നാലാം പ്ലാറ്റ്ഫോമിൽ ട്രെയിനുണ്ട്; ബോർഡില്ല
text_fieldsകോട്ടയം: നവീകരണം പൂർത്തിയായിട്ടും അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കോട്ടയം റെയിൽവേ സ്റ്റേഷൻ. പുതിയതായി നിർമ്മിച്ച നാലാം പ്ലാറ്റ് ഫോമിൽനിന്ന് ട്രെയിനുകൾ പുറപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇവിടേക്ക് ദിശാസൂചികയോ ബോർഡോ സ്ഥാപിച്ചിട്ടില്ല. പുലർച്ചെ 5.15 നുള്ള നിലമ്പൂർ എക്സ്പ്രസ് നാലാം പ്ലാറ്റ്ഫോമിൽനിന്നാണ് പുറപ്പെടുന്നത്. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ആദ്യ സർവീസായതിനാൽ നിരവധി യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.
എന്നാൽ, സ്റ്റേഷനിലൊരിടത്തും പ്ലാറ്റ് ഫോം നമ്പർ നാലിലേക്കുള്ള സൂചനാബോർഡില്ല. പ്രവേശന കവാടത്തിൽ ഒന്നുമുതൽ മൂന്നുവരെയുള്ള പ്ലാറ്റ് ഫോം മാത്രമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ട്രെയിൻ പുറപ്പെടാൻ സമയമാകുമ്പോൾ പ്ലാറ്റ് ഫോം തിരക്കി പുതിയതായി എത്തിയവർ പരക്കം പായുന്നത് പതിവ് കാഴ്ചയാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ഓവർബ്രിഡ്ജും യാത്രക്കാരെ വലക്കുന്നതായി പരാതിയുണ്ട്. സ്റ്റേഷനിലേക്ക് എത്തുമ്പോൾ ആദ്യം കാണുന്ന ഓവർ ബ്രിഡ്ജിലൂടെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് മാത്രമേ എത്താനാകൂ. ഇതറിയാതെ പലരും നാലിലേക്ക് പോകാൻ ഇതിൽ കയറുന്നത് പതിവാണ്.
പ്ലാറ്റ് ഫോം ഒന്നിന്റെ വടക്കുഭാഗത്തെ ഓവർ ബ്രിഡ്ജിലൂടെയാണ് നാലിലേക്ക് പ്രവേശനം. എന്നാൽ, ഇവിടെയും ‘നാല് പുറത്താണ്’. ഒന്നുമുതൽ മൂന്നു വരെ മാത്രമേ ഇവിടെ അടയാളപ്പെടുത്തിയിട്ടുള്ളൂ. സ്റ്റേഷൻ അധികൃതരുടെ അനാസ്ഥയാണ് ഇതിനുകാരണമെന്നും ആക്ഷേപമുണ്ട്. മുതിർന്ന പൗരന്മാർക്കടക്കം ഇത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്റ്റേഷനിലെ ഡിജിറ്റൽ ഡിസ്പ്ലേ പലപ്പോഴും പ്രവർത്തനരഹിതമാണ്. പ്ലാറ്റ് ഫോം ഒന്നിലേക്ക് ഇറങ്ങാനുള്ള ലിഫ്റ്റും അനുബന്ധ സംവിധാനങ്ങളും നിലവിൽ പ്രവർത്തന സജ്ജമല്ല. അംഗപരിമിതർക്ക് ബദൽ സംവിധാനവും ഒരുക്കിയിട്ടില്ല.
പ്ലാറ്റ് ഫോമുകളുടെ നീളം വർധിപ്പിച്ചപ്പോൾ ഇതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. മെമു സർവീസിനെന്ന് പ്രഖ്യാപിച്ചിരുന്ന പ്ലാറ്റ് ഫോം ഒന്ന് എയിൽ നിന്ന് ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. ഇതിന്റെ നിർമാണം പൂർത്തിയായതിനുപിന്നാലെയായിരുന്നു സുരക്ഷയുടെ പേരിൽ പ്രൈവറ്റ് സ്റ്റാൻഡിലേക്കുള്ള പാത അടച്ചുകെട്ടിയത്. നൂറുകണക്കിന് യാത്രക്കാർ വേഗത്തിൽ ബസ്സ്റ്റാന്റിലെത്താൻ ആശ്രയിച്ചിരുന്ന പാതയാണ് അടച്ചുകെട്ടിയത്. എന്നാൽ, ഇതുവരെ മെമു സർവീസ് ഇവിടേക്ക് മാറ്റിയിട്ടില്ല. വേണ്ടത്ര സി.സി.ടിവികൾ ഇല്ലെന്നും റെയിൽവേ യാത്രക്കാരുടെ സംഘടനകൾ പറയുന്നു.
സ്റ്റേഷന്റെ മുൻഭാഗത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. രണ്ടിൽ കൂടുതൽ വാഹനമെത്തിയാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിൽ പുതിയതായി നിർമിക്കുന്ന രണ്ടാം കവാടത്തിൽ വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമൊരുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ടൂവീലർ പാർക്കിങ് കേന്ദ്രത്തിൽനിന്ന് സ്റ്റേഷനിലേക്ക് കടക്കാനുണ്ടായിരുന്ന ഇടനാഴി അടച്ചതും യാതക്കാരെ വലക്കുന്നുണ്ട്. ഇപ്പോൾ വാഹനം പാർക്ക് ചെയ്ത് 200 മീറ്ററിലേറെ ചുറ്റിക്കറങ്ങി വേണം സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ. പലപ്പോഴും ട്രെയിൻ ലഭിക്കാതിരിക്കാൻ ഇത് കാരണമാകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, സൂചനാബോർഡ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ജോലികൾ നടന്നുവരികയാണെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.