ഹൈറേഞ്ചിൽ കിതച്ച് കെ.എസ്.ആർ.ടി.സി സി.എൻ.ജി ബസ്: എൽ.എൻ.ജി എന്താകുമെന്ന് ആശങ്ക
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി ഏറെ കൊട്ടിഗ്േഘാഷിച്ച് ആരംഭിച്ച സി.എൻ.ജി ബസ് സർവിസിനിടെ കട്ടപ്പുറത്തായി. എറണാകുളത്തുനിന്ന് കട്ടപ്പനക്ക് യാത്ര തിരിച്ച ബസാണ് രണ്ടാം ദിവസവും ഹൈറേഞ്ചിെൻറ കവാടത്തിൽ വീണുപോയത്.
രാവിലെ എറണാകുളത്തുനിന്ന് യാത്ര തുടങ്ങുന്ന ബസ് തലയോലപ്പറമ്പ്, കോട്ടയം, പൊൻകുന്നം, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ വഴിയാണ് കട്ടപ്പനയിലെത്തുക. ലോക്ഡൗൺ ഇളവുലഭിച്ചശേഷം ആദ്യമായി തിങ്കളാഴ്ച കട്ടപ്പനയിലേക്ക് പോയ ബസ് പെരുവന്താനം മുതൽ കുട്ടിക്കാനം വരെ കയറ്റം കയറിയില്ല. പിന്നെ നിർത്തി നിർത്തിയാണ് കുട്ടിക്കാനം വരെ എത്തിച്ചത്. തുടർന്ന് കട്ടപ്പനയിൽ പോയി തിരിച്ച് എറണാകുളത്ത് എത്തിച്ചു. ചൊവ്വാഴ്ച രാവിലെ സർവിസിൽ പൊൻകുന്നം എത്തിയപ്പോഴേക്കും വീണ്ടും പണിമുടക്കി. യാത്രക്കാരെ മറ്റൊരു ബസിൽ കട്ടപ്പനക്ക് കൊണ്ടുപോയി. സി.എൻ.ജി ബസ് കോട്ടയത്തെ സർവിസ് സെൻററിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സിയുടെ ഭാവി തീരുമാനിക്കുന്ന സാങ്കേതികവിദ്യയെന്ന പേരിൽ അവതരിപ്പിക്കപ്പെട്ട സി.എൻ.ജി ബസിെൻറ മോശം പ്രകടനം തൊഴിലാളികളും ആശങ്കയോടെയാണ് കാണുന്നത്.
15 വർഷം പഴക്കമുള്ള ഡീസൽ ബസുകൾ ഏത് കയറ്റവും കയറുമെന്നിരിക്കെയാണ് പുതിയ സി.എൻ.ജി കിതച്ചു നിൽക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനുപിന്നിൽ കോർപറേഷനിലെ മെക്കാനിക്കൽ, ഓപറേറ്റിങ് വിഭാഗങ്ങൾ തമ്മിലെ പടലപ്പിണക്കവും കാരണമാകുന്നുണ്ടെന്ന് ഒരു വിഭാഗം തൊഴിലാളികൾ പറയുന്നു. കെ.എസ്.ആർ.ടി.സിയിലെ മെക്കാനിക്കൽ വിഭാഗവും ഒപ്പമുള്ള എൻജിനീയർമാരും സി.എൻ.ജി പദ്ധതിക്ക് എതിരാണ്.
ഡീസൽ ബസാണെങ്കിൽ ലോക്കൽ പർച്ചേസ് വഴി ലഭിക്കുന്ന വലിയ കമീഷനിലാണ് ഇവർക്ക് താൽപര്യമെന്നും സി.എൻ.ജി ആയാൽ കുറവുവരുമെന്നുമാണ് ഓപറേറ്റിങ് വിഭാഗത്തിലുള്ളവർ ആരോപിക്കുന്നത്. ആദ്യ എൽ.എൻ.ജി ബസ് ഉദ്ഘാടനം ചെയ്യുകയും അടുത്തവർഷം 400 എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം വരുകയും ചെയ്തതിന് പിറ്റേന്നുതന്നെ സി.എൻ.ജി ബസ് വഴിയിൽ കിടന്നത് കോർപറേഷനും നാണക്കേടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ളത്.
3000 ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി. ഇതുവഴി ഇന്ധനച്ചെലവിൽ പ്രതിവർഷം 40 മുതൽ 60 കോടിവരെ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, പദ്ധതി പരാജയപ്പെട്ടാൽ നൂറുകണക്കിന് കോടി രൂപയുടെ അധിക ബാധ്യതകൂടി കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകും. ഹൈറേഞ്ച് അടക്കം വിവിധ റൂട്ടുകളിൽ വിശദ പരീക്ഷണയോട്ടങ്ങൾ നടത്തി സർവിസുകൾ വിലയിരുത്തിയില്ലെങ്കിൽ സി.എൻ.ജിയും എൽ.എൻ.ജിയും കോർപറേഷന് ഇരുട്ടടി നൽകുമെന്ന മുന്നറിയിപ്പും ജീവനക്കാർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.