വരഗ് മുതൽ കുതിരവാലി അരിവരെ ചെറുധാന്യ മേളയൊരുക്കി കുടുംബശ്രീ ‘നമത്ത് തീവനഗ’
text_fieldsകോട്ടയം: വരഗ്, മുളനെല്ല്, പൊരിചീര, കമ്പ്, കറുന്നവര, തിന, കുതിരവാലി അരി എന്നിങ്ങനെ ചെറുധാന്യങ്ങളും അവ ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപന്നങ്ങളും അട്ടപ്പാടിയുടെ വ്യത്യസ്ത രുചികളും കോട്ടയത്തിന് പരിചയപ്പെടുത്തി കുടുംബശ്രീ മിഷന്റെ ചെറുധാന്യ ഉൽപന്ന പ്രദർശന ബോധവത്കരണ യാത്ര ‘നമത്ത് തീവനഗ’. തിന, വരഗ് അടക്കം വിവിധ ചെറുധാന്യങ്ങളുടെ അവൽ, തിന റവ, മണിച്ചോളം റവ, കമ്പ് റവ, ചെറുധാന്യങ്ങളുടെ പുട്ടുപൊടി, തിന മുറുക്ക്, ചാമ മിക്സ്ചർ, ഹെൽത്ത് മിക്സുകൾ, ഏലം, കുരുമുളക്, ഗ്രാമ്പൂ എന്നിങ്ങനെ അട്ടപ്പാടിയിൽ കുടുംബശ്രീ അട്ടപ്പാടി ആദിവാസ സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിച്ച ഗുണമേന്മയേറിയ ഉൽപന്നങ്ങളാണ് ‘നമത്ത് തീവനഗ’യിലൂടെ വിൽപനക്കെത്തിച്ചത്. ചെറുധാന്യങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനുമൊപ്പം നാവിൽ രുചിയേറും വിഭവങ്ങളും കുടുംബശ്രീ ഒരുക്കി. കമ്പ് പായസം, റാഗി പഴംപൊരി, ഊര് കാപ്പി, വനസുന്ദരി ചിക്കനും ചൂടുദോശയുമായിരുന്നു ഭക്ഷ്യമേളയിലെ താരങ്ങൾ.
ചെറുധാന്യങ്ങളുടെ കലവറയായ അട്ടപ്പാടിയിൽ കുടുംബശ്രീ മിഷൻ നടപ്പക്കുന്ന അട്ടപ്പാടി ആദിവാസ സമഗ്രവികസന പദ്ധതിയുടെ നേതൃത്വത്തിലാണ് ‘നമത്ത് തീവനഗ’ ബോധവത്കരണ യാത്ര സംഘടിപ്പിക്കുന്നത്. അട്ടപ്പാടിയിൽ ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന തനതുചെറു ധാന്യങ്ങളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്.
ജില്ല പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച ചെറുധാന്യ ഉൽപന്ന പ്രദർശന-വിപണന മേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു അധ്യക്ഷനായി. കുടുംബശ്രീ അസി. ജില്ല മിഷൻ കോഓഡിനേറ്റർമാരായ പ്രകാശ് ബി.നായർ, മുഹമ്മദ് ഹാരിസ്, അട്ടപ്പാടി ആദിവാസ സമഗ്രവികസന പദ്ധതിയുടെ കോഓഡിനേറ്റർ കെ.പി. കരുണാകരൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ അനൂപ് കുമാർ, വിജയപുരം കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ അനില കുമാരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചെറുധാന്യങ്ങളെക്കുറിച്ച് ഉഷ മുരുകൻ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.