മൂവാറ്റുപുഴയാറിന്റെ തീരത്ത് മണ്ണിടിച്ചിൽ
text_fieldsതലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിന്റെ തീരത്തുണ്ടായ മണ്ണിടിച്ചിലിൽ കടകൾക്ക് നാശം. വെള്ളൂർ റെയിൽവേ മേൽപാലത്തിന് സമീപമായിരുന്നു സംഭവം. സമീപത്തെ കെട്ടിടം ഭാഗികമായി തകർന്നു. ഇതിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിന്റെയും ആക്രിക്കടയുടെയും ഒരുഭാഗം മൂവാറ്റുപുഴ ആറിലേക്ക് പതിച്ചു.
ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് ഷാപ്പിന്റെ പകുതി ഭാഗത്തോളം മൂവാറ്റുപുഴ ആറിലേക്ക് പതിച്ചത്. ഈസമയം ഷാപ്പിൽ ഉണ്ടായിരുന്നവർ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളൂർ പുലിയപ്പുറം ഷാഹുൽ ഹമീദിന്റെ ആക്രിക്കടയുടെ പകുതി ഭാഗവും ആറ്റിൽ പതിച്ചു. ഇതിനൊപ്പം ആക്രിസാധനങ്ങളും ഒലിച്ചുപോയി. എട്ടുലക്ഷം രൂപയുടെ ആക്രിസാധനങ്ങൾ വെള്ളത്തിൽ പോയതായി ഷാഹുൽഹമീദ് പറഞ്ഞു. ഷാഹുൽ ഹമീദിന്റെ വീടും അപകട ഭീഷണിയിലാണ്. മണ്ണിടിച്ചിൽ തുടർന്നാൽ റെയിൽവേ മേൽപാലത്തിനും അപകടമാണെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ അധികൃതരും റവന്യൂ, പഞ്ചായത്ത് അധികൃതരും ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മൂവാറ്റുപുഴ ആറിന്റെ വെള്ളൂർ മുതൽ വെട്ടിക്കാട്ടുമുക്ക് പാലം വരെ പലതവണ മണ്ണിടിച്ചിലുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. തീരത്തെ കടകൾ, വീടുകൾ, റോഡുകൾ എന്നിവ അപകട ഭീഷണിയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതെ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് നികിത കുമാറും വെള്ളൂർ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.