കൂട്ട പലായനം: കുട്ടനാടിന് അഭയകേന്ദ്രമായി വീണ്ടും ചങ്ങനാശ്ശേരി
text_fieldsചങ്ങനാശ്ശേരി: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ചങ്ങനാശ്ശേരിയിലേക്ക് ആളുകളുടെ കൂട്ട പലായനം. അവശ്യ സാധനങ്ങളും രേഖകളും വളർത്തുമൃഗങ്ങളുമായി ടിപ്പർ ലോറി, ട്രാക്ടർ, വലിയ വള്ളങ്ങൾ, ബോട്ടു മാർഗം തുടങ്ങി പല വഴികളിലൂടെ നൂറുകണക്കിനാളുകളാണ് ചങ്ങനാശ്ശേരിയിൽ ഞായറാഴ്ച എത്തിയത്. ബന്ധുവീടുകൾ, വാടക വീടുകൾ എന്നിവിടങ്ങളിലേക്കാണ് മാറുന്നത്. കുട്ടനാട് അരപ്പൊക്കം വെള്ളത്തിലായി.
മുട്ടാര്‍, എടത്വ, കാവാലം, പുളിങ്കുന്ന് പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. നാലടിയിലേറെ വെള്ളം കയറിയതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം പൂർണമായും നിലച്ചു. എ.സി റോഡിൽ ആവണി മുതൽ കിടങ്ങറ വരെ പൂർണമായും വെള്ളത്തിൽ മുങ്ങി. രക്ഷാപ്രവർത്തനത്തിന് പോകുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒാളമടിച്ച് എ.സി റോഡരികിൽ നിർമിച്ച താൽക്കാലിക ഭവനങ്ങളിലേക്ക് വെള്ളം ഇരച്ചെത്തിയതും ദുരിതമായി.
എ.സി കനാലിലെ പോള പൂർണമായും നീക്കാത്തതിനാൽ യാത്ര ദുർഘടമായതോടെ റോഡിൽ വള്ളമിറക്കിയാണ് പലരും കരപറ്റുന്നത്. പ്രദേശത്തെ ഉയർന്ന പാലങ്ങളിൽ വളർത്തുമൃഗങ്ങളെയും വാഹനങ്ങളും സുരക്ഷിതമായി മാറ്റി. താലൂക്കിൽ ഞായറാഴ്ച 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
പറാല്‍, വെട്ടിത്തുരുത്ത്, പൂവം, നക്രാല്‍, കുറിച്ചി ആനക്കുഴി മേഖലകളില്‍നിന്ന് ജനങ്ങള്‍ ഒഴിയുകയാണ്. പച്ചക്കറിച്ചന്തയിലും വെള്ളം കയറിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.