മനസ്സ് തുറക്കാതെ പൂഞ്ഞാർ, പ്രതീക്ഷയർപ്പിച്ച് മുന്നണികൾ
text_fieldsമുണ്ടക്കയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലനിന്ന പൂഞ്ഞാര്‍ അസംബ്ലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇതുവരെയായി മനസ്സ് തുറന്നിട്ടില്ല. പ്രവര്‍ത്തനംകൊണ്ട് മുന്നണികളെല്ലാം മുന്നിലാണെന്ന് സ്വയം അവകാശപ്പെടുന്ന മണ്ഡലം വലതിന് അനുകൂലമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഒന്നാംസ്ഥാനത്തും വലതുമുന്നണി മൂന്നാംസ്ഥാനത്തും എത്തിയ ഇവിടെ മണ്ഡലം ഒപ്പംനിര്‍ത്താന്‍ കഠിനാധ്വാനത്തിലാണ് സ്ഥാനാർഥികളും പ്രവര്‍ത്തകരും. നിയോജക മണ്ഡലത്തിലെ എരുമേലി, കോരുത്തോട്, തീക്കോയി ഗ്രാമപഞ്ചായത്തുകളും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട്, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകള്‍ ഭരിക്കുന്നത് ഇടത് മുന്നണിയാണ്. എന്നാല്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണയിലാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്.
പത്തനംതിട്ട മണ്ഡലം രൂപവത്കരണത്തിനുശേഷം യുഡി.എഫിന് തന്നെയാണ് മുന്‍തൂക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണവും എം.എല്‍.എ സ്ഥാനവും ഇടത് മുന്നണിക്ക് അനുകൂലമായത് ഇടതിന് അനുകൂലമായിരിക്കുമെന്നാണ് എല്‍.ഡി.എഫ് ക്യാമ്പുകളിലെ വിശ്വാസം. പൂഞ്ഞാര്‍ മണ്ഡലം ഉണ്ടായതിനുശേഷം ഏറ്റവും കൂടുതല്‍കാലം എം.എല്‍.എയായിരുന്ന പി.സി. ജോര്‍ജിന്റെ ചേരിമാറ്റം എല്ലാ തെരഞ്ഞെടുപ്പിലും ചര്ച്ചയാകാറുണ്ടങ്കിലും ഇക്കുറി സംഘ്പരിവാര്‍ ബന്ധമാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. പൂഞ്ഞാറില്‍ സ്കൂള്‍വിദ്യാർഥികളുടെ വാഹനം വികാരിയെ തട്ടിയതുമായി ഉണ്ടായ സംഭവം ആര്‍ക്ക് അനുകൂലമാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍, തെരഞ്ഞെടുപ്പുവരെ വിഷയം ഒഴിവാക്കാനാണ് ഇരുമുന്നണിയുടെയും തീരുമാനം.
എന്നാല്‍, ക്രൈസ്തവര്‍ക്കിടയില്‍ ഇത് ചര്‍ച്ചചെയ്ത് വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം എന്‍.ഡി.എ നടത്തിവരുന്നുണ്ട്. സഭാനേതാക്കള്ക്കിടയിലെ പി.സി. ജോര്‍ജിന്റെ സ്വാധീനം പ്രയോജനപ്പെടുത്താനാണ് ഇവരുടെ ശ്രമം. മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ ആന്റോ ആന്റണി അനാവശ്യമായി ഇടപെട്ടുവെന്ന വിഷയം താൽക്കാലികമായി വെടിനിര്‍ത്തിയത് ആന്റോക്ക് അനുകൂലമാകും. മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, എരുമേലി പഞ്ചായത്തുകളില്‍ യു.ഡി.എഫിന് പ്രയോജനമാക്കാനാകുമെന്ന് പ്രതീക്ഷിക്കുമ്പോഴും പാറത്തോട്ടിലെ കോണ്‍ഗ്രസിന്റെ സംഘടന ദൗര്‍ബല്യം കാര്യമായി തന്നെ പ്രതികൂലമാകാനാണ് സാധ്യത. കൂടാതെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയുടെ സ്വന്തം പഞ്ചായത്തുകൂടിയാണ് പാറത്തോട്. എം.എല്‍.എയുടെ സ്വാധീനം പ്രയോജനപ്പെടുത്തുമെന്നു എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. തുല്യബലമുള്ള എരുമേലി ഇടതിന് മുന്നിലെത്താമെന്നുള്ള പ്രതീക്ഷ അവര്‍ കൈവിട്ടിട്ടില്ല. സി.പി.എം നേതൃത്വം നല്കുന്ന മുണ്ടക്കയം പഞ്ചായത്ത് പരിധി യു.ഡി.എഫിന് അനകൂലമാകാനാണ് സാധ്യത.
