ഭക്ഷ്യസുരക്ഷ; ഭക്ഷണ പാർസലുകളിലെ ലേബൽ മറഞ്ഞു
text_fieldsകോട്ടയം: ഭക്ഷണ പാർസലുകൾക്ക് മുകളിൽ സമയപരിധി രേഖപ്പെടുത്തി ലേബലുകൾ പതിക്കണമെന്ന സർക്കാർ നിർദേശം ‘മറവിയിൽ’.
കോട്ടയത്തടക്കം ഭക്ഷ്യവിഷബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്തതോടെയാണ് പാർസല്‍ കൊടുക്കുന്ന ഭക്ഷണക്കവറുകൾക്ക് മുകളിൽ ഇത് നല്കുന്ന സമയം, എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നിവ രേഖപ്പെടുത്തി സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകിയത്.
ഭക്ഷ്യമന്ത്രി സംസ്ഥാനതലത്തിൽ വിളിച്ച ഹോട്ടൽ ഉടമകളുടെ യോഗത്തിലും സ്റ്റിക്കർ പതിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പാർസലുകളിലെല്ലാം ലേബൽ പതിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടതോടെ ഇത് നിലച്ചു. നിലവിൽ സ്റ്റിക്കറില്ലാതെയാണ് ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിൽനിന്നും പാഴ്സലുകളുടെ വിതരണം.
അതിനിടെ, ഭക്ഷ്യവിഷബാധ വർധിച്ചതോടെ ഈ വർഷം ആദ്യം ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് കാട്ടി സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണർ ഉത്തരവിട്ടിരുന്നു.
കടകളിൽനിന്ന് വിൽപന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന് നിയമമുണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പാക്കാൻ നിർദേശിച്ചതെന്ന് കമീഷണർ വ്യക്തമാക്കിയിരുന്നു. പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സമയപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യവിഷബാധ വർധിക്കുന്ന സാഹചര്യമുണ്ടെന്നും ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണമെന്നാണ് നിബന്ധന.
എന്നാൽ, ഓരോ ഭക്ഷണവും തയാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവർമപോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടം വരുത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കടകളിൽനിന്ന് പാർസലായി വിൽപന നടത്തുന്ന ഊണ്, സ്നാക്സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവക്കെല്ലാം നിയമം ബാധകമാണെന്നും ഭക്ഷ്യ സുരക്ഷ കമീഷണർ ചൂണ്ടിക്കാട്ടിയിരുന്നു. ഓൺലൈനായി വിപണനം നടത്തുന്ന ഭക്ഷണ പാക്കറ്റുകളിലും ലേബൽ പതിക്കണമെന്നും നിർദേശിച്ചിരുന്നു.
ഇതിനു പിന്നാലെ ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കിയതോടെ വീണ്ടും സ്റ്റിക്കറുകൾ മടങ്ങിയെത്തി. എന്നാൽ, പരിശോധന നിലച്ചതോടെ വീണ്ടും പുറത്തായി. ഉപഭോക്താക്കളും ഇക്കാര്യം മറന്നതോടെ പഴയപടിയായി കാര്യങ്ങളെന്ന് ഭക്ഷ്യോപദേശക സമിതി അംഗം എബി ഐപ്പ് പറഞ്ഞു. സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും മയോണൈസ് തയാറാക്കില്ലെന്ന് ഹോട്ടല്‍ പ്രതിനിധികളുമായി മന്ത്രി വീണ ജോർജ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനം എടുത്തിരുന്നു. കൂടുതല്‍ നേരം മയോണൈസ് വെച്ചിരുന്നാല്‍ അപകടകരമാകുമെന്ന വിലയിരുത്തലിലായിരുന്നു തീരുമാനം. ഇതും ഇപ്പോൾ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.