വികസന താരതമ്യത്തിന് എൽ.ഡി.എഫ്, വൈകാരികതയിലൂന്നി യു.ഡി.എഫ്
text_fieldsകോട്ടയം: പുതുപ്പള്ളിയിൽ വികസനത്തിന്റെ വിവിധ തലങ്ങൾ ചർച്ചയാക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും. ഉമ്മൻ ചാണ്ടിയെന്ന വൈകാരികത വിടാതെ യു.ഡി.എഫ്.
പ്രചാരണത്തിന്റെ തുടക്കത്തിൽ ഉന്നയിച്ച പുതുപ്പള്ളിയിലെ വികസന വിഷയത്തിൽ മറ്റ് മണ്ഡലങ്ങളുമായുള്ള താരതമ്യത്തിന് യു.ഡി.എഫിനെ വെല്ലുവിളിക്കുകയാണ് എൽ.ഡി.എഫ്. പുതുപ്പള്ളിക്ക് സമീപമുള്ള പതിറ്റാണ്ടുകൾ കെ.എം. മാണി എം.എൽ.എയായിരുന്ന പാലായുമായുള്ള താരതമ്യത്തിന് വെല്ലുവിളിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ വി.എൻ. വാസവൻ ഈ വിഷയത്തിന് പുതിയ മാനം നൽകിയത്. വികസനത്തിൽ പുതുപ്പള്ളി വട്ടപ്പൂജ്യമാണെന്നും യു.ഡി.എഫ് നേതാവായിരുന്നെങ്കിലും കെ.എം. മാണി പാലായിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനം കൊണ്ടുവന്നതായും വാസവൻ പറഞ്ഞു.
പുതുപ്പള്ളി ഇപ്പോഴും ഗ്രാമമായി തുടരുകയാണ്. പുതുപ്പള്ളിയിൽ വികസനം എത്തിയത് പിണറായി സർക്കാറിന്റെ കാലത്താണെന്നും വാസവൻ അവകാശപ്പെട്ടു. വികസന ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വീണ്ടും സജീവമായി. വെല്ലുവിളി സ്വീകരിച്ചെങ്കിൽ യു.ഡി.എഫിന് തീയതിയും സ്ഥലവും നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. വികസനം ചർച്ച ചെയ്യാമെന്നും അതിന് മുമ്പ് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയാണ് വേണ്ടതെന്നും യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ശമ്പള കുടിശ്ശിക നൽകാത്തതും അവശ്യസാധനങ്ങൾ നൽകാത്തതും സംബന്ധിച്ചായിരുന്നു അദ്ദേഹം ചോദിച്ചത്. പുതുപ്പള്ളിയിലെ വികസനത്തെക്കാൾ സർക്കാറിന്റെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. അതിനൊപ്പം ഉമ്മൻ ചാണ്ടിയെന്ന വികാരത്തെ ഉയർത്തിക്കാട്ടാനും അവർ ഉദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൺവെൻഷനുകളിൽ പങ്കെടുത്ത യു.ഡി.എഫിന്റെ സമുന്നത നേതാക്കളൊക്കെ ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയിൽ ഊന്നിയുള്ള പ്രചാരണമാണ് നടത്തിയത്.
പുതുപ്പള്ളിയിൽ ഏതു തരത്തിലുള്ള വികസനം ചർച്ച ചെയ്യാനും തയാറാണെന്ന നിലപാടിലാണ് ബി.ജെ.പി ജില്ല പ്രസിഡന്റ് കൂടിയായ സ്ഥാനാർഥി ലിജിൻ ലാൽ. മോദിയുടെ വികസനവും സംസ്ഥാനത്തെ വികസനവും താരതമ്യം ചെയ്യുന്നത് ഉൾപ്പെടെ ഇരുമുന്നണിയുമായും സംവാദത്തിന് തയാറാണ്. മറ്റ് മുന്നണികൾ അതിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.