരെ പരാതി അറിയിച്ചിരുന്നു. എന്നാൽ അധികൃതർ പരാതി മുക്കി. പരാതിയെ തുടർന്ന് നിശ്ചിത സമയത്തിന് മുമ്പേ എത്തിയ ബസ് കിഴതടിയൂർ ബൈപാസിൽ നിർത്തിയിടുകയായിരുന്നു.
ഡിപ്പോയിലെ രാത്രി ഷണ്ടിങ് ഡ്യൂട്ടി എടുക്കാനാണ് ഇത്തരത്തിൽ സമയത്തിന് മുമ്പേ സർവിസ് അവസാനിപ്പിക്കുന്നതെന്നാണ് ആക്ഷേപം. ഷണ്ടിങ് ഡബിൾ ഡ്യൂട്ടിയായാണ് കണക്കാക്കുന്നത്. സർവിസ് ഡ്യൂട്ടിയും ഷണ്ടിങ് ഡ്യൂട്ടിയും ഒരുമിച്ചെടുത്താൽ ആഴ്ചയിൽ മൂന്ന് ദിവസം ഓഫ് ഡ്യൂട്ടി ലാഭിക്കാം. ഇതാണ് യാത്രക്കാരെ പെരുവഴിയിലാക്കി അഭിമാന പദ്ധതിയായ ഗ്രാമവണ്ടി സർവിസിനെ തകർക്കാനുള്ള നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.