വന്യമൃഗശല്യം മൂലം ജീവിതം പൊറുതിമുട്ടിയ കോരുത്തോടുകാര്‍ സര്ക്കാറിനെതിരാകുമെന്ന് യു.ഡി.എഫും ഒന്നും ഇടപെടാത്ത എം.പിക്കെതിരായിരിക്കും ജനവികാരമെന്നും ഇടതുപക്ഷവും വിലയിരുത്തുന്നു. കര്‍ഷകരുടെ രോദനം മനസ്സിലാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതിന് കോരുത്തോടുകാര്ക്കിടയില് കൊടിയുടെ നിറം പ്രശ്നമാകില്ലെന്നാണ് യുവവോട്ടര്‍മാര്‍ പ്രചരിപ്പിക്കുന്നത്. എ.കെ. ആന്റണിയുടെ മകനെന്ന പേരില്‍ വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയില്‍ രംഗത്തുവന്ന അനില്‍ കെ. ആന്റണി കാര്യമായ ചലനമൊന്നും കര്‍ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടില്ല. മറിച്ച് പി.സി. ജോര്‍ജ് ബി.ജെ.പി സ്ഥാനാർഥിയായി എത്തിയാല്‍ ആന്റോ ആന്റണി അല്പം വിയര്‍ക്കുമെന്ന് ഭയന്ന ആശങ്ക ഉണ്ടായത് അനിലിന്റെ വരവോടെ മാറ്റിയിട്ടുണ്ട്. സി.പി.എമ്മിന് സംഘടനാസംവിധാനങ്ങളുള്ള പൂഞ്ഞാറിലെ വിവിധ പഞ്ചായത്തുകള്‍ തോമസ് ഐസക്കിലൂടെ വോട്ടാക്കി മാറ്റാനുള്ള കടുത്ത ശ്രമമാണ് ഇടതുമുന്നണി നടത്തുന്നത്.
2021ലെ പ്രളയത്തില്‍ കാര്യമായ നഷ്ടങ്ങളുണ്ടായ പൂഞ്ഞാറില്‍ എല്ലാവരും ഒഴികിയെത്തി രക്ഷാസഹായം ചെയ്തെങ്കിലും എം.പി എന്ന നിലയില്‍ ആന്റോ ആന്റണി ജനത്തിന് പ്രയോജനമുണ്ടായില്ലെന്ന സി.പി.എം പ്രചാരണം ഏറെ ചര്‍ച്ചയായിട്ടുണ്ട്. പ്രളയാനന്തര വിഷയത്തില്‍ എം.പി പരാജയമായിരുന്നുവെന്നത് വോട്ടര്മാരിലെത്തിക്കാന് ഇടത് മുന്നണിക്കു കഴിയുമ്പോഴും സി.പി.എം 25 കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കിയതും ചര്‍ച്ചയാകുന്നു. പ്രളയത്തില്‍ ഒന്നും സംഭവിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് വീടുവെച്ചു നല്‍കിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ വാദം. പ്രളയഘട്ടത്തില്‍ എം.എല്‍.എയുടെ കാര്യമായ ഇടപെടലുണ്ടായെന്നും ശേഷം കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനായെന്ന പ്രചാരണത്തില്‍ ഇടതുമുന്നണി തോമസ് ഐസക്കിന് വോട്ടായി മാറ്റാനാകുമെന്നാണ് ഇടത് ക്യാമ്പിൽ വിശ്വസിക്കുന്നത്. പൂഞ്ഞാറിലെ കാറ്റ് എങ്ങോട്ട് വീശുന്നുവെന്നതാണ് പത്തനംതിട്ട മണ്ഡലം വിജയം നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍, കാറ്റിനെ തങ്ങളിലേക്ക് തിരിച്ചുവിടാനുള്ള ഓട്ടത്തിലാണ് ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.