കുമാരനല്ലൂരില്‍ അപകടം: കോട്ടയം മെഡിക്കൽ കോളജിൽ കൂട്ടക്കരച്ചിലുയർന്നു
text_fieldsഗാന്ധിനഗർ (കോട്ടയം): കുമാരനല്ലൂരില്‍ അപകടത്തിൽ മരിച്ച മൂന്നു യുവാക്കളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം റെഡ് സോണിൽ നിരനിരയായി കിടത്തിയിട്ടിരിക്കുന്നത് കണ്ടതോടെ രക്ഷിതാക്കളുടെ കൂട്ടക്കരച്ചിലുയർന്നു.
കണ്ടുനിന്ന ജീവനക്കാരടക്കം എല്ലാവരുടെയും കണ്ണുകളും ഈറനണിഞ്ഞു. അപകടത്തിൽപെട്ടവരെ നാട്ടുകാരും ഗാന്ധിനഗർ പൊലീസും ചേർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
മരിച്ചത് ആരൊക്കെയാണെന്ന് അറിയാതെ പൊലീസും ആശുപത്രി ജീവനക്കാരും ബുദ്ധിമുട്ടി. പിന്നീട് ഇവരുടെ സുഹൃത്തുക്കൾ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ആൽവിന്റെ മാതാപിതാക്കളായ ബാബുവും ഷേർളിയുമായിരുന്നു ആദ്യമെത്തിയത്. മൂന്നു സ്ട്രച്ചറുകളിലായി കിടത്തിയിരുന്ന മൃതദേഹങ്ങൾ കണ്ടയുടൻ ഷേർളി തലചുറ്റി വീണു. വീണ ഉടൻ സമീപത്ത് നിന്നിരുന്ന ജീവനക്കാർ ഷേർളിയെ താങ്ങിയെടുത്തു.
സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാർ പ്രഥമ ശുശ്രൂഷ നൽകി. പിന്നാലെ മറ്റ് യുവാക്കളുടെ രക്ഷിതാക്കളും എത്തിയതോടെ അത്യാഹിത വിഭാഗത്തിൽ കൂട്ടക്കരച്ചിലായി. സുരക്ഷ ജീവനക്കാർ വളരെ പ്രയാസപ്പെട്ടാണ് ജനക്കൂട്ടത്തെ അത്യാഹിത വിഭാഗത്തിൽനിന്ന് പുറത്താക്കിയത്. വിവരം അറിഞ്ഞ് വൻജനക്കൂട്ടമാണ് മെഡിക്കൽ കോളജിലേക്ക് ഒഴുകിയെത്തിയത്.
ലോറി പരമാവധി വെട്ടിച്ചു, പക്ഷെ
കോട്ടയം: എന്നും പോകുന്ന റൂട്ടിൽ ടോറസ് ലോറിയിൽ മണ്ണുമായി പോകുകയായിരുന്നു കുമരകം കണ്ണാടിച്ചാല്‍ സ്വദേശി അനൂപ്. കൊച്ചാലുംമൂട് മില്ലെനിയം ജങ്ഷനിലെ വളവു തിരിയുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് മറ്റൊരു ബൈക്കിനെയും കാറിനെയും മറികടന്ന് ബൈക്കില്‍ അമിതവേഗത്തില്‍ മൂന്നു യുവാക്കള്‍ വരുന്നതുകണ്ട് പരമാവധി വെട്ടിച്ചൊതുക്കി. സമീപത്തെ ബദാം മരത്തില്‍ ഇടിച്ച് ലോറിയുടെ ഒരു ഭാഗം റോഡില്‍ നിന്നുമിറങ്ങിയാണ് നിന്നത്. എന്നാൽ, അപ്പോഴേക്കും ബൈക്ക് ലോറിയിൽ പാഞ്ഞുകയറിയിരുന്നുവെന്ന് അനൂപ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.