ചലച്ചിത്ര പുരസ്‌കാരനിറവില്‍ കുമരകം ആദിത്യന് അഭിനന്ദനപ്രവാഹം
text_fieldsകോട്ടയം: സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കുമരകം സ്വദേശി ആദിത്യന്. ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകള്‍ ഉള്ള മരം' എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. കുമരകം പൊങ്ങലക്കരിയില്‍ മുലേത്ര വീട്ടില്‍ മണിക്കുട്ടന്‍-നീതു ദമ്പതികളുടെ മൂത്ത മകനാണ് ആദിത്യന്‍.
രണ്ട് വര്‍ഷം മുമ്പാണ് പൊങ്ങലക്കരിയിലേക്ക് നീണ്ടുകിടക്കുന്ന വേമ്പനാട്ടുകായലിന്‍റെ കൈവരിയില്‍ എൻജിൻവള്ളം തുഴഞ്ഞുവന്ന ഏഴുവയസ്സുകാരനെ സംവിധായകന്‍ ജയരാജ് കാണുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ ലോക്കേഷന്‍ നോക്കാനെത്തിയതായിരുന്നു ജയരാജും അണിയറ പ്രവര്‍ത്തകരും. വേമ്പനാട്ട് കായലിലൂടെ അനായാസമായി വലിയ എൻജിന്‍ വള്ളം ഓടിച്ചുപോയ ആദിത്യനെ ജയരാജ് അടുത്തേക്ക് വിളിക്കുകയും, വിശേഷങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.
രണ്ട് മാസത്തിനുശേഷം പിതാവ് മണിക്കുട്ടനെ ഫോണില്‍ വിളിച്ച് ആദിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ജയരാജ് ചോദിച്ചു. ആദ്യം അമ്പരന്നെന്നും, പിന്നീട് സമ്മതം പറയുകയായിരുന്നുവെന്നും ആദിയുടെ അമ്മ നീതു പറയുന്നു. ജീവിത പ്രതിസന്ധികളെ ഒറ്റക്ക് നേരിടുന്ന ഒരു കൊച്ചുകുട്ടിയുടെ കഥയാണ് നിറയെ തത്തകളുള്ള മരം എന്ന സിനിമ പറയുന്നത്. ചിത്രം വെള്ളിത്തിരയിലെത്തിയപ്പോള്‍ മകന്‍ നന്നായി അഭിനയിച്ചുവെന്ന് എല്ലാവരും പറഞ്ഞു. ഇപ്പോള്‍ അവാര്‍ഡും ലഭിച്ചു. വലിയ സന്തോഷവും അഭിമാനവും തോന്നുന്നു എല്ലാവരോടും നന്ദി പറയുന്നതായി ആദിത്യന്‍റെ കുടുംബം അറിയിച്ചു.
തനിക്ക് ലഭിച്ച പുരസ്കാരത്തിന്‍റെ വലുപ്പമൊന്നും ആദിത്യന് അറിയില്ല. ആശംസകളുമായി എത്തുന്നവർക്ക് നന്ദി പറയുകയാണ് കുട്ടിതാരം. കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കണമെന്നാണ് മോഹമെന്നും ചില സിനിമകളിൽനിന്ന് വിളിയെത്തിയിട്ടുണ്ടെന്നും ആദിത്യൻ മാധ്യമത്തോടെ പറഞ്ഞു. കുമരകം എസ്.എല്‍.ബി.എല്‍.പി.സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യന്‍. മൂന്നാം ക്ലാസുകാരി ആദിത്യയാണ് സഹോദരി. മത്സ്യത്തൊഴിലാളിയാണ് പിതാവ് മണിക്കുട്ടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.