ലോക്ഡൗൺ പണി കളഞ്ഞു; തൊഴിലുറപ്പ് പണിക്കിറങ്ങി എൻജിനീയർമാർ
text_fieldsവടശ്ശേരിക്കര: കോവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട അലിമുക്കിലെ എൻജിനീയർമാർ തൊഴിലുറപ്പ് പണിയിടങ്ങളിലേക്ക്. കേരളത്തിനകത്തും പുറത്തുമായി ജോലി ചെയ്തിരുന്ന എൻജിനീയറിങ് ബിരുദധാരികൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസം നേടിയ എട്ടോളം ചെറുപ്പക്കാരാണ് തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വന്തം നാട്ടിലെ തൊഴിലുറപ്പ് ഗ്രൂപ്പിൽ ചേർന്ന് മൺവെട്ടിയും തൂമ്പയുമായി പണിക്കിറങ്ങിയത്.
നാറാണംമൂഴി പഞ്ചായത്തിലെ അലിമുക്ക് സ്വദേശികളാണ് എട്ടുപേരും. വരുമാനമില്ലാതെ ജീവിതം വഴിമുട്ടിയതോടെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഒരുകൈ നോക്കാൻ തീരുമാനിച്ചത്. ഓണത്തിനുമുമ്പ് നാറാണംമൂഴി പഞ്ചായത്ത് ഓഫിസിൽ അപേക്ഷയും നൽകി.
ബിനീഷ്, നിബിഷ്, വൈശാഖ്, ജസ്റ്റിൻ, അഖിൽ, സിജു, സോനു, ബാലു എന്നിവരുടെ അപേക്ഷ പരിഗണിക്കപ്പെട്ടതോടെ 28 വനിതകൾ മാത്രമുണ്ടായിരുന്ന അലിമുക്കിലെ തൊഴിലുറപ്പ് ഗ്രൂപ്പിനോടൊപ്പം തിങ്കളാഴ്ച മുതൽ പണിതുടങ്ങി. നാലുപേർ വിവിധ വിഷയത്തിൽ എൻജിനീയറിങ് കഴിഞ്ഞവരും നാലുപേർ മറ്റു വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്. ഏഴുപേരും കേരളത്തിനകത്തും പുറത്തും പ്രശസ്ത കമ്പനികളിൽ ജോലിനോക്കിവരികെയാണ് ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെടുന്നത്. കോവിഡ് പ്രതിസന്ധികൾ കഴിഞ്ഞ് കമ്പനികൾ തിരികെവിളിക്കും എന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.