ജില്ലയിൽ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേ വരുന്നു
text_fieldsകോട്ടയം: കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു. ജില്ലയിൽ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേയാണ് കോഴായിൽ എം.സി റോഡരികിലുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെ.എം. മാണി തണൽ വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ തുടങ്ങുന്നത്. ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കാനാണ് നീക്കം.
നൂറോളം കുടുംബശ്രീ അംഗങ്ങൾക്കു തൊഴിലും വരുമാനവും ലഭ്യമാക്കുന്നതാണ് പദ്ധതി.അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്കരണം, പാഴ്സൽ സർവിസ്, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ, പാർക്കിങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ റെസ്റ്റോറന്റുകൾക്കു തുല്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ പ്രീമിയം കഫേകൾ പ്രവർത്തിക്കുന്നത്. പ്രത്യേക ലോഗോയും ഏകീകൃത രൂപകൽപന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂനിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകൾ തുറക്കുന്നത്. നിലിൽ കണ്ണൂർ, തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ കുടുംബശ്രീ പ്രീമിയം കഫേകൾ ആരംഭിച്ചിട്ടുണ്ട്.
കുടുംബശ്രീ അംഗങ്ങളുടെ കൺസോർഷ്യം രൂപവത്കരിച്ചു കുടുംബശ്രീ ജില്ല മിഷന്റെ മേൽനോട്ടത്തിലായിരിക്കും പ്രീമിയം ഹോട്ടൽ പ്രവർത്തിക്കുക. പ്രീമിയം കഫേയുടെ ഭാഗമായി നാൽപതോളം കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്.
പാചകം, സർവീസിങ്, ബില്ലിങ് തുടങ്ങി റെസ്റ്റോറന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കുടുംബശ്രീ അംഗങ്ങൾക്കു തുടർച്ചയായ ആറുമാസത്തെ പരിശീലനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൽകിയായിരിക്കും കഫേയുടെ പ്രവർത്തനത്തിന് കുടുംബശ്രീ അംഗങ്ങളെ സജ്ജമാക്കുക. കോട്ടയം ജില്ല പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ േബ്ലാക്ക് പഞ്ചായത്തുമായി ചേർന്നാണ് കെ.എം. മാണി തണൽ വിശ്രമകേന്ദ്രം പൂർത്തിയാക്കുന്നത്.
കുടുംബശ്രീ കഫേക്ക് പുറമേ കോൺഫറൻസ് ഹാൾ, ഷീ ലോഡ്ജ് എന്നിവയും തണൽ വിശ്രമകേന്ദ്രത്തിന്റെ ഭാഗമാകും. പ്രീമിയം കഫേ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ആലോചനായോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.