കോട്ടയം ആര് പിടിക്കും? അവസാന നിമിഷവും സസ്പെൻസ്
text_fieldsകോട്ടയം: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കോട്ടയം പാർലമെന്റ് മണ്ഡലം ഇക്കുറി ആരെ തുണക്കുമെന്ന സസ്പെൻസ് തുടരുകയാണ്. മണ്ഡലത്തിന്റെ പൊതുസ്വഭാവംവെച്ച് ഇക്കുറിയും തങ്ങൾ ജയിക്കുമെന്ന് യു.ഡി.എഫ് അവകാശവാദം ഉന്നയിക്കുമ്പോഴും കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനവും സിറ്റിങ് എം.പി തോമസ് ചാഴികാടന്റെ വ്യക്തിപ്രഭാവവും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ, മണ്ഡലത്തിലെ ഈഴവ, നായർ വോട്ടുകളും ലവ് ജിഹാദ്, റബർ വില എന്നീ വിഷയങ്ങൾ ഉയർത്തിയുമുള്ള പ്രചാരണം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എയും. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇക്കുറിയെന്ന് എല്ലാ മുന്നണികളും സമ്മതിക്കുന്നു.
നിശ്ശബ്ദപ്രചാരണ ദിനത്തിലും വിവാദങ്ങൾ കൊഴിപ്പിച്ചുള്ള പ്രചാരണമാണ് മുന്നണികൾ നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച തോമസ് ചാഴികാടൻ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ അത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. കോൺഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ അതുകൊണ്ടാണ് കഴിഞ്ഞതവണ ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാഴികാടൻ ജയിച്ചത്. എന്നാൽ, ഇക്കുറി ആ സാഹചര്യമില്ലെന്നും അവർ പറയുന്നു. എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന തോമസ് ചാഴികാടനും പാർട്ടിയും യ.ഡി.എഫിനെ വഞ്ചിച്ച് പോയതാണെന്ന പ്രചാരണമാണ് യു.ഡി.എഫ് അവസാന നിമിഷവും തുടരുന്നത്. മണ്ഡലം ഉൾപ്പെട്ട ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫിനുള്ള സ്വാധീനവും അവർ തെളിവായി ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ടുകൾ കൃത്യമായി പോൾ ചെയ്താൽ അനായാസ ജയം ഫ്രാൻസിസ് ജോർജിന് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ, കോട്ടയത്തെ ജനത ഇൻഡ്യ മുന്നണിക്ക് പിന്തുണ നൽകുന്ന വ്യക്തിയെ തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും അല്ലാതെ ജയിച്ച ശേഷം ബി.ജെ.പിക്ക് വേണ്ടി കൈപൊക്കുന്നവരെയല്ലെന്നുമുള്ള പ്രചാരണത്തിലാണ് മാണി വിഭാഗവും എൽ.ഡി.എഫും. മണ്ഡലത്തിലെ ജനങ്ങൾ കഴിഞ്ഞ അഞ്ച് വർഷം എം.പിയെന്ന നിലയിൽ ചാഴികാടൻ നടത്തിയ പ്രവർത്തനങ്ങളെ അംഗീകരിച്ചെന്നും അതിനാൽ വോട്ടും അനുകൂലമാകുമെന്ന പ്രതീക്ഷ അവർ വെക്കുന്നു.
കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന്റെ വോട്ട് കൊണ്ട് ഭൂരിപക്ഷം ഒരുലക്ഷം കടന്നതെന്നും അന്ന് എതിരായിരുന്ന സി.പി.എം ഉൾപ്പെട്ട എൽ.ഡി.എഫ് ഒപ്പമുള്ളതിനാൽ ഭൂരിപക്ഷം കഴിഞ്ഞതവണത്തെക്കാൾ കൂടുമെന്ന പ്രതീക്ഷയും മാണി വിഭാഗം മറക്കുന്നില്ല.
എന്നാൽ, ഈഴവ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ബി.ഡി.ജെ.എസ് അധ്യക്ഷൻ കൂടിയായ തുഷാർ വെള്ളാപ്പള്ളി നേടുന്ന വോട്ട് ഇരുമുന്നണിയെയും ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞതവണ സി.പി.എം സ്ഥാനാർഥിയായിരുന്ന വി.എൻ. വാസവന് ലഭിച്ച വോട്ടുകളാണ് ഇതിലേറെയും. ഈ ആശങ്ക എൽ.ഡി.എഫിനുണ്ടെങ്കിലും അത്തരം സാഹചര്യം ഒഴിവാക്കാനുള്ള എല്ലാ നടപടിയും പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. അതിന് പുറമെ സ്ഥാനാർഥികളുടെ ബാഹുല്യവും മുന്നണികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വിമതർ ഇല്ലെന്നത് മാത്രമാണ് എല്ലാവർക്കും ആശ്വാസം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൂടിയായ കോട്ടയത്ത് ജനവിധി തേടുന്നത് 14 പേരാണ്. സമുദായ, സ്ത്രീവോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ അവരുടെ നിലപാടുകളാകും പ്രധാനമായും ജയപരാജങ്ങളെ സ്വാധീനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.