തദ്ദേശ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിനും എൽ.ഡി.എഫിനും രണ്ട് വീതം, എസ്.ഡി.പി.ഐ-ഒന്ന്
text_fieldsകോട്ടയം: ജില്ലയിലെ അഞ്ച് തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. യു.ഡി.എഫ് രണ്ട് സീറ്റുകളും എൽ.ഡി.എഫ് ഒരുസീറ്റും പിടിച്ചെടുത്തു. ഈരാറ്റുപേട്ട നഗരസഭയിൽ സിറ്റിങ് സീറ്റ് എസ്.ഡി.പി.ഐ നിലനിർത്തി. മൊത്തം അഞ്ച് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്- രണ്ട്, എൽ.ഡി.എഫ്- രണ്ട്, എസ്.ഡി.പി.ഐ-ഒന്ന് എന്നിങനെയാണ് സീറ്റുനില. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളാണ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് സ്വന്തമാക്കിയത്.
തലനാട് ഗ്രാമപഞ്ചായത്തിലെ മേലടുക്കം സീറ്റ് യു.ഡി.എഫിന് നഷ്ടമായി. ഇവിടെ എൽ.ഡി.എഫ് ജയിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡ് എൽ.ഡി.എഫ് നിലനിർത്തി. സിറ്റിങ് സീറ്റായ ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്പ് ഡിവിഷനിലാണ് എസ്.ഡി.പി.ഐ വിജയിച്ചത്.
ഡാനി ജോസ്
ആനക്കല്ല് പിടിച്ച് യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് ഡിവിഷനിൽ കോൺഗ്രസിലെ ഡാനി ജോസ് കുന്നത്ത് 1105 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ഡെയ്സി മാത്യുവിനെയാണ് പരാജയപ്പെടുത്തിയത്. ഡാനി ജോസ് കുന്നത്ത് 2946 വോട്ടും ഡെയ്സി മാത്യു 1831 വോട്ടും നേടി. എൻ.ഡി.എ സ്ഥാനാർഥി സജിനി പോളിന് 876 വോട്ട് കിട്ടി. ഡിവിഷൻ അംഗമായിരുന്ന കേരള കോൺഗ്രസ് മാണിവിഭാഗത്തിലെ വിമല ജോസഫിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കെ.കെ. ഷാജി
യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്
തലനാട്: മേലടുക്കം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്. സി.പി.എമ്മിലെ കെ.കെ.ഷാജിയാണ് 30 വോട്ടിന് വിജയിച്ചത്. മേലടുക്കം വാർഡിലെ കോൺഗ്രസ് അംഗമായിരുന്ന ചാൾസ് പി.ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കപ്പെട്ടത്. എൽ.ഡി.എഫ്-162, യു.ഡി.എഫ്- 132 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
അബ്ദുൽ ലത്തീഫ് കാരയ്ക്കാട്
കുറ്റിമരംപറമ്പ് ഡിവിഷനിൽ എസ്.ഡി.പി.ഐ
ഈരാറ്റുപേട്ട: നഗരസഭ 11ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സീറ്റ് നിലനിർത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് 44 വോട്ടുകൾക്കാണ് വിജയിച്ചത്. അബ്ദുൽ ലത്തീഫിന് 366 വോട്ടും യു.ഡി.എഫിലെ സിയാദ് കൂവപ്പള്ളിക്ക് 322 വോട്ടും സി.പി.എമ്മിലെ കെ.എൻ ഹുസൈന് 236 വോട്ടും ലഭിച്ചു.
ഇവിടെ കൗൺസിലറായിരുന്ന എസ്.ഡി.പി.ഐ അംഗം അൻസാരി ഈലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണത്തെക്കാൾ എസ്.ഡി.പി.ഐക്ക് വോട്ട് കുറഞ്ഞു. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അൻസരി ഈലക്കയത്തിന് 374 വോട്ട് ലഭിച്ചിരുന്നു. യു.ഡി.എഫിലെ പരിക്കൊച്ച് മോനിക്ക് 301 വോട്ടും സി.പി.എമ്മിലെ കെ.എൻ ഹുസൈൻ 294 വോട്ടുമായിരുന്നു അന്ന് നേടിയത്. ഉപതെരഞ്ഞെടുപ്പ് ഫലം നിലവിലെ യു.ഡി.എഫ് ഭരണത്തിന് ബാധിക്കില്ല. 28 അംഗ കൗൺസിലിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്-ഒമ്പത്, എസ്.ഡി.പി.ഐ-അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.