ഏകദിന ഉല്ലാസ യാത്രയുമായി ആനവണ്ടി
text_fieldsകോട്ടയം: കുറഞ്ഞ ചെലവിൽ ഏകദിന ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽനിന്ന് നിരവധി സ്ഥലങ്ങളിലേക്കാണ് ഉല്ലാസയാത്ര ക്രമീകരിക്കുന്നത്. ടൂറിസം മേഖലയെയും കെ.എസ്.ആർ.ടി.സിയെയും കരകയറ്റുന്നതിന്‍റെ ഭാഗമായാണ് ആനവണ്ടി ടൂറിസം പദ്ധതി ആരംഭിച്ചത്. നവംബറിലാണ് ജില്ലയിൽ പദ്ധതിക്ക് തുടക്കമായത്. മലക്കപ്പാറയായിരുന്നു ആദ്യ സർവിസ്. 17 ട്രിപ്പുകൾ ഇതുവരെ നടത്തി. അഞ്ചുലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചു. മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചാണ് ട്രിപ് നടത്തുന്നത്. ഭക്ഷണത്തിന്‍റെയും പ്രവേശനപാസുകളുടെയും മറ്റു യാത്രചെലവുകളും യാത്രക്കാർ സ്വയം വഹിക്കണം.
മലക്കപ്പാറ, ഭൂതത്താൻകെട്ട്, തട്ടേക്കാട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മൺറോ തുരുത്ത്, സാംബ്രാണിക്കൊടി, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സർവിസ്. മൺറോതുരുത്ത്-സാംബ്രാണിക്കൊടി ബോട്ടിങ്, കനോയിങ് ഉൾപ്പെടെ 825രൂപയാണ് നിരക്ക്. രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിന് മടങ്ങിയെത്തും. മലക്കപ്പാറ യാത്രക്ക് 600 രൂപയാണ് നിരക്ക്. രാവിലെ ആറിന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. ഭൂതത്താൻകെട്ട്-ഇഞ്ചത്തൊട്ടി കാനനയാത്രക്ക് 850 രൂപയാണ് നിരക്ക്. രാവിലെ 7.30ന് പുറപ്പെട്ട് രാത്രി എട്ടിന് മടക്കം. ജൂലൈ മൂന്നിനാണ് മൂന്നാറിലേക്ക് ഉല്ലാസയാത്ര പുറപ്പെടുന്നത്. ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം, ഫോട്ടോ പോയന്‍റ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. മൂന്നിന് രാവിലെ 5.30ന് പുറപ്പെട്ട് രാത്രി 10ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 900 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കായി ബന്ധപ്പെടേണ്ട ഫോൺ: 94958 76723, 85475 64093, 85478 32580.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.