ഇനി തെരഞ്ഞെടുപ്പ് ഒരുക്കം; വാർഡ് ചിത്രം വ്യക്തം
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെ എണ്ണവും സംവരണസീറ്റുകളും പുനർനിർണയിച്ച് കരട് വിജ്ഞാപനം.
തദേശസ്ഥാപനങ്ങളിലെ സീറ്റ് വർധിപ്പിക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ഒരോ തദ്ദേശ സ്ഥാപനത്തിലെയും ആകെ സീറ്റുകൾ, സംവരണ സീറ്റുകൾ എന്നിവയുടെ എണ്ണമാണ് കരട് വിജ്ഞാപനത്തിൽ സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജില്ലയിലെ ചില പഞ്ചായത്തുകൾ ഒഴിച്ച് എല്ലായിടത്തും വാർഡുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ രണ്ട് വാർഡ് വരെയാണ് വർധന. അടുത്ത ഘട്ടത്തിലാകും പുതിയ വാർഡിന്റെ ചിത്രം വ്യക്തമാകുക. വോട്ടർമാരുടെ എണ്ണം, ഭൂപ്രകൃതി എന്നീ ഘടകങ്ങൾ പരിഗണിച്ച്, നിലവിലുള്ള വാർഡുകൾ വിഭജിച്ചാകും പുതിയത് രൂപവത്കരിക്കുക.
പുതിയ പുനർനിർണയമനുസരിച്ച് ജില്ല പഞ്ചായത്തിൽ സീറ്റുകളുടെ എണ്ണം 23 ആയി ഉയരും. ഇതിൽ 12 സീറ്റ് വനിത സംവരണമാണ്. രണ്ട് സീറ്റ് പട്ടികജാതി സംവരണമാണ്. ഇതിലൊന്ന് പട്ടികജാതി വനിതക്കായി നീക്കിവെച്ചിട്ടുണ്ട്. നിലവിൽ 22 സീറ്റുകളായിരുന്നു.
പഞ്ചായത്തുകളിൽ 616 സീറ്റ് വനിതകൾക്ക്
ജില്ലയിലെ 71 പഞ്ചായത്തിലായി 616 സീറ്റ് വനിതകൾക്ക്. അതിരമ്പുഴ, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ പഞ്ചായത്തുകളിലാണ് കൂടുതൽ വനിത സംവരണ സീറ്റുകൾ. ഇവിടെ 12 സീറ്റ് വീതമാണ് വനിതകൾക്ക് മത്സരിക്കാൻ മാറ്റിവെക്കുക. അതിരമ്പുഴ -24, ഏരുമേലി -24, കാഞ്ഞിരപ്പള്ളി -24, മുണ്ടക്കയം -23 എന്നിങ്ങനെയാണ് ഇവിടങ്ങളിലെ ആകെ സീറ്റുകൾ. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ നാല് സീറ്റ് വീതം പട്ടികവർഗ സംവരണമാണ്. ഇതിൽ രണ്ടെണ്ണം വനിതകൾക്കുമാണ്. കോരുത്തോട്, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽ ഒരോ സീറ്റ് വീതമാണ് പട്ടികവർഗത്തിന് സംവരണം ചെയ്തിരിക്കുന്നത്. തലനാട് രണ്ട് സീറ്റാണുള്ളത്. ഇതിലൊന്ന് സ്ത്രീ സംവരണമാണ്. തിരുവാർപ്പ് -19, വിജയപുരം -20, കറുകച്ചാൽ -17, കുറിച്ചി -22, മാടപ്പള്ളി -22, പായിപ്പാട് -17, തൃക്കൊടിത്താനം -22, വാഴപ്പള്ളി -22, ചിറക്കടവ് -22, കങ്ങഴ -16, കൂട്ടിക്കൽ -14, മണിമല -16, പാറത്തോട് -21, കോരുത്തോട് -14, തലയാഴം -16, ചെമ്പ് -16, മറവൻതുരുത്ത് -16, ടി.വി. പുരം -15, വെച്ചൂർ -14, ഉദയനാപുരം -18, കല്ലറ -14, പുതുപ്പള്ളി -19, കുമരകം -16, പള്ളിക്കത്തോട് -15, എലിക്കുളം -17, തിടനാട് -14, തലനാട് -14, തീക്കോയി -14, തലപ്പലം -14, പൂഞ്ഞാർ തെക്കേക്കര -15, പൂഞ്ഞാർ -14, മൂന്നിലവ് -14, മുത്തോലി -14, മേലുകാവ്-14, കടനാട് -15, ആർപ്പൂക്കര -17, അയ്മനം - 21, വെള്ളൂർ -17, തലയോലപ്പറമ്പ് -17 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ ആകെ സീറ്റുകളുടെ എണ്ണം.
കൂടുതൽ ഡിവിഷനുകൾ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ
പുതിയ ഗസ്റ്റ് വിജഞാപനമനുസരിച്ച് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ. ഇവിടെ മൊത്തം 16 ബ്ലോക്ക് ഡിവിഷനാണുള്ളത്. ഇതിൽ എട്ട് എണ്ണം വനിതകൾക്കും രണ്ടെണ്ണം പട്ടികജാതി സംവരണവും ഒന്ന് പട്ടികവർഗക്കാർക്കുമാണ്. തൊട്ടുപിന്നിൽ പാമ്പാടിയാണ്- ഇവിടെ 15 സീറ്റുണ്ട്. മറ്റ് ബ്ലോക്കുകളിലെല്ലാം 14 സീറ്റാണുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തിലായി 79 സീറ്റാണ് വനിതകൾക്ക് നീക്കിവെച്ചിരിക്കുന്നത്.
കുമരകത്തും അലക്കുന്നത്തും വാര്‍ഡുകൾ വർധിക്കില്ല
പുതിയ വിജ്ഞാപനമനുസരിച്ച് ജില്ലയിലെ 71 പഞ്ചായത്തില്‍ 57 ഇടത്ത് ഓരോ വാര്‍ഡ് വീതം വര്‍ധിക്കും. 12 പഞ്ചായത്തിൽ രണ്ട് വീതമാണ് വര്‍ധന. അതേസമയം, നിലവിലെ കണക്കനുസരിച്ച് കുമരകം, അലക്കുന്നം പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകില്ല. മുണ്ടക്കയം, വാഴൂര്‍, മണര്‍കാട്, കാണക്കാരി, തലയോലപ്പറമ്പ്, അതിരമ്പുഴ, ചിറക്കടവ്, മാടപ്പള്ളി, കുറിച്ചി, കരൂര്‍, പള്ളിക്കത്തോട്, തൃക്കൊടിത്താനം പഞ്ചായത്തുകളിലാണ് രണ്ട് വാര്‍ഡ് വീതം വര്‍ധിക്കുക. മറ്റ് പഞ്ചായത്തുകളിലെല്ലാം ഒന്ന് വീതമാകും ഉയരുക.
ജില്ല പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തിലും വര്‍ധനയുണ്ടാകുന്നത് ഓരോ വാര്‍ഡ് വീതം. വാര്‍ഡ് വര്‍ധനക്കൊപ്പം വനിത, പട്ടികജാതി, പട്ടികവര്‍ഗ സംവരണം എന്നിവയുടെ എണ്ണത്തിലും മാറ്റങ്ങളുണ്ട്. പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.