അതിരമ്പുഴയെ ഭീതിയിലാക്കി കുറുവ സംഘം?
text_fieldsകോട്ടയം: അതിരമ്പുഴ പഞ്ചായത്തിനെ ഭീതിയിലാക്കി കുറുവാസംഘം. പഞ്ചായത്തിലെ ഒരുവീട്ടിൽ മോഷണവും അഞ്ചു വീടുകളിൽ മോഷണശ്രമവും നടന്നു. ശനിയാഴ്ച പുലർച്ച സി.സി ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ് കുറുവ സംഘമാണ് മോഷണത്തിനുപിന്നിലെന്ന സംശയം ഉയർന്നത്. ഇതോടെ നാട്ടുകാരും പൊലീസും ജാഗ്രതയിലാണ്.
ശനിയാഴ്ച പഞ്ചായത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പുനൽകി അനൗൺസ്മെൻറ് നടത്തുകയും ചെയ്തു. രാത്രി ഒരുമണിയോടെ അഞ്ചാംവാർഡിൽ കളപ്പുരത്തട്ട് ജോർജ്, നീർമലക്കുന്നേൽ മുജീബ് എന്നിവരുടെ വീട്ടിലാണ് ആദ്യം സംഘം കയറിയത്. ഇരുവീടുകളിലും ആളുകൾ ഉണർന്നതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്ന് പോവുന്ന മൂന്നുപേരുടെ ദൃശ്യങ്ങളാണ് സി.സി ടി.വിയിൽ പതിഞ്ഞത്. തുടർന്ന് 2.30 ഓടെ ആറാം വാർഡിൽ, ഏറ്റുമാനൂരിൽ ഗോൾഡ് കവറിങ് സ്ഥാപനം നടത്തുന്ന യാസിെൻറ വീട്ടിൽ കയറി. പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറി ഉറങ്ങിക്കിടന്ന സ്ത്രീയുടെ കാലിൽനിന്ന് പാദസരം കവർന്നു. ഇത് ഗോൾഡ് കവറിങ് ആയിരുന്നു. തുടർന്ന് പരിസരത്തെ മൂന്നു വീടുകളിലും സംഘം കയറി. ആളുകൾ ഉണർന്നപ്പോൾ രക്ഷപ്പെട്ടു. എല്ലാ വീടുകളിലും പുറകുവശത്തെ വാതിലാണ് തുറന്നിട്ടുള്ളത്. വാതിൽ തകർക്കാതെ മുകളിലെ വിജാഗിരിയിൽ കട്ടിളയിലുള്ള ഭാഗം മാത്രം ഇളക്കിയാണ് അകത്തുകയറിയിട്ടുള്ളത്.
യാസിെൻറ വീടിെൻറ പരിസരത്തുനിന്ന് ഇവരുടേതെന്ന് കരുതുന്ന മുണ്ടും കമ്പിപ്പാരയും കണ്ടെടുത്തിട്ടുണ്ട്. ഇവിടത്തെ സ്ത്രീക്കും കുഞ്ഞിനും പകൽ മുഴവൻ മയക്കമുണ്ടായിരുന്നു. കവർച്ചസംഘം ഇവരെ മയക്കാൻ മരുന്ന് സ്പ്രേ ചെയ്തിരിക്കാമെന്നും സംശയമുണ്ട്.
വിവരം അറിഞ്ഞതോടെ പഞ്ചായത്ത് പ്രസിഡൻറ് ബിജു വലിയമലയുടെയും ഏറ്റുമാനൂർ സി.ഐ രാജേഷിെൻറയും നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. പഞ്ചായത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പും നിർദേശങ്ങളും നൽകാനും തീരുമാനിച്ചു. പ്രദേശത്ത് പൊലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞ് കാവലുണ്ട്.
പൊലീസിെൻറ നിർേദശങ്ങൾ
അടഞ്ഞുകിടക്കുന്ന വാതിലിനുപിറകിൽ ഒന്നിലധികം അലൂമിനിയം പാത്രങ്ങൾ അടുക്കിവെക്കുക. (വാതിലുകൾ കുത്തിത്തുറന്നാൽ ഈ പാത്രം മറിഞ്ഞുവീണുണ്ടാകുന്ന ശബ്ദംകേട്ട് ഉണരാൻ സാധിക്കും).
വാർഡുകളിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്ക്വാഡ് പ്രവർത്തനം നടത്തുക.
അനാവശ്യമായി വീടുകളിൽ എത്തിച്ചേരുന്ന ഭിക്ഷക്കാർ, ചൂൽ വിൽപനക്കാർ, കത്തി കാച്ചികൊടുക്കുന്നവർ തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റിനിർത്തുക.
അസമയത്ത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക.
അയൽപക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പൊലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.