കോട്ടയത്ത് എൽ.ഡി.എഫ് കളത്തിലിറങ്ങി; യു.ഡി.എഫിൽ കട്ട വെയിറ്റിങ്
text_fieldsകോട്ടയം: ഔദ്യോഗിക പ്രഖ്യാപനമായതോടെ പ്രചാരണത്തിന് തുടക്കമിട്ട് സി.പി.എം സ്ഥാനാർഥികൾ. സിറ്റിങ് സീറ്റായ ഏറ്റുമാനൂരടക്കം ജില്ലയിൽ മൂന്നിടത്താണ് സി.പി.എം മത്സരിക്കുന്നത്. ഏറ്റുമാനൂരില്‍ ജില്ല സെക്രട്ടറി വി.എന്‍. വാസവെൻറയും കോട്ടയത്ത് കെ. അനില്കുമാറിെൻറയും പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസിെൻറയും പേരുകള്‍ ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ഇവർ കളത്തിലിറങ്ങി. കഴിഞ്ഞദിവസം വൈക്കത്തെ സ്ഥാനാർഥിയായി സി.കെ. ആശയെ സി.പി.ഐ പ്രഖ്യാപിച്ചിരുന്നു. അവരും വൈക്കത്ത് സജീവമായി. ബുധനാഴ്ച രാത്രി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.
അതേസമയം, യു.ഡി.എഫിലും എന്‍.ഡി.എയിലും സ്ഥാനാര്‍ഥികള്‍ക്കായി പ്രവർത്തകർ കാത്തിരിപ്പിലാണ്. കോൺഗ്രസ് സീറ്റുചർച്ചകൾ ഡൽഹി കേന്ദ്രീകരിച്ചായതിനാൽ അവിടേക്കാണ് പ്രവർത്തകരുടെ കണ്ണ്. യു.ഡി.എഫിൽ വീണ്ടും സീറ്റുകളിൽ വെച്ചുമാറ്റമുണ്ടാകുമെന്ന സൂചനകളുമുണ്ട്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്ന ചർച്ചകളിലെ ധാരണയനുസരിച്ച് പ്രിന്‍സ് ലൂക്കോസ് അനൗദ്യോഗിക പ്രചാരണം ആരംഭിച്ച ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് നല്‍കിയേക്കും. ഏറ്റുമാനൂർ കേരള കോൺഗ്രസിന് വിട്ടുനൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെ സ്ഥാനാർഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തർക്കം ഉടലെടുത്തു. സീറ്റിനായി സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെ രംഗത്തുവന്നതോടെ പി.ജെ. ജോസഫും ഏറ്റുമാനൂര്‍ വിട്ടുകൊടുക്കാൻ സമ്മതം മൂളിയതായാണ് അറിയുന്നത്. പകരം പൂഞ്ഞാര്‍ വേണമെന്നാണ് ആവശ്യം. എന്നാല്‍, ടോമി കല്ലാനി ഉറപ്പിച്ച പൂഞ്ഞാര്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് സമ്മതമല്ല. ഇതോടെ തര്‍ക്കം തുടരുകയാണ്.
കോണ്‍ഗ്രസിന് ലഭിച്ച കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ഥിയും ആരെന്ന് വ്യക്തമല്ല. കെ.സി. ജോസഫിനായി സജീവമായി ഉമ്മന്‍ ചാണ്ടി രംഗത്തുണ്ടെങ്കിലും ഹൈകമാന്‍ഡിന് താൽപര്യമില്ല. എന്നാല്‍, എ ഗ്രൂപ്പിെൻറ സമര്‍ദത്തില്‍ കെ.സി. ജോസഫ് തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന് സീറ്റ് നൽകി വാഴക്കന് കാഞ്ഞിരപ്പള്ളിയെന്ന ചർച്ച ഡൽഹിയിൽ നടക്കുന്നുണ്ടെങ്കിലും ഗ്രൂപ്പുകൾ ഇടങ്കോലിടുന്നതായാണ് സൂചന. അതിനിടെ ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കുമെന്ന ചർച്ചകൾ ഡൽഹിയിൽനിന്ന് പുറത്തുവരുന്നുണ്ട്. ഇങ്ങനെവന്നാൽ പുതുപ്പള്ളിയിലേക്ക് പുതുമുഖം എത്താം.
നേരത്തേ നേമം ചർച്ചകൾ ഉമ്മൻ ചാണ്ടി തള്ളിയിരുന്നു. വൈക്കം സീറ്റിലും സസ്പെന്‍സ് നിലനില്‍ക്കുകയാണ്. ഡോ. പി.ആര്. സോനയെയാണ് പ്രധാനമായി പരിഗണിക്കുന്നതെങ്കിലും അവസാന നിമിഷം മാറിയേക്കുമെന്നാണ് പുതുസൂചന. എന്‍.ഡി.എയില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബി.ജെ.പിയുടെ പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ േനതാക്കൾ അറിയിക്കുന്നത്. ബി.ജെ.പി മത്സരിക്കുന്ന ഒരു മണ്ഡലത്തിലും ആരു സ്ഥാനാര്‍ഥിയാകുമെന്ന് വ്യക്തതയില്ലാത്തതിനാല്‍ പ്രചാരണരംഗത്തേക്ക് കടക്കാനേ കഴിയുന്നില്ല.
ജില്ല കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാർഥി പട്ടികക്ക് പുറത്തുള്ളവർ ചില മണ്ഡലങ്ങളിൽ ഇടംപിടിക്കുമെന്നാണ് വിവരം. ബി.ഡി.ജെ.എസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ജില്ലയിലെ മണ്ഡലങ്ങളൊന്നും ഇതിൽ ഉള്‍പ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.