മാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി നാട്ടുകാര്‍
text_fieldsരാമപുരം: രാത്രി റോഡുവക്കില്‍ മാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി നാട്ടുകാര്‍. പാലാ-തൊടുപുഴ റോഡില്‍ നെല്ലാപ്പാറക്കും കുറിഞ്ഞിക്കും ഇടയില്‍ ചൂരപ്പട്ടവളവിന് സമീപം ടിപ്പർ നിറയെ മാലിന്യം തള്ളുന്നനിടയാണ് പിടിയിലായത്. നിരവധിതവണ സാനിട്ടറി മാലിന്യം, ശൗചാലയ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം, അറവുമാലിന്യം എന്നിവ ഇവര്‍ റോഡുവക്കില്‍ തള്ളിയിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ ദേശീയപാതയില്‍ ഏറ്റവും മനോഹരമായ സ്ഥലമാണ് കുറിഞ്ഞിക്കും നെല്ലാപ്പാറക്കും ഇടയിലുള്ള പ്രദേശം. വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഉള്ളതിനാല്‍ യാത്രക്കാര്‍ ഇവിടെ വിശ്രമിക്കുന്നത് പതിവാണ്.
തിങ്കളാഴ്ച രാത്രി മാലിന്യം തള്ളാന്‍ എത്തിയവരെ കിഴതിരി വാര്‍ഡ് അംഗം ജോഷി കുമ്പളത്തിന്റെ നേതൃത്വത്തില്‍ കര്മസേനപിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. മാലിന്യംതള്ളുന്നവരെ പിടികൂടാന്‍ രാത്രി പട്രോളിങ് ശക്തമാക്കുമെന്നും സി.ഐ വി.പി. ഉണ്ണികൃഷ്ണന് പറഞ്ഞു.
തൊടുപുഴ കാരിക്കോട് കൂമ്പങ്കല്ല് മലേപ്പറമ്പില്‍ സഷീറിന്റെ മകന് എം.ബി. ഷാനുമോന്റേതാണ് (36) വാഹനം.
തൊടുപുഴയിലെ സ്വകാര്യസ്ഥാപനത്തിലെ വേസ്റ്റുമായിട്ടാണ് വാഹനം എത്തിയത്. തിങ്കളാഴ്ച തന്നെ മൂന്നുലോഡ് മാലിന്യം ഇവിടെ തള്ളിയിരുന്നു. നാലാമത്തെ ലോഡ് നിക്ഷേപിക്കുന്നതിന് ഇടയിലാണ് നാട്ടുകാരുടെ പിടിയിലാകുന്നത്. പിടികൂടിയവര്‍ക്ക് 25,000 രൂപ പിഴയിട്ടതായും മാലിന്യം കോരി മാറ്റാന്‍ നിർദേശം നല്‍കിയതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന് പൊരുന്നക്കോട്ട് പറഞ്ഞു.
മാലിന്യം നിക്ഷേപിച്ചതിന് താഴെയായി നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളുണ്ട്. ഈ കിണറുകളിലേക്ക് മാലിന്യം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.