സ്ഥലമെടുപ്പുപോലും പൂർത്തിയായില്ല, മാങ്കുളം ജലവൈദ്യുതി പദ്ധതി അനിശ്ചിതാവസ്ഥയിൽ
text_fieldsഅടിമാലി: സ്ഥലമെടുപ്പുപോലും പൂർത്തിയാകാത്ത മാങ്കുളം ജലവൈദ്യുതി അനിശ്ചിതാവസ്ഥയിൽ. 2012ൽ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് രണ്ട് പതിറ്റാണ്ടായിട്ടും സ്ഥലമെടുപ്പ് പോലും പൂർത്തിയാകാതെ അനിശ്ചിതാവസ്ഥയിൽ കിടക്കുന്നത്.
സ്ഥലമെടുപ്പിന് 80 കോടിയും ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിൽ അഞ്ച് കോടിയും ചെലവഴിച്ചിട്ടും പദ്ധതിയുടെ നിർമാണം എന്ന് തുടങ്ങുമെന്നതിനെക്കുറിച്ച് ഇതേവരെ ധാരണയിലെത്തിയിട്ടില്ല. ഇനിയും സ്ഥലമെടുപ്പ് പൂർത്തിയാകാനുള്ളതാണ് തടസ്സമായി നിൽക്കുന്നത്.
1999 ഒക്ടോബറിൽ 24ന് അന്നത്തെ വൈദ്യുതിമന്ത്രി എസ്. ശർമ മാങ്കുളത്തെ എത്തിയാണ് ആദ്യഘട്ടം 40 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം ചെറുകിട ജലവൈദ്യുതി പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തുടർന്ന് 40 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിച്ച് ശേഷി 80 മെഗാവാട്ടായി ഉയർത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
മാങ്കുളം പള്ളിസിറ്റി ഭാഗത്ത് ഡാമും ആറു കി.മീ. ദൂരെ കുറത്തിക്കുടിയിൽ വൈദ്യുതി നിലയവും സ്ഥാപിക്കുന്നതിനാണ് വൈദ്യുതി ബോർഡ് പദ്ധതി ആവിഷ്കരിച്ചത്. 2008ൽ പദ്ധതിയുടെ നടത്തിപ്പിന് േപ്രാജക്ട് ഓഫിസ് പ്രവർത്തനം ആരംഭിച്ചു. തുടർന്ന് നടന്ന പ്രാഥമിക സർവേ ജോലികളിൽ 80.013 ഹെക്ടർ ഭൂമി പദ്ധതിക്ക് ഏറ്റെടുക്കാൻ തീരുമാനിച്ചു.
മാങ്കുളം ടൗണുമായി ബന്ധപ്പെട്ടുള്ള കർഷകരുടെ കൃഷിഭൂമിയും കുറത്തിക്കുടി മേഖലയിലെ വനഭൂമിയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, 68. 893 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്.
ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് പദ്ധതിക്ക് തടസ്സമായിരിക്കുന്നത്. ഇതിൽ 5.12 ഹെക്ടർ പട്ടയം ഇല്ലാത്തതും ശേഷിക്കുന്നത് പട്ടയമുള്ള ഭൂമിയുമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2016ൽ കലക്ടർ ചെയർമാനായി രൂപവത്കരിച്ച പർച്ചേസ് കമ്മിറ്റി യോഗങ്ങളിൽ പട്ടയം ഇല്ലാത്ത കൈവശ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകുന്നത് സർക്കാർ നിർദേശത്തോടുകൂടി മാത്രം നടപ്പാക്കാവൂവെന്ന് കലക്ടർ മിനിറ്റ്സിൽ എഴുതിച്ചേർത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ, 2016 ജനുവരി 28വരെ പട്ടയം ഇല്ലാത്ത 70 കൃഷിക്കാരുടെ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. പട്ടയഭൂമിക്ക് നൽകിയ നഷ്ടപരിഹാരം ഇവർക്കും ലഭിച്ചിരുന്നു. കലക്ടറുടെ ഉത്തരവ് വന്നതോടെ പട്ടയം ഇല്ലാത്ത ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ ചുവപ്പുനാടയിൽ കുരുങ്ങി. ഇതാണ് ഇപ്പോൾ പ്രധാന തടസ്സം.
ഭൂമി ഏറ്റെടുക്കാനും ഓഫിസ് പ്രവർത്തനത്തിനും ഉദ്യോഗസ്ഥ ശമ്പളവുമായി ഇതുവരെ 75 കോടിയോളം ചെലവഴിച്ചതായാണ് കണക്ക്. ഇതിനിടെ, ഇനി ഏറ്റെടുക്കാനുള്ള ഭൂമിയുടെ ഉടമകൾ ഇപ്പോഴത്തെ ഉയർന്ന വില നൽകിയാലെ ഭൂമി വിട്ടുനൽകൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.
മാങ്കുളം ചെറുകിട വൈദ്യുതി പദ്ധതിക്കുവേണ്ടി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് കാടും മുൾപ്പടർപ്പും വളർന്ന് പന്തലിച്ചതോടെ ഇവിടം കാട്ടുപന്നികളുടെ ആവാസകേന്ദ്രമായി മാറി. ഇതോടെ ടൗൺ ഉൾപ്പെടെയുള്ള പ്രദേശം കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായി മാറി. ഡാം വരുന്നതോടെ ഒഴിയേണ്ടിവരുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ സംവിധാനം ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് സ്ഥലവും കണ്ടെത്തിയിരുന്നു. ഇതിനാവശ്യമായ നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
എറ്റെടുത്ത ഭൂമി വനഭൂമിക്ക് സമാനമായതോടെ കാട്ടുപന്നികൾ ഇവിടം താവളമാക്കി. ഇത് കർഷകർക്കും വലിയ ഭീഷണിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.