മനം തുറക്കാതെ ജോസ്; കണ്ണുംനട്ട് മുന്നണികൾ
text_fieldsകോട്ടയം: ആശങ്കകൾക്ക് വിരാമമിട്ട് ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചെങ്കിലും, മുന്നണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ജോസ് വിഭാഗത്തിെൻറ ഒറ്റക്കുനിൽപ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രചാരണത്തിലടക്കം പുതുമ എത്തുമെങ്കിലും ജോസ് വിഭാഗം നിലപാടാണ് ജില്ലയിലെ ഇടത്-വലത് മുന്നണികൾ ഉറ്റുനോക്കുന്നത്.
നിലവിൽ ഒറ്റക്കുനിൽക്കുന്ന കേരള കോൺഗ്രസ്-എം ജോസ് വിഭാഗം തദ്ദേശതെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവരുെട തീരുമാനത്തിനായി കാത്തിരിേക്കണ്ട അവസ്ഥയിലാണ് ഇടത്-വലത് മുന്നണി നേതാക്കൾ. ഇവരുടെ നിലപാട് അറിയാതെ സീറ്റ് വിഭജനമടക്കമുള്ളതിലേക്ക് കടക്കാൻ കഴിയില്ല. ജോസ് വിഭാഗത്തെ സ്വന്തം പക്ഷത്തേക്ക് എത്തിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുേമ്പാൾ മടങ്ങിവരുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. തീരുമാനം വൈകുന്നതിനനുസരിച്ച് സീറ്റ് വിഭജന ചർച്ചകളും നീളും.
പിന്നീട് അഴിച്ചുപണിയുണ്ടാകുന്നത് ഗുണകരമല്ലാത്തതിനാൽ കാത്തിരിക്കാനാണ് പൊതുധാരണ. രാജ്യസഭ തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം മുന്നണി സൂചന നൽകുമെന്നൊരു കണക്കുകൂട്ടൽ ജില്ലയിലെ നേതാക്കൾക്ക് ഉണ്ടായിരുന്നെങ്കിലും വിട്ടുനിൽക്കാൻ ഇവർ തീരുമാനിച്ചതോടെ അതും പാളി. ക്ഷീണം സംഭവിച്ച മുൻ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് മലപ്പുറത്തിനൊപ്പം ആശ്വസിക്കാന്‍ വകനല്‍കിയിരുന്നത് കോട്ടയമായിരുന്നു.
ജോസ് കെ. മാണി വിഭാഗം ഒപ്പമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഈ മേധാവിത്വം നിലനിർത്താനാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍, ജോസ് കെ. മാണിയും കൂട്ടരും ഒപ്പം വരുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മേഖലകളില്‍ ശക്തമായ തിരിച്ചുവരവാണ് എല്‍.ഡി.എഫ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരുക്കം തുടങ്ങിയെന്ന് നേതാക്കൾ
തെരഞ്ഞെടുപ്പിന് അടിത്തട്ടിൽ ഒരുക്കങ്ങൾ തുടങ്ങിയെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സി.പി.എമ്മും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സുസജ്ജമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ബൂത്ത്തലത്തില്‍ സജീവപ്രവര്‍ത്തനം നടക്കുകയാണെന്നും അറിയിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണവികാരം പരമാവധി മുതലെടുക്കാനാണ് ശ്രമിക്കുകയെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. എല്ലാ പഞ്ചായത്തിലും മെംബര്‍മാരുണ്ടാകുകയും പരമാവധി പഞ്ചായത്തുകളില്‍ അധികാരം പിടിക്കുകയുമെന്ന ലക്ഷ്യത്തില്‍ ചടുല പ്രവര്‍ത്തനങ്ങളിലാണ് ബി.ജെ.പിയും. ഫെബ്രുവരിയിൽ മുന്നണികൾ തദ്ദേശതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
എന്നാൽ, കോവിഡിൽതട്ടി പ്രവർത്തനം തണുത്തു. ഇപ്പോൾ വീണ്ടും സജീവമായെങ്കിലും അനിശ്ചിതത്വം സ്ഥാനാർഥിസാധ്യതക്കാരെ നിരാശയിലാഴ്ത്തുകയാണ്. എന്തുവിശ്വസിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. ചിഹ്നത്തിൽ തീരുമാനമാകാത്തതിൽ ഇരുകേരള കോൺഗ്രസുകളിലെയും പ്രവർത്തകർ അസ്വസ്ഥരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.