മഴ കാത്തിരിക്കാം, കരുതലോടെ
text_fieldsകോട്ടയം: പ്രളയത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവരുന്നവരുടെ കന്നുകാലികളെ പരിചരിക്കാൻ സംവിധാനം ഒരുക്കണമെന്ന് കാലവർഷ മുന്നൊരുക്കയോഗത്തിൽ ആവശ്യം. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ളവർ ഈ ആവശ്യമുയർത്തിയത്. കാലവർഷം നേരിടാൻ ജില്ലയിലെ വകുപ്പുകൾ സുസജ്ജമായിരിക്കണമെന്നും വാർഡ്തലത്തിൽ വരെയുള്ള മുന്നൊരുക്ക യോഗങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽക്കണ്ടുവേണം തയാറെടുപ്പുകൾ നടത്തേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മണ്ണിടിച്ചിലും നീരൊഴുക്കും കൂടുതലുള്ള സ്ഥലങ്ങളും എക്കൽ കൂടുതലായി അടിയുന്ന പ്രദേശങ്ങളും കണ്ടെത്തി അപകടങ്ങൾ കുറക്കാനുള്ള തയാറെടുപ്പുകൾ വേണം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഏകോപിപ്പിച്ച് മുന്നൊരുക്കം നടപ്പാക്കണം.
താലൂക്ക് മുതൽ വില്ലേജ് തലം വരെ പ്രതിരോധപ്രവർത്തനങ്ങൾ എത്തണം. ജില്ല ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ക്യാമ്പുകൾ വേണ്ടിവരുന്ന പ്രദേശങ്ങളിൽ ഏതൊക്കെ ക്യാമ്പുകളാകാമെന്ന് മുൻകൂട്ടി തീരുമാനിക്കണം. കുട്ടനാട്ടിലെ വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് വേണ്ടിവന്നാൽ ആളുകളെ ഒഴിപ്പിക്കാൻ ടിപ്പർ ലോറികളുടെ സഹകരണം ഉറപ്പാക്കണം.
അടിയന്തര സാഹചര്യങ്ങളെ നേരിടാനും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കാനും ഡോക്ടർമാരും ആംബുലൻസും അടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ സജ്ജമാക്കണമെന്നും മന്ത്രി നിർദേശിച്ചു. എക്സ്കവേറ്റർ, ക്രെയിൻ, മരം മുറിക്കുന്നതിനുള്ള ഉപകരണങൾ, വളന്റിയർമാർ എന്നിവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് തഹസിൽദാർമാർ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ പ്രകാരമുള്ള അനുമതിക്ക് കാക്കേണ്ടെന്നും പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നോട്ടീസ് നൽകണമെന്നും മുറിച്ചുമാറ്റിയില്ലെങ്കിൽ മരം മുറിച്ചുനീക്കി ഉടമകളിൽനിന്ന് പണം ഈടാക്കണമെന്നും തദ്ദേശവകുപ്പ് ജോ.ഡയറക്ടർ ബിനു ജോൺ അറിയിച്ചു.
വെള്ളംകയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ അടക്കമുള്ളവ ജില്ലയിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. മഴക്കാല രോഗങ്ങളെ നേരിടാൻ ജൂൺ ആദ്യവാരംതന്നെ പ്രത്യേക ക്യാമ്പുകൾ തുടങ്ങിയതായി ജില്ല മെഡിക്കൽ ഓഫിസർ എൻ. പ്രിയ അറിയിച്ചു.
സി.കെ. ആശ എം.എൽ.എ ഓൺലൈനായി പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ വി. വിഗ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, തദ്ദേശ ജോയന്റ് ഡയറക്ടർ ബിനു ജോൺ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് റെജി. പി. ജോസഫ്, ആർ.ഡി.ഒമാരായ പി.ജി. രാജേന്ദ്രബാബു, വിനോദ്രാജ്, ജില്ല മെഡിക്കൽ ഓഫിസർ എൻ. പ്രിയ, എ.ഡി.സി ജനറൽ ജി. അനീസ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജോസ് രാജൻ, മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ പി.എ. മിനിമോൾ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസ്, ജില്ല ഫയർ ഓഫിസർ റെജി വി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.