ഈ വെയിലാണ് ഇവരുടെ ചിരി; പനയക്കഴിപ്പിെല അവശേഷിക്കുന്ന പാരമ്പര്യ അലക്കുതൊഴിലാളികളാണിവർ
text_fieldsകോട്ടയം: നട്ടുച്ചവെയിലിൽ പൊള്ളിയുരുകുേമ്പാഴും ഇവരുടെ മുഖത്ത് ചിരിയാണ്. കാരണം ഈ വെയിലിലാണ് ഇവരുടെ ജീവിതം പച്ച തേടുന്നത്. വെയിലേറ്റ് വാടുേമ്പാഴാണ് ഇവരുെട സ്വപ്നങ്ങൾക്ക് തെളിച്ചമേറുന്നത്. കോട്ടയം നാഗമ്പടം ഭാഗത്തെ ട്രെയിൻ യാത്രയിൽ മീനച്ചിലാറിന് കുറുകെയുള്ള പാലത്തിനടുത്തെത്തുേമ്പാൾ കാണുന്ന സ്ഥിരം കാഴ്ചയുണ്ട്. ചുട്ടുപൊള്ളുന്ന റെയിൽപാളത്തിനിരുപുറവും നീളത്തിൽ കെട്ടിയ അയയിൽ നിരയൊപ്പിച്ച്, ആകാശത്തിലെന്ന പോൽ തൂങ്ങിയാടുന്ന വെളുത്ത വസ്ത്രങ്ങൾ. അതിനിടയിലൂടെ, തുണികൾ വിരിച്ചിട്ടും മടക്കിയെടുത്തും നഗ്നപാദരായി നീങ്ങുന്ന മൂന്നു മനുഷ്യർ.
പനയക്കഴിപ്പ് തുരുത്തിക്കാട്ട്മാലി അജി, പള്ളിപ്പുറത്തുമാലി സജി, ആദിഭവനിൽ സന്തോഷ് എന്നിവരാണിവർ. വണ്ണാർ സമുദായത്തിൽപെട്ട എട്ടുകുടുംബങ്ങളുണ്ടായിരുന്ന പനയക്കഴിപ്പിൽ അവശേഷിക്കുന്ന പാരമ്പര്യഅലക്കുതൊഴിലാളികൾ. മറ്റുള്ളവർ കൂടുതൽ മെച്ചപ്പെട്ട തൊഴിലിലേക്ക് ചേക്കേറിയപ്പോഴും കുലത്തൊഴിലിനെ ചേർത്തുപിടിക്കുകയാണ് ഇവർ. ''മെനക്കേടുള്ള ജോലിയാണ്. രാവിലെ ആറിന് തുടങ്ങിയാൽ മൂന്നുമണിയാവും തീരുേമ്പാൾ. ഇതൊന്നും ചെയ്യാൻ മക്കളെ കിട്ടില്ല. ഞങ്ങളുടെ കാലം കഴിയുന്നതുവരെ ഇങ്ങനെ പോകും''-ഭൂരിഭാഗം പേരും തൊഴിൽ വിടാനുള്ള സാഹചര്യം ആദ്യമേ വെളിപ്പെടുത്തി അജി.
രാവിലെ തുണിക്കെട്ടുകളുമായി മീനച്ചിലാറ്റിലേക്ക് ഇറങ്ങും. ആദ്യം തുണികളെല്ലാം ആറ്റിൽ അലക്കും. തുടർന്ന് ബ്ലീച്ച് മുക്കിയശേഷം വീണ്ടും അലക്കും. പിന്നീടാണ് പശ മുക്കൽ. ചൗവ്വരിയാണ് പശക്ക് ഉപയോഗിക്കുന്നത്. ചൗവ്വരി വെള്ളമൊഴിച്ച് നന്നായി വേവിക്കും. ആവശ്യമനുസരിച്ച് എടുത്ത്, തരി വീഴാതിരിക്കാൻ തുണി വെച്ച് നീലം ചേർത്ത വെള്ളത്തിലൊഴിക്കും. ഇൗ മിശ്രിതത്തിലാണ് തുണി പിഴിഞ്ഞെടുക്കുക. അയയിൽ വിരിച്ചിട്ട് ഉണങ്ങിയശേഷം ചുളിവ് മാറ്റി വെള്ളം തളിച്ച് ഇസ്തിരിയിടും. വടി പോലെയുള്ള മുണ്ടും ഷർട്ടും റെഡി. ഉടുത്തുനടക്കുേമ്പാൾ മുണ്ടിെൻറ ശബ്ദം കേൾക്കണം. അതാണ് ശരിക്കുള്ള പരുവം. കുറച്ച് തുണികൾ ഉണങ്ങുേമ്പാഴേക്കും അടുത്ത കെട്ടുമായി വീണ്ടും മീനച്ചിലാറ്റിലേക്ക്. ഇത് ആറു തവണയെങ്കിലും ആവർത്തിക്കും. താഴെ ആറ്റിൽ അലക്കി വിരിച്ചിടാൻ മുകളിലെ പാളത്തിലേക്ക് കയറലും സാഹസമാണ്. ദിവസം 100 തുണിയെങ്കിലും കിട്ടും. പക്ഷെ എല്ലാ ദിവസവും പണിയുണ്ടാവില്ല. മഴക്കാലത്ത് പട്ടിണിയാവും.
ഷർട്ടിനും മുണ്ടിനും 50 രൂപ വീതമാണ് ഇൗടാക്കുന്നത്. കറൻറിലാണ് ഇസ്തിരിയിടൽ. മാസം 3500 രൂപ വരെ ചാർജ് വരുമെന്ന് സന്തോഷ് പറയുന്നു. ''കോവിഡായതിനാൽ കല്യാണങ്ങളും ക്ഷേത്രങ്ങളിലെ പരിപാടികളുമൊക്കെ കുറവാണ്. അത്തരം സന്ദർഭങ്ങളിലാണ് കൂടുതൽ വസ്ത്രങ്ങൾ ഉണ്ടാവുക. ഇപ്പോൾ രാഷ്ട്രീയക്കാരുടെ തുണികളാണ് അധികവും. പലരും ഡ്രൈ ക്ലീനിങ്ങിലേക്ക് മാറി '' -15 വർഷമായി അലക്കുജോലി ചെയ്യുന്ന അജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.