ഭൂമി തരം മാറ്റൽ അദാലത്: 1040 പേർക്ക് ആശ്വാസം; ഉത്തരവ് കൈമാറി
text_fieldsകോട്ടയം: കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ 1040 പേർക്ക് ആശ്വാസമായി ഭൂമി തരംമാറ്റി നൽകിയ ഉത്തരവുകൾ കൈമാറി.
ഭൂമി തരംമാറ്റാനായുള്ള അപേക്ഷകർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ, കടുത്തുരുത്തി എന്നിവിടങ്ങളിൽ നടന്ന അദാലത്തിലൂടെയാണ് ഉത്തരവുകൾ കൈമാറിയത്.
ഭൂമി തരംമാറ്റി ലഭിക്കാനായി വർഷങ്ങളായി കാത്തിരുന്നവർക്കാണ് അദാലത്ത് ആശ്വാസമായത്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്. കോട്ടയം താലൂക്കിൽ നിന്ന് 368 പേർക്കും ചങ്ങനാശേരി താലൂക്കിൽനിന്ന് 131 പേർക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽനിന്ന് ഒരാൾക്കുമാണ് ഭൂമി തരംമാറ്റി ഉത്തരവ് നൽകിയത്.
ജില്ല കലക്ടർ വി. വിഗ്നേശ്വരി ഇവ കൈമാറി. അഡീഷനൽ ജില്ല മജിസ്ട്രേട്ട് ജി. നിർമൽ കുമാർ, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) സോളി ആന്റണി, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ചങ്ങനാശ്ശേരി തഹസിൽദാർ ടി.എ. വിജയസേനൻ എന്നിവർ പങ്കെടുത്തു.
മീനച്ചിൽ, വൈക്കം താലൂക്കുകൾക്കായി കടുത്തുരുത്തിയിൽ നടന്ന അദാലത്തിൽ 540 പേർക്കാണ് ഭൂമി തരംമാറ്റി ഉത്തരവു ലഭിച്ചത്. എം.എൽ.എമാരായ സി.കെ. ആശയും മോൻസ് ജോസഫും കലക്ടർ വി. വിഘ്നേശ്വരിയും ഉത്തരവുകൾ കൈമാറി. വൈക്കം താലൂക്കിൽ നിന്ന് 505 പേർക്കും മീനച്ചിൽ താലൂക്കിൽ നിന്നു 35 പേർക്കുമാണ് ഉത്തരവു ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.