കുറുവ സംഘം കോട്ടയത്തും എത്തിയിരുന്നു
text_fieldsകോട്ടയം: ആലപ്പുഴ പൊലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് ശെൽവനെ ജൂൺ ആദ്യവാരം ജില്ല പൊലീസും അറസ്റ്റ് ചെയ്തിരുന്നു. രാമപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തിയാണ് പൊലീസ് സംഘം ഇയാളടക്കം രണ്ടുപേരെ പിടികൂടിയത്.
രാമപുരം പുതുവേലിയിൽ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന വയോധികയുടെ 14 ഗ്രാം വരുന്ന 70,000 രൂപ വിലവരുന്ന വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തതാണ് കേസ്.
ആദ്യഘട്ടത്തിൽ യാതൊരു തെളിവും കിട്ടാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിൽനിന്ന് ജില്ലയിലെത്തി പല ഭാഗങ്ങളിലായി പല തൊഴിലുകൾ ചെയ്ത് ജീവിക്കുന്ന ആളുകളാണ് മോഷണത്തിൽ പിന്നിലെന്ന് പിന്നീട് മനസ്സിലായി. അവരിൽ രണ്ടുപേരെ തമിഴ്നാട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതോടെ മോഷണസംഘം തമിഴ്നാട്ടിലെ തേനി ജില്ലയിൽ ചിന്നമന്നൂരിനടുത്ത് കാമാച്ചിപുരം എന്ന ഗ്രാമത്തിൽനിന്ന് വന്നവരാണെന്ന് വ്യക്തമായി. മുൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, പാലാ ഡിവൈ.എസ്.പി കെ. സദൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
തുടർന്ന് ചിന്നമന്നൂരിൽനിന്ന് 11 കിലോമീറ്റർ അകലെ കാമാക്ഷിപുരത്ത് എത്തിയപ്പോഴേക്കും പ്രതികൾ തിരുട്ടുഗ്രാമത്തിലേക്ക് കടന്നിരുന്നു. ഇവിടെയെത്തി പിടികൂടുക എളുപ്പമല്ലാത്തതിനാൽ പൊലീസ് വേഷം മാറി ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സന്തോഷ് തിരുട്ടുഗ്രാമത്തിന് പുറത്ത് ബിവറേജസ് ഷോപ്പിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടുന്നത്. ഉടൻ ഇയാളുമായി കോട്ടയത്തേക്കു മടങ്ങി. അന്നുതന്നെ വൻ സന്നാഹവുമായി തമിഴ്നാട്ടിലേക്കു തിരിച്ചു.
രണ്ടുദിവസം രാത്രിയും പകലുമായി പശുപതി, മാണിക്യം, അർജുൻ തുടങ്ങിയ പ്രതികളുടെ വീടുകളിൽ തിരച്ചിൽ നടത്തുകയും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും യാത്ര ചെയ്യാൻ ഉപയോഗിച്ച ബൈക്കും കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ പിടികൂടാനായില്ലെങ്കിലും മോഷ്ടിച്ച സ്വർണം ചിന്നമന്നൂരിലെ കടയിൽനിന്ന് കണ്ടെടുത്തു. പശുപതി ഒഴികെയുള്ളവരെ പിന്നീട് പിടികൂടിയിരുന്നു.
രാമപുരം, പാലാ, ചങ്ങനാശ്ശേരി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസുണ്ട്. സന്തോഷ് തമിഴ്നാട്ടിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പാലാ, രാമപുരം, കോട്ടയം ഡി.എച്ച്.ക്യു എന്നിവിടങ്ങളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ഓപ്പറേഷനിൽ പങ്കെടുത്തിരുന്നു.
സംഘം താമസിച്ചത് കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളിയിൽ താമസിച്ചാണ് സന്തോഷും സംഘവും രാമപുരത്ത് മോഷണം നടത്തിയത്. ഇതിനിടെ ഇയാളുടെ ഭാര്യക്കും ഭാര്യയുടെ മാതാവിനും എതിരെ പള്ളിക്കത്തോട് പൊലീസ് ആക്രിമോഷണക്കുറ്റം രജിസ്റ്റർ ചെയ്തതോടെയാണ് ഇവർ കൊച്ചിയിലേക്കു താമസം മാറിയത്. ജില്ല പൊലീസ് പ്രതികളെ അന്വേഷിച്ച് ആദ്യമെത്തിയത് കൊച്ചിയിലാണ്. ബന്ധു മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെന്ന് അറിഞ്ഞതിനെ തുടർന്നാണ് പൊലീസും പിന്നാലെ തമിഴ്നാട്ടിലേക്കു പോകുകയായിരുന്നു. പകൽ മറ്റുജോലികളും രാത്രി മോഷണവുമാണ് സംഘത്തിന്റെ രീതി. സ്ത്രീകൾ ആക്രിപെറുക്കാനുമിറങ്ങും. ഒന്നിച്ച് നാട്ടിൽനിന്ന് എത്തിയാലും ചെറിയ സംഘങ്ങളായാണ് ഓരോ സ്ഥലത്തും തമ്പടിക്കുക. രാമപുരത്തൊഴികെ മറ്റ് പലയിടങ്ങളിലും സംഘത്തിന്റെ ദൃശ്യങ്ങൾ സി.സി ടി.വിയിൽനിന്നു ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.