ഒരു നാടിനെ പത്രം വായിപ്പിച്ച ലത്തീഫ് അണ്ണൻ ഓർമയായി
text_fieldsഅബ്ദുൽ ലത്തീഫ് തന്റെ സൈക്കിളിനൊപ്പം (ഫയൽ ചിത്രം)
കാഞ്ഞിരപ്പള്ളി: പുലർച്ച സൈക്കിളിൽ പത്രവുമായി എത്തുന്ന പട്ടിമറ്റം കല്ലോലിക്കൽ അബ്ദുൽ ലത്തീഫ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ലത്തീഫ് അണ്ണൻ ഇനി ഓർമ. പട്ടിമറ്റം ഭാഗത്തെ പുതുതലമുറയിൽപെട്ടവർ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതലുള്ള പതിവുകാഴ്ചയാണ് ലത്തീഫ് അണ്ണന്റെ സൈക്കിളിലുള്ള പത്രവിതരണം. മിക്കവരും വീട്ടുപടിക്കൽ സൈക്കിളിന്റെ മണിയടിയോ പത്രം വരാന്തയിൽ വന്നു വീഴുന്ന ശബ്ദമോ കേട്ട് ഉണരാറാണ് പതിവ്.
35 വർഷത്തിലധികമായി ‘മാധ്യമം’ ഉൾപ്പെടെ നിരവധി ദിനപത്രങ്ങളുടെ ഏജന്റായിരുന്നു ഇദ്ദേഹം. 75 വയസ്സായെങ്കിലും പത്രവിതരണത്തിൽ അതൊരു തടസ്സമായിരുന്നില്ല. എത്ര വലിയ കയറ്റമാണെങ്കിലും അവിടെയെല്ലാം സൈക്കിൾ ചവിട്ടി അതിരാവിലെ പത്രവുമായി ലത്തീഫണ്ണൻ എത്തും. സൈക്കിളിന് പോകാൻ വഴിയില്ലെങ്കിൽ സൈക്കിൾ എടുത്തുകൊണ്ടാണെങ്കിലും അവിടെയെത്തും, അതായിരുന്നു പ്രത്യേകത. അപകടം സംഭവിക്കുന്ന അന്ന് രാവിലെയും പതിവുപോലെ പത്രവിതരണം നടത്തിയതാണ് ഇദ്ദേഹം.
മകൻ ഷെബീറും പത്ര ഏജന്റാണ്. രണ്ടാഴ്ച മുമ്പാണ് അബ്ദുൽലത്തീഫും ഭാര്യ സഫിയയും ഉംറ നിർവഹിച്ച് തിരിച്ചെത്തിയത്. തന്റെ സന്തത സഹചാരിയായ സൈക്കിളിൽ യാത്ര ചെയ്യുമ്പോഴാണ് ഒരാഴ്ച മുമ്പ് ദേശീയപാതയിൽ 26ാം മൈലിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. സൈക്കിൾ യാത്ര അവസാനിപ്പിച്ച്, പത്രക്കെട്ടുകൾ ഉപേക്ഷിച്ച് ലത്തീഫ് യാത്രയായപ്പോൾ ആ വേർപാട് ഒരു നാട്ടിലെ പത്രവായനക്കാർക്കും അക്ഷരസ്നേഹികൾക്കും ഏറെ വേദന ഉളവാക്കുന്ന ഒന്നാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.