സാമ്പത്തിക പ്രതിസന്ധി; കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബസുകളുടെ കാലപ്പഴക്ക പരിധി 10 വർഷമാക്കി ഉയർത്തി
text_fieldsകോട്ടയം: യാത്രക്കാരുടെ സുരക്ഷക്ക് പുല്ലുവില കൽപിച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബസുകളുടെ കാലപ്പഴക്ക പരിധി 10 വർഷമാക്കി ഉയർത്തി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന ചട്ടങ്ങൾ മറികടന്ന് പഴക്ക കാലാവധി ഉയർത്തിയത്. ഇതോടെ അടുത്ത ആറുമാസത്തിനകം കാലാവധി അവസാനിക്കുന്ന 159 ബസ് ഇനിയും സൂപ്പർ ക്ലാസായിത്തന്നെ സർവിസ് നടത്തും. ശബരിമല തീർഥാടന കാലത്ത് പുതിയ ബസുകൾ നിരത്തിലിറക്കാനാവാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. 2021ലാണ് ഏഴുവർഷമായിരുന്ന കാലാവധി ഒമ്പതുവർഷമാക്കിയത്. അന്നും ശബരിമല തീർഥാടനവും സാമ്പത്തിക പ്രതിസന്ധിയും തന്നെയാണ് കാരണമായി പറഞ്ഞത്. കഴിഞ്ഞവർഷം കാലാവധി കഴിഞ്ഞ 704 ബസാണ് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് സർവിസുകൾക്ക് നിരത്തിലിറങ്ങിയത്. ശബരിമലയിലേക്ക് അഞ്ചുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ അയക്കരുതെന്ന ഹൈേകാടതി ഉത്തരവുണ്ട്. ഇത് ലംഘിക്കപ്പെടുമെന്ന സൂചനയാണ് കോർപറേഷൻ നൽകുന്നത്.
ബസുകളുടെ കാലാവധി കൂട്ടണമെങ്കിൽ കരട് വിജ്ഞാപനം പുറപ്പെടുവിച്ച് അതിൽ പൊതുജനങ്ങളുടെ ആക്ഷേപം സ്വീകരിച്ച ശേഷം തീരുമാനമെടുക്കണമെന്നാണ് ചട്ടം. എന്നാൽ, കഴിഞ്ഞവർഷവും ഇക്കുറിയും കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജുപ്രഭാകർ നൽകിയ അപേക്ഷ ഗതാഗത സെക്രട്ടറി സ്ഥാനം കൂടി വഹിക്കുന്ന അദ്ദേഹംതന്നെ അംഗീകരിച്ച് നൽകുകയാണ് ചെയ്തത്. ഇത് നിയമവിരുദ്ധമാണ്.
1999 ലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്ത് സൂപ്പർ ക്ലാസ് സർവിസുകൾക്ക് അനുമതി നൽകിയത്. ഫാസ്റ്റിന് മൂന്നുവർഷവും സൂപ്പർഫാസ്റ്റിന് മുകളിലേക്കുള്ള സർവിസുകൾക്ക് രണ്ടുവർഷവും പഴക്കമുള്ള ബസുകൾ മാത്രമെ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം.
നിന്നുെകാണ്ടുള്ള യാത്ര അനുവദിച്ചിരുന്നുമില്ല. ഉയർന്ന യാത്രക്കൂലി ഇൗടാക്കാനും അനുമതി നൽകി. 2010ൽ നടപ്പാക്കിയ ഭേദഗതിയിലൂടെ അഞ്ചുവർഷം പഴക്കമുള്ള ബസുകൾ ഫാസ്റ്റായും മൂന്നുവർഷം വരെയുള്ളവ സൂപ്പർ ഫാസ്റ്റായും ഓടിക്കാവുന്ന നിലയായി. ഡീലക്സ് ബസുകൾക്ക് അപ്പോഴും രണ്ടുവർഷം എന്ന പരിധി നിലനിന്നു. 2018ൽ വരുത്തിയ ഭേദഗതിയിൽ എല്ലാ സൂപ്പർക്ലാസുകളുടെയും പഴക്കം ഏഴുവർഷമാക്കി നിജപ്പെടുത്തുകയായിരുന്നു.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ പ്രതിദിനം 400ഓളം കിലോമീറ്റർ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബസുകളുടെ സുരക്ഷ ഓരോ വർഷം കഴിയും തോറും കുറഞ്ഞുവരുമെന്ന് ജീവനക്കാർതന്നെ സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.